ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാകിസ്താന്‍ ക്രിക്കറ്റ് മാച്ച് സംപ്രേഷണം ചെയ്യില്ലെന്ന് സീ മീഡിയ

പ്രതീകാത്മകചിത്രം

ദില്ലി: ഐസിസി ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ-പാകിസ്താന്‍ മാച്ച് ബഹിഷ്‌കരിക്കുമെന്ന് സീ മീഡിയ. സീ മീഡിയയുടെ ഉടമയായ എസ്സെല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സുഭാഷ് ചന്ദ്രയാണ് ഇക്കാര്യം അറിയിച്ചത്. സീ മീഡിയയുടെ പത്രങ്ങളോ ന്യൂസ് ചാനലുകളോ മാച്ച് സംപ്രേഷണം ചെയ്യില്ലെന്നാണ് സുഭാഷ് ചന്ദ്ര അറിയിച്ചത്. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണയായാണ് പാകിസ്താനുമായുള്ള ഇന്ത്യയുടെ മാച്ച് സീ മീഡിയ ബഹിഷ്‌കരിക്കുന്നത് എന്നും സുഭാഷ് ചന്ദ്ര വ്യക്തമാക്കി. സീ മീഡിയയുടെ സീ ന്യൂസ്, സീ ഹിന്ദുസ്ഥാന്‍, വേള്‍ഡ് ഈസ് വണ്‍ ന്യൂസ്, ഡിഎന്‍എ എന്നീ മാധ്യമങ്ങള്‍ ക്രിക്കറ്റ് മാച്ച് സംബന്ധിച്ച ഒരു വാര്‍ത്ത പോലും സംപ്രേഷണം ചെയ്യില്ല.

പാക് സൈന്യം തലയറുത്ത് കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാന്‍ പ്രേം കുമാറിന്റെ കുടുംബം ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യന്‍ ടീം മാച്ചില്‍ നിന്ന് പിന്മാറണമെന്ന് ജവാന്റെ കുടുംബം മോദിയോട് ആവശ്യപ്പെട്ടിരുന്നു. തീവ്രവാദവും സമാധാന ചര്‍ച്ചകളും ഒരുമിച്ച് പോകില്ലെന്ന് ഗവണ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട്, അപ്പോള്‍ എങ്ങനെയാണ് തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകുക എന്ന് രാജ്യസഭാ എംപി കൂടിയായ ചന്ദ്ര ചോദിച്ചു.

പാകിസ്താന്‍ താരങ്ങളെ പ്രൊഡ്യൂസര്‍മാര്‍ ഇപ്പോള്‍ അഭിനയിപ്പിക്കാറില്ല. അതേ പോലെ പാകിസ്താന്‍ ഇന്ത്യന്‍ ടിവി പരിപാടികളും നിരോധിച്ചിട്ടുണ്ട്. ഈയിടെയുണ്ടായ കാബൂള്‍ ആക്രമണത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനിസ്താന്‍ പാകിസ്താനുമായുള്ള ക്രിക്കറ്റ് മാച്ച് ബഹിഷ്‌കരിച്ചു, അപ്പോള്‍ എന്തുകൊണ്ട് ഇന്ത്യയ്ക്ക് പാകിസ്താനുമായുള്ള ക്രിക്കറ്റ് മാച്ച് ബഹിഷ്‌കരിച്ചുകൂടാ എന്നും ചന്ദ്ര ചോദിച്ചു. ശത്രുക്കളോട് ക്രിക്കറ്റില്‍ ഏറ്റുമുട്ടുമ്പോള്‍ ചാനല്‍ യഥാര്‍ത്ഥ ഹീറോകളുടെ കഥകള്‍ സംപ്രേഷണം ചെയ്യുമെന്നും ചന്ദ്ര അറിയിച്ചു.
“ബാറ്റുകള്‍ക്കും ബോളുകള്‍ക്കും ബോംബുകള്‍ക്കും ഒരുമിച്ച് പോകാന്‍ കഴിയില്ല” എന്ന് സീ ന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരി ട്വീറ്റ് ചെയ്തു.

DONT MISS
Top