എസ്ബിഐയുടെ പുതുക്കിയ സേവനനിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു

ദില്ലി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ച പുതിയ  സേവന നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നു. വിവിധ ബാങ്ക് ഇടപാടുകള്‍ക്കും ഓണ്‍ലൈന്‍ സേവനങ്ങള്‍ക്കും ബാധകമായ നിരക്കുകളിലാണ് മാറ്റംവരുത്തിയിരിക്കുന്നത്. എടിഎമ്മിലൂടെയും ശാഖകളിലൂടെയുമുള്ള നാല് സൗജന്യ സേവനങ്ങള്‍ കഴിഞ്ഞാല്‍ ഓരോ ഇടപാടിനും ഈടാക്കുന്ന ചാര്‍ജുകളിലാണ് എസ്ബിഐ മാറ്റം വരുത്തിയിരിക്കുന്നത്. കഴിഞ്ഞ മാസമാണ് സേവനനിരക്കുകള്‍ പുതുക്കി എസ്ബിഐ ഉത്തരവിറക്കിയത്.

പുതിയ നിരക്കുകള്‍ പ്രകാരം മെട്രോസിറ്റികളിലെ സേവിങ്സ് ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് എട്ട് സൗജന്യ എടിഎം ഇടപാടുകള്‍ മാത്രമേ നടത്താന്‍ സാധിക്കു(എസ്ബിഐയിലൂടെ അഞ്ചും മറ്റ് ബാങ്കുകളിലൂടെ മൂന്നും). നോണ്‍ മെട്രോ സിറ്റികളില്‍ പത്ത് എടിഎം ഇടപാടുകളാണ് (എസ്ബിയുടേയും മറ്റ് ബാങ്കുകളുടേയും അഞ്ച് വീതം) ഒരുമാസം സൗജന്യം. എസ്ബിഐയുടെ മൊബൈല്‍ വാലറ്റ് ആപ്ലിക്കേഷനിലൂടെ പണം പിന്‍വലിക്കുമ്പോള്‍ 25 രൂപയാണ് ഒരു ട്രാന്‍സാക്ഷന് ഇടാക്കുന്നത്.

ഇമ്മീഡിയറ്റ് പെയ്‌മെന്റ് സര്‍വ്വീസ്‌വഴി ഒരുലക്ഷം രൂപ വരെയുള്ള പണമിടപാടുകള്‍ക്ക് അഞ്ചുരൂപയും ഒരുലക്ഷം മുതല്‍ രണ്ട് ലക്ഷം രുപവരെ പതിനഞ്ച് രൂപയും രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷംവരെ ഇരുപത്തിയഞ്ച് രൂപയുമാണ് ചാര്‍ജ്ജ് ഈടാക്കുന്നത്. പത്ത് പേജിന്റെ ചെക്ക്ബുക്കിന് 30 രൂപയും ഇരുപത്തിയഞ്ച് പേജിന്റെ ചെക്ക്ബുക്കിന് 75 രൂപയും 50 പേജിന്റെ ചെക്ക്ബുക്കിന് 150 രൂപയുമാണ് പുതുക്കിയ നിരക്കുകള്‍.

അടുത്തിടെ സൗജന്യ ഇടപാടുകള്‍ നിര്‍ത്തലാക്കാന്‍ എസ്ബിഐ കൈക്കൊണ്ട തീരുമാനം വിവാദത്തിലായിരുന്നു. വന്‍പ്രതിഷേധമുയര്‍ന്നതോടെ ഈ സര്‍ക്കുലര്‍ അവര്‍ക്ക് പിന്‍വലിക്കേണ്ടി വന്നു. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടിനും 25 രൂപവീതം ഈടാക്കാനാണ് എസ്ബിഐ തീരുമാനിച്ചിരുന്നത്.

DONT MISS
Top