റിയാദ് അല്‍ ഖുറയ്യാത്ത് ട്രെയില്‍ സര്‍വീസുകള്‍ ഡിസംബറില്‍ ആരംഭിക്കും

ഫയല്‍

റിയാദ്: റിയാദ്അല്‍ ഖുറയ്യാത്ത് ട്രെയിന്‍ സര്‍വീസ് ഡിസംബറില്‍ ആരംഭിക്കുമെന്ന് സൗദി റെയില്‍വെ കമ്പനി അറിയിച്ചു. ഉത്തര സൗദിയെ തലസ്ഥാന നഗരിയായ റിയാദുമായി ബന്ധിപ്പിക്കുന്ന തെക്ക്‌വടക്ക് പാത വഴിയാണ് അതിര്‍ത്തി നഗരമായ അല്‍ ഖുറയ്യാത്ത് സര്‍വീസ് ആരംഭിക്കുക. റിയാദ്ഹായില്‍ സര്‍വീസ് ഈ വര്‍ഷം ആരംഭിക്കുമെന്നും റെയില്‍വേ കമ്പനി അറിയിച്ചു.

ജോര്‍ദാന്‍ അതിര്‍ത്തി നഗരമായ ഖുറയ്യാത്തിലേക്ക് ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത് യാത്രക്കാര്‍ക്ക് ഗുണകരമാകുമെന്ന് സൗദി റെയില്‍വെ കമ്പനി സി.ഇ.ഒ ഡോ. ബശാര്‍ അല്‍മാലിക് പറഞ്ഞു. അതേസമയം ഔദ്യോഗിക ടിക്കറ്റ് നിരക്ക് നടപ്പാക്കി തുടങ്ങിയതോടെ മൂന്നുമാസം മുമ്പ് സര്‍വീസ് ആരംഭിച്ച അല്‍ ഖസീമിലേക്ക് യാത്രക്കാരുടെ എണ്ണത്തില്‍ കുറവു രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. തുടക്കത്തില്‍ പ്രൊമോഷന്‍ നിരക്കാണ് നിലവിലുണ്ടായിരുന്നത്. റിയാദിനെ മജ്മ, അല്‍ഖസീം, ഹായില്‍, അല്‍ജൗഫ് വഴി ഉത്തര സൗദിയിലെ ഖുറയ്യാത്തുമായി ബന്ധിപ്പിക്കുന്ന പാതയില്‍ ആദ്യ ഘട്ട സര്‍വീസാണ് അല്‍ ഖസീമിലേക്ക് ആരംഭിച്ചത്. എന്നാല്‍ സര്‍വീസ് ആരംഭിച്ച് മൂന്നുമാസം പിന്നിട്ടെങ്കിലും വേണ്ടത്ര യാത്രക്കാര്‍ ഇല്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നതെന്ന് ബശാര്‍ അല്‍ മാലിക് പറഞ്ഞു.

ഇതേ റൂട്ടില്‍ ഹായില്‍, അല്‍ജൗഫ്, ഖുറയ്യാത്ത് സ്റ്റേഷനുകളിലേക്ക് സര്‍വീസ് ദീര്‍ഘിപ്പിക്കുന്നതോടെ യാത്രക്കാരുടെ എണ്ണം വര്‍ധിക്കും. റിയാദില്‍ നിന്ന് ഉത്തര സൗദിയിലേക്ക് പകല്‍ മൂന്ന് സര്‍വീസുകളും രാത്രിയില്‍ ഒരു സര്‍വീസുമാണ് ലക്ഷ്യം. റിയാദില്‍ നിന്ന് 2750 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് അല്‍ ഖുറയ്യാത്ത് വരെയുളളത്. ഇതില്‍ 1,400 കിലോമീറ്റര്‍ പാതയില്‍ ഗുഡ്‌സ് ട്രൈയിന്‍ സര്‍വീസ് നേരത്തെ ആരംഭിച്ചിരുന്നു.

DONT MISS
Top