‘അത് യുപിയിലെ പശുക്കളുടെ ചിത്രം’; കെ സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത് വ്യാജചിത്രമെന്ന് ആരോപണം

സുരേന്ദ്രന്റെ പോസ്റ്റും, യഥാര്‍ത്ഥ വാര്‍ത്തയും

കൊച്ചി: കേരളത്തിലെ ബീഫ് ഫെസ്റ്റിവലുകള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ ആഞ്ഞടിച്ചിരുന്നു. എങ്കിലും ആ പോസ്റ്റ് കണ്ടവര്‍ക്ക് ചിലപ്പോള്‍ ഒരു സംശയം തോന്നിയേക്കാം. ചിത്രത്തില്‍ കാണുന്നത് പോലെ എവിടെയെങ്കിലും ബീഫ് ഫെസ്റ്റിവല്‍ നടന്നോ എന്ന്. ചിത്രം ഗൂഗിള്‍ ഇമേജിലിട്ട് ഒന്ന് സെര്‍ച്ച് ചെയ്തപ്പോളാണ് ആ സത്യം വെളിപ്പെട്ടത്. സുരേന്ദ്രന്‍ പോസ്റ്റിനൊപ്പമിട്ടത് ഉത്തര്‍പ്രദേശിലെ ഒരു വാര്‍ത്താചിത്രമാണ്.

ഉത്തര്‍ പ്രദേശിലെ മുസാഫര്‍പൂരില്‍ കാലികളെ കൊന്ന ചിത്രമാണേ്രത സുരേന്ദ്രന്‍ പോസ്റ്റ് ചെയ്തത്. ഗൂഗിളില്‍ നിന്ന് ലഭിച്ച ചിത്രം, കേരളത്തില്‍ വ്യാപകമായി പശുക്കളെ കൊന്നുതള്ളുന്നുവെന്ന പേരില്‍ പ്രചരിപ്പിക്കാനാണ് സുരേന്ദ്രന്‍ ശ്രമിക്കുന്നത് എന്ന ആരോപണവുമായി രാഷ്ട്രീയ എതിരാളികള്‍ രംഗത്തെത്തിക്കഴിഞ്ഞു. ഗോവധവിഷയത്തിലെ നിലപാടിനപ്പുറം, ഈ ചിത്രമുപയോഗിച്ചതിന് പിന്നില്‍ മുതലെടുപ്പിനുള്ള ശ്രമമുള്‍പ്പെടെയുണ്ടെന്നാണ് ദേശാഭിമാനി റസിഡന്റ് എഡിറ്റര്‍ പിഎം മനോജ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. സുരേന്ദ്രന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് ചുവടെ കമന്റുകളില്‍ ഭൂരിപക്ഷവും ഈ വ്യാജചിത്രത്തിനെതിരെയായിരുന്നു.

കേന്ദ്രത്തിന്റെ കന്നുകാലി അറവ് നിരോധനത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ ഇടതു വലതു യുവജനസംഘടനകളും മതതീവ്രവാദ സംഘടനകളും നടത്തുന്ന ബീഫ് മേളകള്‍ തടയാന്‍ സംസ്ഥാന സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് പോസ്റ്റില്‍ കെ സുരേന്ദ്രന്‍ ആവശ്യപ്പെടുന്നു. ബീഫ് മേളകളില്‍ വിതരണം ചെയ്യുന്ന മാംസം അംഗീകൃത ഇറച്ചികടകളില്‍ നിന്നും വാങ്ങുന്നതല്ലെന്നും, പലരും നിയമം ലംഘിച്ചാണ് മേളകള്‍ നടത്തുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജനങ്ങളില്‍ ഭീതിയുളവാക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്, ഇത്തരം അവസരങ്ങള്‍ സാമൂഹ്യ വിരുദ്ധരും, തീവ്രവാദികളും മുതലെടുക്കുകയാണെന്നും അദ്ദേഹം പറയുന്നു.

ദേവസ്വം വകുപ്പ് മന്ത്രി തന്നെ പരസ്യമായി ഗോമാംസം ഭക്ഷിക്കുന്നത് ലക്ഷക്കണക്കിന് വിശ്വാസികളെ വേദനിപ്പിക്കുന്നതാണെന്നും, മന്ത്രിമാരും ഉത്തരവാദപ്പെട്ട പൊതുപ്രവര്‍ത്തകരും ഇത്തരം ഭീഭല്‍സമായ സമരപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. പ്രചാരണവും സമരപരിപാടികളും ആര്‍ക്കുമാവാം. എന്നാല്‍ ജനങ്ങളില്‍ അവമതിപ്പുളവാക്കുന്ന ആഭാസസമരങ്ങളില്‍ നിന്ന് ഉത്തരവാദപ്പെട്ടവര്‍ പിന്മാറുന്നതാണ് എല്ലാവര്‍ക്കും നല്ലത്. തിരിച്ചുള്ള പ്രകോപനങ്ങളിലേക്ക് ദേശീയപ്രസ്ഥാനങ്ങളെ മനപ്പൂര്‍വം വലിച്ചിഴക്കരുതെന്ന് ബന്ധപ്പെട്ട എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഈ പോസ്റ്റിനൊപ്പമുള്ള ചിത്രമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

വ്യാജവീഡിയോ വിഷയത്തില്‍ കുമ്മനം രാജശേഖരനെതിരെ കേസെടുത്തതിന് തൊട്ടുപിന്നാലെയാണ് ഇത്തരത്തിലുള്ള വിവിധ വിവാദങ്ങളുമെത്തുന്നത്. കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദപ്രകടനമെന്ന പേരില്‍ കുമ്മനം പോസ്റ്റ് ചെയ്ത വീഡിയോ ദേശീയതലത്തില്‍ തന്നെ ചര്‍ച്ചയായിരുന്നു. വീഡിയോയ്ക്ക് ആസ്പദമായ സംഭവം നടന്നത് എവിടെ നിന്നാണെന്ന് വ്യക്തമാക്കാന്‍ വെല്ലുവിളിച്ച് സിപിഐഎം രംഗത്തെത്തിയിരുന്നു. ഇതിന് ബിജെപിക്ക് മറുപടിയുണ്ടായിരുന്നില്ല. എസ്എഫ്‌ഐ കണ്ണൂര്‍ ജില്ലാസെക്രട്ടറിയുടെ പരാതിയിലാണ് കുമ്മനത്തിനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെയാണ് കെ സുരേന്ദ്രനെതിരെ വ്യാജഫോട്ടോ വിവാദവുമെത്തിയിരിക്കുന്നത്.

DONT MISS
Top