മലയാളക്കരയുടെ മനസ് മലര്‍ മിസ് കീഴടക്കിയിട്ട് ഇന്നേക്ക് രണ്ടുവര്‍ഷം; മറ്റൊരു അല്‍ഫോന്‍സ് ചിത്രം കാത്ത് ആരാധകര്‍

പ്രേമത്തിന്റെ പോസ്റ്റര്‍

തീയേറ്ററുകളില്‍ കൈയ്യടി സ്വന്തമാക്കി പ്രേമം പ്രദര്‍ശനം ആരംഭിച്ചിട്ട് ഇന്നേയ്ക്ക് രണ്ടുവര്‍ഷം. നേരം എന്ന ചിത്രത്തിലൂടെ വിജയ തുടക്കം നടത്തിയ അല്‍ഫോണ്‍സ് പുത്രന്‍ പ്രേമത്തിലൂടെയും നേട്ടം ആവര്‍ത്തിച്ചപ്പോള്‍ മലയാളികള്‍ക്ക് അത് മറ്റൊരു വിസ്മയ ചിത്രമായി മാറി. പ്രമേയപരമായി വലിയ പുതുമ അവകാശപ്പെടാനില്ലായിരുന്നെങ്കിലും വിവരിക്കാന്‍ പറ്റുന്നതിലപ്പുറമുള്ള ഒരു ദൃശ്യ വിസ്മയം ഒരുക്കാന്‍ അല്‍ഫോന്‍സിന് കഴിഞ്ഞു. മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം നേടാന്‍ തക്ക വലിയ വിജയമാണ് ആ വിസ്മയത്തിന് അല്ലെങ്കില്‍ ആ അല്‍ഫോന്‍സ് പുത്രന്‍ മാജിക്കിന് പ്രേക്ഷകര്‍ തിരികെ നല്‍കിയത്.

ചിത്രത്തിന് ടീസറുകളോ ട്രെയിലറോ ഉണ്ടായിരുന്നില്ല. ഒരു ഗാനം മാത്രം ആദ്യം പുറത്തുവന്നു. അത് ശരാശരി നിലവാരം മാത്രമെ പുലര്‍ത്തിയിരുന്നുള്ളൂ. എന്നാല്‍ അനുപമ പരമേശ്വരന്റെ മുടിയും നിവിന്റെ വിദ്യാര്‍ത്ഥി വേഷവും അന്നേ ശ്രദ്ധിക്കപ്പെട്ടു. മറ്റൊരു മുന്നറിയിപ്പോ അവകാശ വാദങ്ങളോ ഇല്ലാതെയാണ് പ്രേമം റിലീസായത്. ഒരൊറ്റ കാര്യം മാത്രമേ ചിത്രത്തിന്റെ ടാഗ് ലൈനായി പോസ്റ്ററില്‍ ഉണ്ടായിരുന്നുള്ളൂ, അത് ഇങ്ങനെയായിരുന്നു- പ്രത്യേകതകളൊന്നുമില്ലാത്ത മലയാളത്തിലെ രണ്ടാം ചിത്രം. നേരമായിരുന്നു ‘അത്തരത്തിലുള്ള’ ആദ്യ ചിത്രം.

മഴക്കാലം തുടങ്ങിയപ്പോള്‍, അതും സ്‌കൂള്‍ തുറക്കുന്നതിന് തൊട്ടു മുമ്പേ പ്രേമം പോലൊരു ചിത്രം റിലീസ് ചെയ്യാന്‍ കാണിച്ച ധൈര്യത്തിനാണ് അല്‍ഫോന്‍സിനും നിര്‍മാതാവായ അന്‍വര്‍ റഷീദിനും ആദ്യത്തെ കയ്യടി പ്രേക്ഷകര്‍ നല്‍കിയത്. പിന്നീട് ഒരു കുതിപ്പാണ് കണ്ടത്‌. മലയാള സിനിമാ മേഖല അന്നുവരെ കാണാത്ത രീതിയില്‍ യുവാക്കള്‍ പ്രേമത്തിലേക്ക് ഒഴുകി. നരസിംഹത്തിനുശേഷം ഏറ്റവും കൂടുതല്‍ സ്‌പെഷ്യല്‍ ഷോകള്‍ കളിച്ച സിനിമയായി പ്രേമം മാറി. കുടുംബത്തോടെ ചിത്രം കാണാന്‍ പലര്‍ക്കും സാധിച്ചത് ഒരുമാസത്തോളം കഴിഞ്ഞാണ്. പിന്നീട് പുലിമുരുകന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കുവോളം ഈ നിവിന്‍പോളി ചിത്രം തന്നെയാണ് കുടുംബങ്ങളെ ടിക്കറ്റിന്റെ കാര്യത്തില്‍ ഏറ്റവും കൂടുതല്‍ വിഷമിപ്പിച്ചത്.

സായ് പല്ലവിയും നിവിന്‍ പോളിയും

മൂന്നുഭാഗങ്ങളായി തിരിക്കപ്പെട്ട ചിത്രം കഥാനായകന്റെ സ്‌കൂള്‍-കോളേജ് ജീവിതങ്ങളും വിവാഹത്തിലേക്കെത്തുന്ന യൗവ്വനകാലവും തന്മേയത്വത്തോടെ കാണിച്ചു. അനുപമ, സായ് പല്ലവി, സെലിന്‍ എന്നിവരായിരുന്നു യഥാക്രമം മൂന്നുഭാഗങ്ങളിലേയും നായികമാര്‍. എന്നാല്‍ ചിത്രത്തില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെട്ടത് നിവിന്റെ കഥാപാത്രത്തിന്റെ കൊളേജ് ജീവിതം കാണിക്കുന്ന രണ്ടാം ഭാഗമായിരുന്നു. സായ് പല്ലവി അഭിനയിച്ച മലര്‍മിസ്സ് കീഴടക്കിയത് ജോര്‍ജ് ഡേവിഡ് എന്ന ശിഷ്യന്റെ മനസ് മാത്രമായിരുന്നില്ല, മലയാളക്കരയുടേതുമായിരുന്നു. ഒരുപക്ഷേ മലര്‍ എന്ന കഥാപാത്രം പ്രേമം എന്ന സിനിമയുടെ പ്രതീകം തന്നെയായി മാറി. മലരേ എന്നുതുടങ്ങുന്ന ഗാനം സിനിമ കണ്ടിറങ്ങയവരുടെ നാവിന്‍തുമ്പില്‍ ഇന്നുമുണ്ട്. വിനയ് ഫോര്‍ട്ടിന്റെ ജാവ മാഷും സൗബിന്‍ അവതരിപ്പിച്ച പി റ്റി മാഷും ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു. എങ്കിലും പ്രേമത്തെ അതിന്റെ ‘നടുഭാഗം’ മാത്രമായി ചുരുക്കുന്നതും ശരിയല്ല. തുടക്കത്തിലും ഒടുക്കവും ജീവനുള്ള കഥാപാത്രങ്ങള്‍ നിരവധിയുണ്ടായിരുന്നു.

വ്യാജ പതിപ്പ് ഇറങ്ങിയതും സംവിധായകന്‍ കമല്‍ ഉള്‍പ്പെടെയുള്ളവരുടെ ചില മോശം പരാമര്‍ശങ്ങളും പ്രേമത്തിന് മങ്ങലേല്‍പ്പിച്ചു. സിനിമ കുട്ടികളെ വഴി തെറ്റിക്കുമെന്ന് കമല്‍ അഭിപ്രായപ്പെട്ടു. സിനിമ തെറ്റായ സന്ദേശമാണ് നല്‍കുന്നത്. ക്ലാസ് മുറിയില്‍ ഇരുന്ന് മദ്യപിക്കുന്നതും അധ്യാപികയെ പ്രണയിക്കുന്നതും കുട്ടികളെ വഴി തെറ്റിക്കും. വ്യാജസിഡി പുറത്തിറങ്ങുന്നത് ആദ്യ സംഭവമല്ല. ഈ വിഷയത്തില്‍ അനാവശ്യ വിവാദമുണ്ടാക്കിയെന്നും കമല്‍ അന്ന് പറഞ്ഞു. പ്രേമത്തിന്റെ വ്യാജപതിപ്പ് പുറത്തായത് ആഗോള പ്രശ്‌നമാണോ എന്ന് മലയാളികള്‍ ചിന്തിക്കണമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. സെന്‍സര്‍ കോപ്പി പുറത്തായതില്‍ സെന്‍സര്‍ ബോര്‍ഡിലെ രണ്ട് താല്‍ക്കാലിക ജീവനക്കാര്‍ അറസ്റ്റിലായി.

ചെന്നൈയില്‍ പ്രേമം 200 ദിവസം തികച്ചതും തെലുങ്കിലേക്ക് റീമേക്ക് ചെയ്തതും പിന്നീട് വാര്‍ത്തകളില്‍ നിറഞ്ഞു. ചിത്രം ഇറങ്ങിയിട്ട് രണ്ടുവര്‍ഷം തികയുമ്പോള്‍ മലയാള സിനിമാ പ്രേമികള്‍ തിരയുന്നത് അല്‍ഫോന്‍സ് പുത്രന്‍ എവിടെ എന്നാണ്. സോഷ്യല്‍ മീഡിയയിലും ഒപ്പം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ എഡിറ്റിംഗുമായി ബന്ധപ്പെട്ടും അദ്ദേഹം ഇടയ്ക്കിടെ വാര്‍ത്തകളില്‍ ഇടം പിടിച്ചെങ്കിലും അടുത്ത സിനിമ എന്നതിലേക്ക് അടുത്തുനില്‍ക്കുന്ന ചില ഊഹാപോഹങ്ങളേ പുറത്തുവന്നിട്ടുള്ളൂ. തമിഴ് ചിത്രം എന്നൊരു പ്രസ്താവനയും സോഷ്യല്‍ മീഡിയയിലൂടെ നാം കേട്ടു. നിവിന്‍പോളിയുമായി ചേര്‍ന്ന് പല ഭാഷകളിലുള്ള ചിത്രമെന്നും മോഹന്‍ലാല്‍ പ്രൊജക്ട് എന്നും പറഞ്ഞുകേള്‍ക്കുമ്പോള്‍ മലയാളി കാത്തിരിക്കുന്നത് മറ്റൊരു പ്രേമത്തിനായാണ്, മറ്റൊരു മലര്‍ മിസിനും മറ്റൊരു ജോര്‍ജ് ഡേവിഡിനുമായാണ്.

DONT MISS
Top