“ശരിക്കൊപ്പം ചങ്കുറപ്പോടെ കേരളം നിന്നതിന്റെ 10 തിളക്കമാര്‍ന്ന ഉദാഹരണങ്ങള്‍; വരാന്‍ പോകുന്ന വിപ്ലവത്തെ നയിക്കുന്നത് കേരളം തന്നെ”, കേരളത്തെ വാനോളം പുകഴ്ത്തി അമേരിക്കന്‍ മാധ്യമം

ബ്സ്ഫീഡ് നല്‍കിയ ചില ചിത്രങ്ങള്‍

കേരളത്തെയും കേരളത്തിലെ ഭരണാധികാരികളെയും കേരളത്തിലെ ജനങ്ങളേയും നിലപാടുകളേയും വാനോളം പുകഴ്ത്തി അമേരിക്കന്‍ മാധ്യമം. ന്യൂയോര്‍ക്ക് ആസ്ഥാനമായ ബസ്ഫീഡാണ് മലയാളികളുടെ നിലപാടിനെ എടുത്തുപറഞ്ഞ് പ്രശംസിച്ചത്. ശരിക്കൊപ്പം ധൈര്യത്തോടെ കേരളം നിന്നതിന്റെ 10 തിളക്കമാര്‍ന്ന ഉദാഹരണങ്ങള്‍ എന്നാണ് ഇതിന് ബസ്ഫീഡ് നല്‍കിയ തലക്കെട്ട്. പത്തുകാര്യങ്ങള്‍ ചിത്രങ്ങള്‍ സഹിതം നല്‍കി കേരളത്തിന്റെ നിലപാടുകളെ പ്രശംസിക്കാനും ലേഖിക മടിക്കുന്നില്ല. വരാന്‍ പോകുന്ന വിപ്ലവത്തിന് കേരളം നേതൃത്വം നല്‍കും എന്നും ലേഖനത്തില്‍ പറയുന്നു.

കൊച്ചുകേരളത്തിന്റെ ഓരോ ചലനവും വിപ്ലവാത്മകമാണെന്നതിന്റെ സൂചനകൂടിയായി ബസ്ഫീഡിലെ ലേഖനം. പക്ഷികള്‍ ഇണചേരാതെ മുട്ടയിടുന്ന കണ്ണുനീര്‍ തിയറികളുടെ ഉപജ്ഞാതാക്കളും മൃഗങ്ങളുടെ വിസര്‍ജ്ജ്യം പോലും അമൃതാണെന്നുഘോഷിക്കുന്ന നേതാക്കന്മാരും ലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ പ്രതിനിധികളാകുമ്പോള്‍ കേരളം പോലൊരു ചെറിയ സംസ്ഥാനത്തിന്റെ നിലപാടുകളെ ലോകം എങ്ങനെയാണ് ഉറ്റുനോക്കുന്നതെന്ന് പലര്‍ക്കും ബോധ്യപ്പെടാനും ഇത്തരത്തിലുള്ള ലേഖനങ്ങള്‍ ഉപകരിച്ചേക്കും.

ബസ്ഫീഡ് എടുത്തുപറഞ്ഞ കേരളത്തിന്റെ പത്ത് ശരികള്‍ ഇവയാണ്,

എംബി രാജേഷ് എംപി അര്‍ണാബ് ഗോസ്വാമിയെ നിശിതമായി വിമര്‍ശിച്ചത്


കഴിഞ്ഞ ദിവസം നടന്ന എംബി രാജേഷ് എംപിയുടെ അര്‍ണബുമായി നടന്ന ടിവി ചര്‍ച്ച ലോകം ശ്രദ്ധയോടെയാണ് കേട്ടത്. എന്നാല്‍ എംപിയെ സംസാരിക്കാനനുവദിക്കാതെ റേഡിയോ പ്രഭാഷണം നടത്തി അര്‍ണബ് തടിതപ്പി. അതിന് മറുപടിയായി എംബി രാജേഷ് എംപി അര്‍ണബിന് എഴുതിയ തുറന്ന കത്താണ് ബസ്ഫീഡ് എടുത്തുപറഞ്ഞിരിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ കശാപ്പുനിയന്ത്രണത്തെ എതിര്‍ത്ത് പ്രധാനമന്ത്രിക്ക് കത്തയച്ചത്


കശാപ്പുനിയന്ത്രണ നിയമത്തെ എതിര്‍ത്ത് പ്രധാന മന്ത്രിക്ക് അയച്ച കത്താണ് ഇവിടെയാധാരമാക്കിയിരിക്കുന്നത്. മറ്റ് സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കേരളത്തിന്റെ മുഖ്യമന്ത്രി കത്തയച്ചു. ഞങ്ങള്‍ എന്തുകഴിക്കണമെന്ന് നാഗ്പൂരില്‍നിന്നോ ദില്ലിയില്‍നിന്നോ ആരും തീരുമാനിക്കേണ്ട എന്ന പിണറായിയുടെ വാചകം ബസ്ഫീഡ് എടുത്തുപറഞ്ഞിരിക്കുന്നു.

നരേന്ദ്ര മോദിയുടെ നിരുത്തരവാദിത്തരപമായ സൊമാലിയ പരാമര്‍ശത്തിനെതിരെ കേരളത്തിലെ പൊതുസമൂഹം ആഞ്ഞടിച്ചത്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തിലെ നിരുത്തരവാദിത്തപരമായ സൊമാലിയ പരാമര്‍ശം കേരളം ഒറ്റക്കെട്ടായി നേരിട്ടു. കേരളത്തെ മോശമായി ചിത്രീകരിക്കുക എന്നത് സഹിക്കാന്‍ സാധിക്കാത്ത മലയാളികള്‍ പോ മോനെ മോദി ഹാഷ് ടാഗുമായി സോഷ്യല്‍ മീഡിയ നിറഞ്ഞുവാണു. പലരും കേരളത്തിന്റെ നേട്ടങ്ങളെ എടുത്തുപറഞ്ഞ് മോദിക്കെതിരെ ആഞ്ഞടിച്ചു. താങ്കള്‍ പറഞ്ഞതല്ല ശരി, ഇതാണ് ശരിയെന്നുപറഞ്ഞ് കേരളം എന്തുകൊണ്ടാണ് ഇന്ത്യയില്‍ ഒന്നാമത് നില്‍ക്കുന്നതെന്ന് പല പ്രമുഖരും കാര്യങ്ങള്‍ എണ്ണിയെണ്ണിപ്പറഞ്ഞു. ഇപ്പോള്‍ ബസ്ഫീഡും പറയുന്നു, കേരളമായിരുന്നു അക്കാര്യത്തിലും ശരി.

സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്ന 377ാം വകുപ്പ് ഒഴിവാക്കാന്‍ ആവശ്യപ്പെടണമെന്ന് ശശി തരൂര്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ത്ഥിച്ചത്


സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന 377ാം വകുപ്പ് എടുത്തുകളയണമെന്ന് അഭിപ്രായവുമായി ശശി തരൂര്‍ എംപി എത്തിയിരുന്നു. ഇത് എടുത്തുകളയാനുള്ള പിന്തുണ മുഖ്യമന്ത്രി തരണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇക്കാലത്ത് സ്വവര്‍ഗാനുരാഗികളേയും ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ ഭാഗമാക്കിയേ മുന്നോട്ടുപോകാനാകൂ. ഇത് പുരാതന ഇന്ത്യയല്ല, ലോകത്തിന് മാതൃകയാകേണ്ട ഇന്ത്യയാണ് എന്ന തരത്തിലെ ആശയത്തിന് ബസ്ഫീഡ് വക ലഭിച്ചത് നല്ല പ്രശംസ.

സദാചാരവാദ പൊലീസ് ചമഞ്ഞ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കമിതാക്കളെ തല്ലിയോടിച്ച സംഭവത്തില്‍ നടത്തിയ ചുംബന സമരം

പൊതുസ്ഥലത്ത് ഒരുമിച്ചിരിക്കാനും ചുംബിക്കാനും വേണ്ടി നടത്തിയ സമരം മാത്രമായിരുന്നില്ല അത്. ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരുപറ്റം യാതാസ്ഥിതിക, പൗരാണിക കാലത്തെ ചിന്താഗതി വഹിക്കുന്നവര്‍ക്ക് ജനമനസുകളിലെ ലൈംഗികതയോടുള്ള തുറന്ന സമീപനത്തോടും പുതിയ തലമുറയ്ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യത്തോടും യോജിക്കാനാകുമായിരുന്നില്ല. അതിനെതിരായി വടിയെടുത്തുകൊണ്ട് സദാചാരപൊലീസ് എന്ന സാമൂഹ്യവിരുദ്ധര്‍ രംഗത്തിറങ്ങിയപ്പോള്‍ തികച്ചും സമാധാനപരമായി പരസ്പരം ചുംബിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയ ഒരുകൂട്ടം ആളുകള്‍ മലയാളി മനസിലാക്കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രതിനിധികള്‍ തന്നെയായിരുന്നു. എങ്കിലും ചിലരെങ്കിലും അതിനെ വിമര്‍ശിച്ചെങ്കിലും ഇപ്പോള്‍ ലോകവും പറയുന്നു, അത് ഒരു വലിയ ശരിയായിരുന്നു.

ആര്‍ത്തവത്തെ അധിക്ഷേപിക്കുന്ന നിലാപാടുകള്‍ക്കെതിരെ മെഡിക്കല്‍ കൊളേജ് വിദ്യാര്‍ത്ഥിനിയുടെ കവിത

ആര്‍ത്തവദിനങ്ങളില്‍ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടെന്നുള്ള യാതാസ്ഥിതിത മിഥ്യാബോധത്തിനെതിരെ മെഡിക്കല്‍ കൊളേജ് വിദ്യാര്‍ത്ഥി പ്രതിഷേധിച്ചിരുന്നു. കേരളത്തിലെ ജനങ്ങളും ആര്‍ത്തവത്തില്‍ വിവേചനം കാണിക്കുന്ന ചിന്താഗതികള്‍ക്കെതിരെ ആഞ്ഞടിച്ചു. മലയാളി ഹാപ്പി ടു ബ്ലീഡ് എന്ന ഹാഷ് ടാഗിലൂടെ തങ്ങളുടെ മനസ് ആര്‍ത്തവം വന്നുപോകുന്ന പെണ്‍കുട്ടികളോട് ചേര്‍ത്തുവച്ചു. ഇന്ത്യന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ അത് ശ്രദ്ധിച്ചു എന്ന് ഇപ്പോള്‍ വ്യക്തമാകുന്നു.

തൊഴിലുടമയുടെ ദേഹ പരിശോധനയോട് നാപ്കിന്‍ അയച്ച് പ്രതിഷേധിച്ച സംഭവം


വനിതാ ജീവനക്കാരെ വസ്ത്രമുരിഞ്ഞ് പരിശോധിച്ച തൊഴിലുടമയ്ക്ക് മുഖത്ത് ലഭിച്ച അടിയായിമാറി മലയാളിയുടെ പ്രതിഷേധം. ആര്‍ക്കാണ് ആര്‍ത്തവമുണ്ടായത് എന്ന് നോക്കാനാണ് വിവസ്ത്രരാക്കി പരിശോധിച്ചത്. എന്നാല്‍ കേരളജനത തന്നെ പ്രതിഷേധം ഏറ്റെടുക്കുകയും ചെയ്തു. അസ്മ റബര്‍ പ്രൊഡക്ട്‌സ് എന്ന കൊച്ചി സെസില്‍ സ്ഥിതിചെയ്യുന്ന കമ്പനിയുടെ ഉടമയ്ക്കാണ് സാനിട്ടറി നാപ്കിന്‍ അയച്ചുകൊടുത്ത് ആളുകള്‍ പ്രതിഷേധിച്ചത്.

ഓണം വന്നപ്പോള്‍ വാമന ജയന്തി ആശംസിച്ച അമിത് ഷായ്ക്ക് മുഖ്യമന്ത്രി നല്‍കിയ ചുട്ടമറുപടി

ഓണം വരുമ്പോള്‍ തിരുവോണാശംസ പറയേണ്ടതിനുപകരം വാമന ജയന്തി ആശംസിക്കുന്നവര്‍ക്ക് കൊടുക്കേണ്ട മറുപടിതന്നെ മുഖ്യമന്ത്രി കൊടുത്തു. ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ക്ക് ചേരുന്നതല്ല താങ്കള്‍ പറഞ്ഞത് എന്നുപറഞ്ഞ് ഓണത്തിനേപ്പറ്റി അമിത് ഷായ്ക്ക് മനസിലാക്കിക്കൊടുത്ത പിണറായി വിജയന്‍ അമിത് ഷായ്ക്ക് ഓണാശംസകളും നേര്‍ന്നു!

ദാദ്രിയില്‍ ബീഫ് കൈവശം വച്ചതിന് അഖ്‌ലഖ് എന്നയാളിനെ അടിച്ചുകൊന്നപ്പോള്‍ കേരളത്തില്‍ ഫാസിസത്തിനെതിരെ ബീഫ് ഫെസ്റ്റ് നടത്തിയത്‌


പശുവിനെ തൊട്ടാല്‍ കനത്ത വില നല്‍കേണ്ടിവരുമെന്നത് ഒട്ടും അതിശയോക്തിയല്ലെന്ന് തെളിയിച്ച് പശുവിനെ വാങ്ങിയ കര്‍ഷകനും ബീഫ് കൈവശം വച്ചതിന് മധ്യവയസ്‌കനും കൊല്ലപ്പെട്ടു. ബീഫ് ചൂടുള്ള വിഷയമാപ്പോള്‍ മലയാളി ബീഫ് ഫെസ്റ്റ് നടത്തി. എന്നാല്‍ അവിടെ നടന്നതിന് ഇവിടെ ബീഫ് ഫെസ്റ്റ് നടത്തുന്നതെന്തിന് എന്ന് ചിലര്‍ ചോദിച്ചിരുന്നു എങ്കിലും കഴിഞ്ഞയാഴ്ച്ച ഫാസിസം അടുക്കളവരെ എത്തുമെന്നായപ്പോള്‍ അവരും കാര്യം മനസിലാക്കിയിരിക്കണം. മലയാളിയുടെ ആ ബീഫ് ഫെസ്റ്റും ശരിയായിരുന്നുവെന്ന് ലോകം സമ്മതിക്കുന്നു.

മദ്രാസ് ഐഐടിയില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെ മര്‍ദ്ദിച്ച സംഭവത്തില്‍ പിണറായി വിജയന്റെ ശക്തമായ പ്രതികരണം

അടുക്കളവരെയെത്തിയ ഫാസിസത്തെ പടിക്ക് പുറത്തുനിര്‍ത്തുന്നതിന്റെ ഭാഗമായി മദ്രാസ് ഐഐടിയില്‍ നടത്തിയ ബീഫ് ഫെസ്റ്റ് ഫാസിസ്റ്റുകള്‍ തടയുകയും വിദ്യാര്‍ത്ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തപ്പോള്‍ മുഖ്യമന്ത്രി ഉടനടി പ്രതികരിച്ചു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. സംസ്ഥാനത്തിനു പുറത്തുളള മലയാളികളോട് എത്രത്തോളം ശ്രദ്ധ ഗവണ്‍മെന്റിനുണ്ട് എന്ന് തെളിയിക്കുന്ന സംഭവമായി അത്.

ബസ്ഫീഡിന്റെ പേജിലേക്ക് പോകാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top