“ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ കളിക്കരുത്”; പാക് സൈന്യം തലയറുത്ത ബിഎസ്എഫ് ജവാന്റെ കുടുംബം, ഹിന്ദുസേന വിരാട് കോഹ്‌ലിയുടെ കോലം കത്തിച്ചു

ഇന്ത്യ-പാക് ക്രിക്കറ്റിനെതിരെ ഹിന്ദു സേനയുടെ പ്രതിഷേധം

ലഖ്‌നൗ: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ പാകിസ്താനെതിരെ കളിക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. പാക് സൈന്യം തലയറുത്ത് കൊലപ്പെടുത്തിയ ബിഎസ്എഫ് ജവാന്‍ പ്രേം സാഗറിന്റെ കുടുംബമാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് പാകിസ്താനെതിരായ മല്‍സരത്തില്‍ നിന്നും പിന്മാറാന്‍ നിര്‍ദേശിക്കണമെന്ന് ജവാന്റെ കുടുംബം അഭ്യര്‍ത്ഥിച്ചത്.

“ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്താനെതിരെ കളിക്കുന്നതിനെ ഞങ്ങള്‍ എതിര്‍ക്കുകയാണ്. പാക് സൈന്യത്തിന്റെ ക്രൂരതയില്‍ വേദനിക്കുന്ന ജവാന്റെ കുടുംബത്തിന്റെ വികാരം കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം. ക്രിക്കറ്റെന്നല്ല, പാകിസ്താനുമായി ഒരു ബന്ധവും വേണ്ട”. കൊല്ലപ്പെട്ട ജവാന്‍ പ്രേം സാഗറിന്റെ മകന്‍ ഈശ്വര്‍ ചന്ദ്ര പറഞ്ഞു.
ഒരുമാസം മുമ്പാണ് ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറില്‍ വെച്ച് പാക് സേനയുടെ ആക്രമണത്തില്‍ ബിഎസ്എഫ് ഹെഡ് കോണ്‍സ്റ്റബില്‍ പ്രേം സാഗറും, ജവാന്‍ സുബേദാര്‍ പരംജിത് സിംഗും കൊല്ലപ്പെട്ടത്. അതിര്‍ത്തിയില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ഇവര്‍ക്കെതിരെ പാക് സൈന്യം റോക്കറ്റുകള്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

കൊല്ലപ്പെട്ട ഇരുവരുടെയും മൃതദേഹങ്ങള്‍ തലയറുത്തുമാറ്റുകയും വികൃതമാക്കുകയും ചെയ്തിരുന്നു.

പാകിസ്താനെതിരെ ക്രിക്കറ്റ് കളിക്കാനുള്ള നീക്കത്തിനെതിരെ ഹിന്ദു സേനയും രംഗത്തെത്തി. അതിര്‍ത്തിയില്‍ പാക് പിന്തുണയോടെയുള്ള ഭീകരാക്രമണങ്ങളെ സൈന്യം ചെറുക്കുമ്പോള്‍, പാകിസ്താനെതിരെ ക്രിക്കറ്റ് കളിക്കുന്നതിനെ അനുകൂലിക്കാനാകില്ലെന്ന് ഹിന്ദുസേന പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു. ക്രിക്കറ്റ് കളിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടെയും ബിസിസിഐ ഇടക്കാല ഭരണസമിതി അധ്യക്ഷന്‍ വിനോദ് രായിയുടെയും കോലം കത്തിച്ചു.

DONT MISS
Top