“സഹകരണബാങ്ക് സമരം പോലെ ഈ സമരവും പൊളിയും, അധികം താമസിയാതെ കേരളത്തില്‍ ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകും”: പ്രതിരോധത്തെ വെല്ലുവിളിച്ച് കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

തിരുവനന്തപുരം: അധികം താമസിയാതെ കേരളത്തിലും ഗോവധ നിരോധനം യാഥാര്‍ത്ഥ്യമാകും എന്നും പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി തന്നെയാണ് കേരളത്തിലും വരേണ്ടതെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ . വിജ്ഞാപനം വായിച്ചുനോക്കാതെ സമരത്തിനിറങ്ങുന്നവര്‍ എന്നു പറഞ്ഞാല്‍ അത് പിണറായി, ചാണ്ടി, ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവരാണെന്നും സഹകരണ ബാങ്ക് സമരം പോലെ ഈ സമരവും പൊളിയും എന്നും കെ സുരേന്ദ്രന്‍ തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കേന്ദ്ര വിജ്ഞാപനത്തില്‍ നിയമനിര്‍മാണവും ഉണ്ടാകാന്‍ പോകുന്നില്ല. ഒരു കോടതിയും ആരുടെയും രക്ഷയ്‌ക്കെത്താന്‍ പോകുന്നില്ല. കന്നുകാലി അറവ് നിരോധന വിജ്ഞാപനം സ്‌റ്റേ ചെയ്തുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ സ്‌റ്റേ ഉടന്‍ തന്നെ റദ്ദാക്കപ്പെടും. സമരത്തിന് ന്യായമില്ലെന്നും രാഷ്ട്രീയപ്രേരിതമായ കുപ്രചരണം മാത്രമാണ് ഇവിടെ നടക്കുന്നതെന്നും
സുരേന്ദ്രന്‍ പറഞ്ഞു.

പശുവിനെ കൊല്ലുന്നവര്‍ക്കുള്ള ശിക്ഷ പത്തുവര്‍ഷം തടവില്‍ നിന്ന് ജീവപര്യന്തമായി ഉയര്‍ത്തുന്നകാര്യവും രാജസ്ഥാന്‍ ഹൈക്കോടതി ആലോചിക്കുന്നുണ്ട്. രാജസ്ഥാന്‍ ഹൈക്കോടതിയുടെ വിധി പ്രഖ്യാപനം കേരളത്തിലും വരണമെന്നാണ് സുരേന്ദ്രന്‍ ആഗ്രഹിക്കുന്നത്.

അതേസമയം, കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിലെ ചട്ടങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പൗരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് വിജ്ഞാപനമെന്നും പുതിയ ചട്ടങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെടാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കന്നുകാലി അറവ് നിരോധന വിജ്ഞാപനത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ യോഗം കേരളത്തില്‍ വിളിച്ചുചേര്‍ക്കുമെന്നും പിണറായി പറഞ്ഞു.

കേന്ദ്ര വിജ്ഞാപനം മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തത് നിരോധനത്തിനു ശേഷമുണ്ടായ ശക്തമായ നീക്കമായിരുന്നു. ബീഫ് നിരോധനത്തെ പ്രതിരോധിക്കാന്‍ നടത്തി വന്ന ബീഫ് ഫെസ്റ്റിവലുകള്‍ക്ക് നേരെയും വ്യാപകമായ ആക്രമണമുണ്ടായി. ഐഐടി മദ്രാസിലെ മലയാളി വിദ്യാര്‍ത്ഥി ആര്‍ സൂരജിന് കണ്ണിന് പരിക്കേറ്റിരുന്നു. ഭക്ഷണ സ്വാതന്ത്ര്യത്തെ മാത്രമല്ല, തൊഴില്‍, ഭക്ഷണം എന്നീ അടിസ്ഥാന ആവശ്യങ്ങളെക്കൂടി ബാധിക്കുന്ന തരത്തിലാണ് കേന്ദ്രത്തിന്റെ വിജ്ഞാപനം.

DONT MISS
Top