തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ ക്ലാര പ്രണയം അനശ്വരമാക്കിയ കലശമല ടൂറിസം കേന്ദ്രമാവുന്നു

 കുന്നംകുളം : തൂവാനത്തുമ്പികളില്‍ മണ്ണാരത്തൊടി ജയകൃഷ്ണനോട് ചേര്‍ന്നിരുന്ന് ക്ലാര പറഞ്ഞു “ആ ഭ്രാന്തന്റെ കാലിലെ മുറിവാകണം എനിക്ക്”, അതെ ആ സായാഹ്നത്തെ സമ്പന്നമാക്കിയത് കലശമലയാണ്. ഭൂതക്കണ്ണാടിയില്‍ മമ്മൂട്ടി ജയിലിലെ മതില്‍ വിടവിലൂടെ നോക്കുമ്പോള്‍ കാണുന്ന മലയും ഗുഹാമുഖവും – കലശമലയാണത്. പൊന്തന്‍മാടയില്‍ കുതിരവണ്ടിയിലേറി സായിപ്പ് കടന്നുപോകുന്ന വഴിയില്‍ കലശമലയുടെ പൂര്‍ണ്ണകായമുണ്ട്.

എന്നാല്‍ ചെങ്കല്‍വെട്ടും മണ്ണെടുപ്പും മൂലം വൃണിതമായ ശരീരമായി കലശമല നാശത്തിന്റെ പിടിയിലമരുകയായിരുന്നു. കുന്നംകുളത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട എ.സി.മൊയ്തീന്‍ ടൂറിസം വകുപ്പ് മന്ത്രിയായപ്പോള്‍ കുന്നംകുളത്തുകാരുടെ പ്രതീക്ഷ തെറ്റിയില്ല. രണ്ട് കോടി രൂപയാണ് കലശമലയുടെ വികസനത്തിനായി അദ്ദേഹം മാറ്റിവെച്ചത്. വകുപ്പ് മാറിയിട്ടും കലശമലയെ കൈവിടാന്‍ ഒരുക്കമായിരുന്നില്ല മന്ത്രി. നാലിന് കലശമലയുടെ വികസന പദ്ധതി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നാടിന് സമര്‍പ്പിക്കുകയാണ്.

ഇരുമടക്കുകളായുള്ള കുന്നും, ഒരുകാലത്ത് നരികള്‍ വസിച്ചതായി കരുതുന്ന ഗുഹയും പിറകില്‍ നിന്നും നൂണ്ടിറങ്ങാനുതകും വിധത്തില്‍ പ്രകൃതി നിര്‍മ്മിത കവാടവുമൊക്കെയാണ് കലശമലയുടെ ആകര്‍ഷണം. വടക്കേ ചെരുവിന് താഴെ വംശനാശം നേരിടുന്ന സസ്യ ഇനമായ കുളവെട്ടി മരങ്ങളാല്‍ സമൃദ്ധമായ ചോലക്കാടും ക്ഷേത്രവുമെല്ലാം ഏറെ ആകര്‍ഷകമാണ്. നൂറോളം സിനിമകളിലും വിഡിയോ ആല്‍ബങ്ങളിലും കലശമലയുടെ സാന്നിധ്യമുണ്ട്.

സായാഹ്നം ചിലവഴിക്കാനെത്തുന്നവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങളും അഭാവം എന്നും ചോദ്യ ചിഹ്നമായിരുന്നു. എന്നാല്‍ പദ്ധതി നടപ്പിലാകുന്നതോടെ ടൂറിസം രംഗത്ത് വന്‍ കുതിപ്പുണ്ടാകുമെന്നാണ് ഏവരുടെയും പ്രതീക്ഷ. പാര്‍ക്കിംഗ് സൗകര്യവും, ദൂരക്കാഴ്ച നല്‍കുന്ന വ്യൂപോയിന്റ് ഗാലറിയും, വാച്ച്ടവറുമുള്‍പ്പെടെയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിക്കുക. ഔഷധത്തോട്ടം, കഫ്‌തേരിയ, കുട്ടികളുടെ പാര്‍ക്ക് എന്നിവയും അനുബന്ധമായി ഉണ്ടാകും. 18 മാസം കൊണ്ട് ആദ്യഘട്ട നിര്‍മ്മാണം പൂര്‍ത്തീകരിക്കും. നിര്‍മ്മതി കേന്ദ്രത്തിനാണ് നിര്‍മ്മാണചുമതല. പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിലാകും നിര്‍മ്മാണപ്രവര്‍ത്തനം. നാട്ടുകാരടങ്ങുന്ന ജനകീയ സമിതി നിര്‍മ്മാണപ്രവര്‍ത്തനോദ്ഘാടനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്. ജൂണ്‍ നാലിന് വൈകീട്ട് ടൂറിസം വകുപ്പ് മന്ത്രി കടകമ്പിള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. കുടക്കല്ലുകളും, മുനിയറകളും, സഞ്ചാരിപ്പക്ഷികളുടെ കേന്ദ്രമായ കോള്‍ പാടങ്ങളുമാണ് കലശമലക്ക് ചുറ്റുമുള്ളത്. ഇവയെല്ലാം കേന്ദ്രീകരിച്ച് ടൂറിസ്റ്റ് സര്‍ക്യൂട്ടിന് രൂപം നല്കാനുള്ള നീക്കവും നടക്കുന്നുണ്ട്‌.

DONT MISS
Top