‘വീരം ഈ വിജയം’; പാകിസ്താനെ 124 റണ്‍സിന് തകര്‍ത്ത് ഇന്ത്യ

വിരാട് കോലി വിജയാഹ്ലാദത്തില്‍

ലണ്ടന്‍ : ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യക്ക് വിജയത്തുടക്കം. ചാംപ്യന്‍മാരുടെ പോരാട്ടം പുറത്തെടുത്ത ഇന്ത്യ 124 റണ്‍സിനാണ് പാകിസ്ഥാനെ തോല്‍പ്പിച്ചത്. ജയിക്കാന്‍ 289 റണ്‍സിന്‍റെ കടമ്പ കടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍റെ പോരാട്ടം 164 റണ്‍സിന് അവസാനിച്ചു. ഡെക്ക് വര്‍ക്ക് ലൂയിസ് നിയമപ്രകാരം പാകിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് 41 ഓവറില്‍ 289 റണ്‍സായിരുന്നു.

കരുതലോടെ തുടങ്ങിയ പാകിസ്ഥാന് ഒമ്പതാം ഓവറിലാണ് ആദ്യ വിക്കറ്റ് നഷ്ടമായത്. 12 റണ്‍സ് എടുത്ത അഹമ്മദ് ഷെഹ്സാദിനെ ഭുവനേശ്വര്‍ കുമാര്‍ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 65 പന്തില്‍ 50 റണ്‍സെടുത്ത അസ്ഹര്‍ അലിയാണ് പാക് നിരയില്‍ ചെറുത്ത് നില്‍പ് നടത്തിയത്. മുഹമ്മദ് ഹഫീസ് 33 റണ്‍സെടുത്തിരുന്നു. ഇന്ത്യന്‍ നിരയില്‍ ഉമേഷ് യാദവ് മൂന്നും, ഹര്‍ദ്ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മ്മ(91), ശിഖര്‍ ധവാന്‍(68), നായകന്‍ വിരാട് കൊഹ്ലി(81),യുവരാജ് സിംഗ് (53) എന്നിവരുടെ ചിറകിലേറിയായിരുന്നു ഇന്ത്യ മികച്ച സ്കോര്‍ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനറങ്ങിയ ഇന്ത്യ കരുതലോടെ തുടങ്ങിയെങ്കിലും പിന്നീട് കത്തിക്കയറുകയായിരുന്നു.

അവസാന ഓവറില്‍ തകര്‍ത്താടിയ ഹര്‍ദ്ദിക് പാണ്ഡ്യ ആയിരുന്നു ഇന്ത്യന്‍ സ്കോര്‍ 300 കടത്തിയത്.അവസാന നാലോവറില്‍ മാത്രം 72 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്. പാക് ബോളര്‍മാരില്‍ 8.4 ഓവറില്‍ 87 റണ്‍സ് വിട്ടുകൊടുത്ത വഹാബ് റിയാസായിരുന്നു ഇന്ത്യന്‍ ബാറ്റിംഗിന്‍റെ ചൂട് കൂടുതല്‍ അറിഞ്ഞത്. ചാമ്പ്യന്‍സ് ട്രോഫിയുടെ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ബോളറായി റിയാസ് മാറി. വെടിക്കെട്ടോടെ 32 പന്തില്‍ 53 റണ്‍സെടുത്ത യുവരാജ് സിംഗാണ് കളിയിലെ താരം.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇരു ടീമുകളും ഏറ്റുമുട്ടന്നത് നീണ്ട രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധം വഷളായിരിക്കുന്ന സാഹചര്യത്തില്‍, മത്സരത്തെ ഏറെ ആകാംക്ഷയോടെയാണ് കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്. അതിര്‍ത്തിയിലെ  നിലയ്ക്കാത്ത വെടിയൊച്ച, കുല്‍ഭൂഷണ്‍ ജാദവിന്റെ മോചനം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കളം വാഴുമ്പോഴാണ്, ചിരവൈരികള്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയത്.

DONT MISS
Top