ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളി വിദ്യാര്‍ത്ഥി അക്രമിക്കപ്പെട്ടതിനെതിരെ നടപടിയെടുക്കണം: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

ഐഐറ്റി മദ്രാസില്‍ നടന്ന ബീഫ് ഫെസ്റ്റില്‍ പങ്കെടുത്തതിന് മലയാളിയായ സൂരജ് എന്ന ഏയ്‌റോസ്‌പേസ് എഞ്ചിനീയറിങ്ങ് പിഎച്ച്ഡി വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ടത് അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ബീഫ് കഴിച്ചു എന്നതിന്റെ പേരില്‍ ഒരു ചെറുപ്പക്കാരന്റെ കണ്ണ് തല്ലിപ്പൊളിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചേര്‍ന്നത് നിര്‍ഭാഗ്യകരമാണ്. ഏത് ഭക്ഷണം കഴിക്കുവാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ ഭരണഘടന അനുവദിച്ചു തന്നിട്ടുണ്ട്. അതിനെ അസഹിഷ്ണുതയോടെ കാണുന്നത് ഇന്ത്യന്‍ ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള മൗലികാവശങ്ങളുടെ ലംഘനമാണ്. മലയാളിയായി സൂരജിന് നേരിട്ട അക്രമത്തിന് മേല്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയോട് ആവശ്യപ്പെടുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഐഐടി മദ്രാസില്‍ ബീഫ് ഫെസ്റ്റിവലില്‍ പങ്കെടുത്ത ആര്‍ സൂരജ് എന്ന പിഎച്ച്ഡി വിദ്യാര്‍ത്ഥിയെ എബിവിപി പ്രവര്‍ത്തകരാണ് ഹോസ്റ്റലില്‍ വെച്ച് ആക്രമിച്ചത്. എയറോസ്‌പേസ് എഞ്ചിനിയറിങ് വിദ്യാര്‍ത്ഥിയായ സൂരജിനെ ഏഴോളം പേരാണ് ആക്രമിച്ചതെന്ന് ബീഫ് ഫെസ്റ്റ് സംഘാടകര്‍ പറയുന്നു. സൂരജിന്റെ വലതുകണ്ണിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സൂരജിനെ ശങ്കര നേത്രാലയയിലേക്ക് മാറ്റി. സംഭവത്തില്‍ ഐഐടി മദ്രാസ് ഡീനിന് പരാതി നല്‍കിയിട്ടുണ്ടെന്നും പൊലീസിനെ സമീപിക്കാനൊരുങ്ങുകയാണെന്നും ബീഫ് ഫെസ്റ്റ് സംഘടിപ്പിച്ച അഭിനവ് സൂര്യ എന്ന വിദ്യാര്‍ത്ഥി പറയുന്നു.

DONT MISS
Top