മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്‍മാര്‍ക്ക് ധനസഹായം : അക്ഷയ് കുമാറിനും, സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി

ഫയല്‍ ചിത്രം

ഭോപ്പാല്‍: ബോളിവുഡ് താരവും, ദേശീയ അവാര്‍ഡ് ജേതാവുമായ അക്ഷയ് കുമാറിനും, ബാഡ്മിന്റണ്‍ താരം സൈന നെഹ്‌വാളിനും മാവോയിസ്റ്റ് ഭീഷണി. ഛത്തീസ്ഘട്ടില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 സിആര്‍പിഎഫ് ജവാന്‍മാരുടെ കുടുംബങ്ങള്‍ക്ക് ഇരുവരും സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഭീഷണി.

അക്ഷയ് കുമാറിനും, സൈന നെഹ്‌വാളിനും എതിരെയുളള  ഭീക്ഷണി സന്ദേശമുള്‍പ്പെടെയുള്ള ലഘുലേഖ കഴിഞ്ഞ ദിവസങ്ങളിലായി ഛത്തീസ്ഘട്ടിലെ വിവിധ പ്രദേശങ്ങളില്‍ നിന്നായി ലഭിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. രാജ്യത്ത് ഉന്നതമായ പദവികളിലിരിക്കുന്ന വ്യക്തികളോട് വിപ്ലവത്തിന്റെ ഭാഗമാകാന്‍ ലഘുലേഖയില്‍ പറയുന്നു. മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെ തിരെയും, പൊലീസ് ക്രൂരതകള്‍ക്കെതിരെയുമുളള തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ലഘുലേഖയില്‍ പറയുന്നുണ്ട്.

ഹിന്ദിയിലും, ഗോത്രഭാഷയായ ഗോണ്ടിയിലുമാണ് ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്. മാവോയിസ്റ്റ് സംഘങ്ങളുടെ വാര്‍ഷികാഘോഷങ്ങള്‍ക്കിടയില്‍ ഈ ലഘുലേഖ വ്യാപകമായി പ്രചരിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

സുക്മയില്‍ കഴിഞ്ഞ മാസമുണ്ടായ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ജവാന്‍മാരുടെ കുടുംബങ്ങള്‍ക്കാണ് സൈന നെഹ്‌വാളും, അക്ഷയ്കുമാറും ധനസഹായം നല്‍കിയത്.  സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായമാണ് അക്ഷയ് കുമാര്‍ നല്‍കിയത്. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 12 ജവാന്മാരുടേയും വീടുകളിലെത്തിയാണ് താരം 9 ലക്ഷം രൂപ വീതം കൈമാറിയത്.

അക്ഷയ് കുമാറിന് പിന്നാലെ  ബാഡ്മിന്റെണ്‍ താരം സൈന  നെഹ്‌വാളും ധനസഹായവുമായെത്തി. 12 ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് അമ്പതിനായിരം രൂപ വീതമാണ്  സൈന  നെഹ്‌വാള്‍ നല്‍കിയത്. നമ്മുടെ സുരക്ഷിതത്വത്തിനു വേണ്ടിയാണ് ചത്തീസ്ഘട്ടില്‍ ജവാന്മാര്‍ കൊല്ലപ്പെട്ടതെന്നും. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ട് വരാന്‍ പറ്റില്ലെങ്കിലും, അവരുടെ കുടുംബങ്ങള്‍ക്ക് കഴിയുന്ന സഹായം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നും സൈന മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മാര്‍ച്ച് 11നാണ് സുക്മയില്‍ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലില്‍ 12 ജവാന്മാര്‍ രക്തസാക്ഷിത്വം വരിച്ചത്. സിആര്‍പിഎഫ് പട്രോളിംഗിനിടെ മാരകായുധങ്ങളുമായി എത്തിയ മാവോയിസ്റ്റ് സംഘം ആക്രമണം നടത്തുകയായിരുന്നു. 12 അര്‍ധസൈനികര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടത്. സിആര്‍പിഎഫിന്റെ 219-ആം ബറ്റാലിയനിലെ ജവാന്മായിരുന്നു കൊല്ലപ്പെട്ടത്.

DONT MISS
Top