സുഖോയ് വിമാനാപകടം : അച്ചുദേവിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ അച്ചുദേവിന്റെ മാതാപിതാക്കള്‍ക്കൊപ്പം

തിരുവനന്തപുരം : പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം തകര്‍ന്ന് മരിച്ച വ്യോമസേന പൈലറ്റ് അച്ചുദേവിന്റെ മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്ത്യോപചാരമര്‍പ്പിച്ചു.  തിരുവനന്തപുരം പോങ്ങുംമൂട്ടിലെ വസതിയിലെത്തിയ മുഖ്യമന്ത്രി, അച്ചുദേവിന്റെ അച്ഛന്‍ സഹദേവനേയും അമ്മ ജയശ്രീയേയും ആശ്വസിപ്പിച്ചു.

രാവിലെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവന്ന മൃതദേഹം  വ്യോമസേന അധികൃതരും ബന്ധുക്കളും ചേര്‍ന്നു  ഏറ്റുവാങ്ങി. വ്യോമസേനാ ഉദ്യോഗസ്ഥര്‍ക്ക് പുറമെ, മന്ത്രി കടകംപള്ളി സുരേന്ദ്രനും രാവിലെ അച്ചുദേവിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.  ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വയ്ക്കും.

പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. അവിടെ അന്ത്യകര്‍മ്മങ്ങള്‍ക്ക് ശേഷം, ഉച്ചയോടെ  പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌ക്കാരം നടക്കും.

മെയ് 21നാണ് പരിശീലന പറക്കലിനിടെ സുഖോയ്-30 വിമാനം അരുണാചല്‍പ്രദേശില്‍ കാണാതായത്. ഉത്തരേന്ത്യക്കാരനായ സ്‌ക്വാഡ്രന്‍ ലീഡര്‍ ദ്വിവേഷ് പങ്കജാണ്, അച്ചുദേവിന്റെ കൂടെ വിമാനത്തിലുണ്ടായിരുന്നത്. ബുധനാഴ്ചയാണ് ഇരുവരുടെയും മരണം വ്യോമസേന സ്ഥിരീകരിക്കുന്നത്.

DONT MISS
Top