‘ലൂസിഫര്‍ പൂര്‍ണ എന്റര്‍ടൈനര്‍’, സിനിമ 2018 മെയില്‍ തീയറ്ററിലെത്തും

പ്രിഥ്വിരാജും മോഹന്‍ലാലും

കൊച്ചി: മലയാള സിനിമ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലൂസിഫറിനെ. പ്രിഥ്വിരാജ് സംവിധായകനും മോഹന്‍ലാല്‍ നായകനുമാകുന്ന ലൂസിഫര്‍ 2018 മെയില്‍ തീയറ്ററുകളിലെത്തുമെന്ന് സിനിമയുടെ തിരക്കഥാകൃത്തായ മുരളീ ഗോപി വ്യക്തമാക്കി. റിപ്പോര്‍ട്ടറിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലായിരുന്നു മുരളിയുടെ പ്രതികരണം. സിനിമ ഇപ്പോളും എഴുതിത്തുടങ്ങിയിട്ടില്ല. ഇപ്പോള്‍ താന്‍ രണ്ട് സിനിമകളില്‍ അഭിനയിക്കുകയാണ്, അത് കഴിഞ്ഞ് എഴുത്ത് തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. കഥ ധാരണയായിട്ടുണ്ട്, അത് പേപ്പറിലാക്കുന്ന ജോലിയാണ് ബാക്കിയുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

സിനിമ പൂര്‍ണമായും ഒരു എന്റര്‍ടൈനറായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലയാളം കണ്ട എക്കാലത്തെയും മികച്ച സൂപ്പര്‍താരമാണ് മോഹന്‍ലാല്‍. അതിനാല്‍ തന്നെ വലിയ സമ്മര്‍ദമുണ്ട് തന്റെ മേല്‍. ഫാന്‍ പ്രഷര്‍ വല്ലാതെയുണ്ട്. ദിവസവും ഫെയ്‌സ്ബുക്കില്‍ ലൂസിഫറിനെക്കുറിച്ച് അന്വേഷിക്കുന്ന 10-25 മെസേജുണ്ടാകും. സിനിമ എങ്ങനെയായി, എങ്ങിനെയുള്ള സിനിമയാകും എന്നെല്ലാമാണ് അവര്‍ക്ക് അറിയേണ്ടത്. അതിനാല്‍ തന്നെ വലിയ വലിയ ചുമതലയാണ് തന്റെ ചുമലിലുള്ളതെന്നും അദ്ദേഹം പറയുന്നു. എന്റര്‍ടൈന്‍മെന്റും കണ്ടന്റും തമ്മിലൊരു പാലമിടാനാണ് താനെന്നും ആഗ്രഹിക്കുന്നത്. ഇവിടെ വലിയ വെല്ലുവിളിയാണ് തനിക്ക് മുന്നിലുള്ളത്. ലാലെന്ന നടനെയും താരത്തെയും തൃപ്തിപ്പെടുത്തണം. അതോടൊപ്പം കണ്ടന്റിനെ കോംപ്രമൈസ് ചെയ്യുകയുമരുത് . ഇതൊരു വലിയ വെല്ലുവിളിയാണെന്നും മുരളീഗോപി വ്യക്തമാക്കി.

ടിയാന്‍ എന്ന തന്റെ ഈദ് ചിത്രം പാന്‍ ഇന്ത്യന്‍ സിനിമയായിരിക്കും. പൂര്‍ണമായും കേരളത്തിന് പുറത്ത് പക്ഷെ, ഇന്ത്യയ്ക്കകത്താണ് സിനിമ ചിത്രീകരിച്ചത്. രാജ്യത്തിന്റെ ഇപ്പോളത്തെ സാമൂഹിക രാഷ്ട്രിയത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. മലയാളിക്ക് രാജ്യത്തോട് പറയാനുള്ളതാണ് ഈ സിനിമ. ഹിന്ദിയുടെ നാട്ടിലാണ് കഥ വിടരുന്നത്. മലയാളിക്ക് ഹിന്ദിയുടെ നാട്ടിനോട് എന്തു പറയാനുണ്ട് എന്നതാണ് താന്‍ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ റിയലിസം ലോകത്തിലെ മറ്റ് റിയലിസങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. ഇന്ത്യന്‍ റിയലിസത്തെക്കുറിച്ചുള്ള അന്വേഷണമാണ് സിനിമ രൂപപ്പെടുത്തിയത്. അതിനെ കാണുന്ന സിനിമയാണ് ടിയാനെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ എല്ലാ കഥാപാത്രങ്ങളും വ്യത്യസ്തമാകണമെന്ന് ആഗ്രഹിക്കുന്നയാളാണ്. അതിനാല്‍ തന്നെ ആകെ 17-18 സിനിമകള്‍ മാത്രമാണ് ആകെ ചെയ്തത്. അതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ് ഈ ചിത്രമെന്നും അദ്ദേഹം വ്യക്തമാക്കി.

താന്‍ സംഘപരിവാറുകാരനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ ഒരു രാഷ്ട്രീയത്തിലുമില്ല. എല്ലാ രാഷ്ട്രീയത്തോടും വ്യക്തിപരമായി അകന്നുനില്‍ക്കുന്നു. ടിയാന്‍ പോലുള്ള സിനിമകള്‍ അത് പ്രഖ്യാപിക്കും. കലാകാരന്‍ രാഷ്ട്രീയപ്രസ്ഥാനവുമായി കൈകോര്‍ക്കരുതെന്നാണ് വ്യക്തിപരമായി തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു. പിന്നെകലോപാസന പ്രസക്തമാകില്ല. ഭരത് ഗോപി അവസാനകാലത്ത് ആര്‍എസ്എസ് വേദികളിലെത്തിയത് അച്ഛന്റെ സ്വാതന്ത്ര്യമാണ്. കലാകാരന്‍ അങ്ങനെ ചെയ്യുന്നതിനോട് തനിക്ക് യോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജേര്‍ണലിസത്തെ അളക്കുന്നതുപോലെ സിനിമയെ അളക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഫിക്ഷനാണ് സിനിമയില്‍ പലതും. കാഴ്ചയിലാണ് മുന്‍വിധിയുള്ളത്. ‘ഈ അടുത്തകാലത്ത്’ എന്ന സിനിമയില്‍ ഒരു നഗരത്തിന്റെ വ്യത്യസ്ത കാഴ്ചകളാണ് അവതരിപ്പിച്ചത്. താന്‍ കണ്ടിട്ടുള്ള കാഴ്ചകളില്‍ എഡിറ്റിംഗില്ല. ആ കാഴ്ചകളാണ് സിനിമയിലുമുള്ളത്. വിജയിക്കാന്‍ സാധ്യതയ്ക്ക് വേണ്ടി ചേരുവ ചേര്‍ത്ത് എഴുതാറില്ല. ആര്‍എസ്എസ് ശാഖ കാണിച്ചതുകൊണ്ട് അത് ആര്‍എസ്എസ് സിനിമയാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ കൈതേരി സഹദേവന്‍ പിണറായി വിജയനാണോ എന്ന ചോദ്യത്തിന് അങ്ങനെയല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കൈതേരി സഹദേവനെ പിണറായിയായി കണ്ടാല്‍ തെറ്റുപറയില്ല. ആ കഥാപാത്ര സൃഷ്ടിയില്‍ ഒരുപാട് ആളുകള്‍ സ്വാധീനിച്ചിട്ടുണ്ട്. കൈതേരിയുടെ ചരിത്രമായി സിനിമയില്‍ പറയുന്നത് ലെനിന്റെ കുട്ടിക്കാലത്തെ കഥയാണ്. എന്നും ഇടതുപക്ഷത്ത് രണ്ട് പക്ഷമുണ്ട്. അതാണ് സിനിമയിലുമുള്ളത്. സിനിമയുടെ രാഷ്ട്രീയമെന്തെന്ന് സിനിമ കാണുന്നവര്‍ മനസിലാക്കുന്നുണ്ട്. കൈതേരിയെ എല്ലാ രീതിയിലും വായിക്കുന്നതിനെ സ്വാഗതം ചെയ്യുന്നു. കഥാപാത്രത്തിലൂടെ പിണറായിയെ ഭീകരനാക്കാന്‍ ശ്രമിച്ചിട്ടില്ല. വ്യക്തിപരമായി ആരെയും കണ്ടല്ല കഥാപാത്രത്തെ സൃഷ്ടിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. റിപ്പോര്‍ട്ടറിന്റെ മീറ്റ് ദി എഡിറ്റേഴ്‌സിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

DONT MISS
Top