സുഖോയ് വിമാനാപകടം: അച്ചുദേവിന്റെ മൃതദേഹം സംസ്‌കരിച്ചു

അച്ചുദേവിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നു

തിരുവനന്തപുരം : പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റ് അച്ചുദേവിന്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അച്ചുദേവിന് ആദരമര്‍പ്പിക്കാന്‍ നിരവധിപേരാണ് എത്തിയത്. തിരുവനന്തപുരത്തെ ശ്രീകാര്യത്തെ വീട്ടില്‍ പൊതു ദര്‍ശനത്തിന് വെച്ച ശേഷം ശനിയാഴ്ച രാവിലെയാണ് മൃതദേഹം കോഴിക്കോട്ടെ വീട്ടിലെത്തിച്ചത്.

കോയമ്പത്തൂര്‍ വ്യോമസേന കേന്ദ്രത്തില്‍ നിന്നുമുള്ള സൈനികനാണ് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. സമ്പൂര്‍ണ സൈനിക ബഹുമതികളോടെയായിരുന്നു സംസ്‌കാരം. വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ,  സംസ്ഥാനസര്‍ക്കാരിന് വേണ്ടി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അച്ചുദേവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തി. എംകെ രാഘവന്‍ എംപി, എംഎല്‍എ മാരായ എ പ്രദീപ് കുമാര്‍, പിടിഎ റഹീം, കെ മുരളീധരന്‍, ജില്ലാ കളക്ടര്‍ യുവി ജോസ് എന്നിവരും ആദരാജ്ഞലികള്‍ അര്‍പ്പിച്ചു.

മൃതദേഹത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചിരുന്നു  തിരുവനന്തപുരം പോങ്ങുംമൂട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി, അച്ചുദേവിന്റെ അച്ഛന്‍ സഹദേവനേയും അമ്മ ജയശ്രീയേയും സന്ദര്‍ശിച്ചിരുന്നു.

മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ്, അച്ചുദേവിന്റെ കൂടെ വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ചയാണ് ഇരുവരുടെയും മരണം വ്യോമസേന സ്ഥിരീകരിക്കുന്നത്.

DONT MISS
Top