സുഖോയ് വിമാനാപകടം: അച്ചുദേവിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍ അച്ചുദേവിന് അന്ത്യോഞ്ജലി അര്‍പ്പിക്കുന്നു

കോഴിക്കോട്: അസമില്‍ വ്യോമസേനാ വിമാനം തകര്‍ന്ന് മരിച്ച പൈലറ്റ് അച്ചുദേവിന്റെ മൃതദേഹം ഇന്ന് കോഴിക്കോട്ടെ വസതിയില്‍ സംസ്‌കരിക്കും. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരം അര്‍പ്പിച്ചിരുന്നു. ഈ മാസം 23 ന് ഉണ്ടായ അപകടത്തില്‍ അച്ചുദേവും സഹപൈലറ്റും കൊല്ലപ്പെടുകയായിരുന്നു.

രാവിലെ പതിനൊന്നു മണിയോടെ പ്രത്യേക വിമാനത്തില്‍ മൃതദേഹം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിക്കും. പന്തീരങ്കാവിലെ വീട്ടുവളപ്പില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച ശേഷം ഔദ്യോഗിക ബഹുമതികളാടെ സംസ്‌കാര ചടങ്ങുകള്‍ നടക്കും.

മെയ് 23നാണ് സുഖോയ് 30 വിമാനം ആസാം-അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കാണാതായത്. പരിശീലന പറക്കലിനിടെ വിമാനം മലഞ്ചെരുവില്‍ തകര്‍ന്നുവീഴുകയായിരുന്നു. തുടര്‍ന്ന് മെയ് 26 നാണ് ചൈനീസ് അതിര്‍ത്തിയിലുള്ള കൊടുംവനത്തില്‍ നിന്നാണ് വിമാനാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നത്. 31 ന് രണ്ട് പൈലറ്റുമാരുടെ മൃതദേഹങ്ങളും കണ്ടുകിട്ടി. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡറാണ് മറ്റൊരാള്‍.

DONT MISS
Top