‘ഞങ്ങളെല്ലാം ബീഫ് കഴിക്കാറുണ്ട്’; നിങ്ങള്‍ കഴിക്കുന്നതിലും രണ്ട് പ്ലേറ്റ് കൂടുതല്‍ കഴിക്കാമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍

ബി ഗോപാലകൃഷ്ണന്‍ (ഫയല്‍)

കൊച്ചി: കന്നുകാലികളുടെ കശാപ്പിനെതിരെയുള്ള വിജ്ഞാപനത്തിനെതിരെ കേരളം ഒറ്റക്കെട്ടായി രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോളും അവ്യക്തതകളുള്ളവരുണ്ട്. അത് മറ്റാരുമല്ല, ബിജെപി നേതാക്കളാണ്. പശുവിനെ അമ്മയായി കാണാനുള്ള പുതിയ കാരണങ്ങളുമായാണ് കഴിഞ്ഞ ദിവസം വിവി രാജേഷ് രംഗത്തെത്തിയതെങ്കില്‍, ബീഫ് മത്സരം വെച്ചാല്‍ കമ്യൂണിസ്റ്റുകാരെ തോല്‍പ്പിക്കാമെന്ന ആത്മവിശ്വാസമാണ് ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍ പങ്കുവെച്ചത്.

കഴിഞ്ഞ ദിവസത്തെ എഡിറ്റേഴ്‌സ് അവറിലായിരുന്നു സംഭവം അരങ്ങേറിയത്. ഡിവൈഎഫ്‌ഐ നേതാവ് എഎ റഹീം ബീഫ് വിഷയത്തില്‍ കേരളത്തിലെ ബിജെപി തുടരുന്ന ഇരട്ടത്താപ്പിനെക്കുറിച്ച് വിശദീകരിച്ചപ്പോളായിരുന്നു ബി ഗോപാലകൃഷ്ണന്റെ മറുപടി. കോട്ടയം ജില്ലയിലെ പള്ളിക്കത്തോടുവെച്ച് നടത്തിയ ചക്ക മേളയെക്കുറിച്ചായിരുന്നു റഹീമിന് പറയാനുണ്ടായിരുന്നത്. കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം ചെയ്ത ആ പരിപാടിയില്‍ ബീഫ് വിളമ്പിയിരുന്നുവെന്ന് റഹീം ആരോപിച്ചു. ബിജെപി നേതാവ് സുരേന്ദ്രന്‍ ബീഫ് തിന്നുന്നത് കുട്ടികളെടുത്ത് ഫെയ്‌സ്ബുക്കിലിട്ടപ്പോള്‍, താന്‍ തിന്നത് ഉള്ളിക്കറിയാണെന്ന് കള്ളം പറഞ്ഞിരുന്നുവെന്നും റഹീം പറഞ്ഞു. ഇതിനുള്ള മറുപടിയിലാണ് ഗോപാലകൃഷ്ണന്‍ റഹീമിനെപ്പോലും ഞെട്ടിച്ചത്. പോത്തിറച്ചിയാണെങ്കില്‍ കൂടി, ബീഫ് കഴിക്കുമെന്ന് പരസ്യമായി സമ്മതിക്കാന്‍ ബിജെപി നേതാക്കള്‍ പൊതുവെ തയ്യാറാകാറില്ല. ആ സാഹചര്യത്തിലാണ് ബി ഗോപാലകൃഷ്ണന്‍ ധീരമായി ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്.

കുമ്മനം രാജശേഖരന്റെ ചക്കമഹോത്സവത്തില്‍ റഹീം പോയിരുന്ന് ബീഫ് കഴിച്ചത് താനറിഞ്ഞില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം. തനിക്കവിടെ ബീഫുള്ളതായി അറിയുകയുമില്ല. ബീഫെന്നാല്‍ പശുവിറച്ചിയാണെന്ന തെറ്റിദ്ധാരണയിലായിരിക്കാം റഹീം ഇത് പറയുന്നത്, പക്ഷെ ബീഫെന്നാല്‍ പോത്തിറച്ചിയാണ്. പോത്തിറച്ചി ഞങ്ങളെല്ലാം കഴിക്കാറുണ്ട്. റഹീം കഴിക്കുന്നതിലും രണ്ട് പ്ലേറ്റ് കൂടുതല്‍ കഴിക്കാം, അതില്‍ സംശയമൊന്നും വേണ്ടെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി. കൃഷിക്കാരന് പോത്തിനെയോ പശുവിനെയോ എരുമയെയോ ഇന്ത്യയിലെവിടെയും വില്‍ക്കാം. പക്ഷെ, അത് മാര്‍ക്കറ്റിലാണ് വില്‍ക്കുന്നതെങ്കില്‍ ആറ് മാസം വരെ കൊല്ലാന്‍ പാടില്ലെന്നാണ് പുതിയ വിജ്ഞാപനം പറയുന്നതെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കുന്നു. ഗസറ്റിനെക്കുറിച്ച് സെബാസ്റ്റ്യന്‍ പോളിനും വലിയ അറിവില്ലെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ ഇതേദിവസം പശുവിനെക്കുറിച്ച് വാചാലനായിയാണ് വിവി രാജേഷ് ചാനല്‍ ചര്‍ച്ചകളിലെത്തിയത്. പശുവും അമ്മയും തനിക്ക് ഒരുപോലെയാണെന്നാണ് രാജേഷ് ഒരു ചാനലില്‍ പറഞ്ഞുവെച്ചത്. ഇതിന് കാരണമായി പറഞ്ഞതോ, താന്‍ അമ്മയുടെ മുലപ്പാലും പശുവിന്റെ പാലും കുടിച്ചിട്ടുണ്ടെന്നും. അമ്മ കാലിയല്ല രാജേഷ് എന്ന് രോഷത്തോടെ പ്രതികരിച്ച് ഉടന്‍ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയും രംഗത്തെത്തിയിരുന്നു. മറ്റൊരു ചാനലില്‍ സമാനമായ മറ്റൊരു വാദവും രാജേഷ് നിരത്തിയിരുന്നു. പ്രായമായ പശുക്കളെയും മൃഗങ്ങളെയും രക്ഷിതാക്കളോടാണ് രാജേഷ് താരതമ്യം നടത്തിയത്. ആരോഗ്യമുള്ള കാലത്ത് നമുക്ക് വേണ്ടി പണിയെടുത്ത മൃഗങ്ങളെ പ്രായമാകുമ്പോള്‍, മാംസവ്യാപാരത്തിനായി വില്‍ക്കുന്നതിനെതിരെയായിരുന്നു രാജേഷിന്റെ വിലാപം. സ്വന്തം അച്ഛനെയുമമ്മയെയും ഇതുപോലെ കൊണ്ടുപോയി മാംസവിലയ്ക്ക് കളയുമോ എന്നായിരുന്നു രാജേഷിന്റെ ചോദ്യം.

അതേസമയം കാര്‍ഷികാവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യരുതെന്ന കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം രാജ്യത്ത് കശാപ്പ് നിരോധിച്ചു എന്ന് വളച്ചൊടിച്ച് പ്രചരിപ്പിക്കുന്നത് മാധ്യമ ധര്‍മ്മമല്ലെന്നായിരുന്നു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നിലപാട്. ആഹാരത്തിനായി മൃഗങ്ങളെ വളര്‍ത്തുന്നതിനോ കശാപ്പ് ചെയ്യുന്നതിനോ കഴിക്കുന്നതിനോ ആരും വിലക്കേര്‍പ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഇറക്കിയ ഉത്തരവില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ഇത് മറച്ചു വെച്ച് രാഷ്ട്രീയ ലക്ഷ്യത്തോടെ മാധ്യമങ്ങളും പെരുമാറുന്നത് പരിതാപകരമാണ്. ഇതിന്റെ ചുവടു പിടിച്ചാണ് മന്ത്രിമാരും രാഷ്ട്രീയ നേതാക്കന്‍മാരും പ്രതികരണം നടത്തിയത്. കെപിസിസി അദ്ധ്യക്ഷനാകട്ടെ ഇത് റംസാന്‍ മാസത്തെ അട്ടിമറിക്കാനാണെന്ന് വരെ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

ജമ്മു കശ്മീര്‍ അടക്കം 20 സംസ്ഥാനങ്ങളില്‍ ഗോവധം നിരോധിച്ചിട്ടുള്ളതാണെന്നും കുമ്മനം ഓര്‍മ്മിപ്പിച്ചിരുന്നു. മൃഗങ്ങള്‍ക്ക് നേരെയുള്ള ക്രൂരത തടയല്‍ നിയമം അനുസരിച്ചാണ് കേന്ദ്രം ഈ വിജ്ഞാപനം പുറത്തിറക്കിയത്. മാത്രവുമല്ല ആചാരങ്ങളുടെ ഭാഗമായി മൃഗബലി നടത്തുന്നതും കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതിലെ ഉദ്യേശ ശുദ്ധി വ്യക്തമാണ്. രാജ്യത്തിന്റെ കാലി സമ്പത്ത് സംരക്ഷിക്കുക എന്നത് ഏതൊരു ഭരണകൂടത്തിന്റേയും കടമയാണ്. കൃഷിക്കുപയോഗിക്കുന്ന മൃഗങ്ങളെ കശാപ്പ് ചെയ്യുന്നത് രാജ്യത്തിന്റെ കാര്‍ഷിക മേഖലയെ ബാധിക്കുന്ന പ്രശ്‌നമാണ്. ആഗോള താപനം ഉള്‍പ്പടെയുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്കും കാലി സമ്പത്തിന്റെ നാശം കാരണമാകുന്നുണ്ട്. കന്നുകാലി ചന്തകള്‍ വഴി കന്നുകാലികളെ കശാപ്പിനായി വില്‍ക്കരുതെന്നാണ് കേന്ദ്ര പരിസ്ഥിതി മന്താലയത്തിന്റെ ഉത്തരവ്. കന്നുകാലി ചന്തകള്‍ എന്നാല്‍ കാര്‍ഷിക ചന്തകളാണ്. ഇവിടം വഴി കന്നുകാലികളെ വില്‍ക്കുന്നതും വാങ്ങുന്നതും കര്‍ഷകനായിരിക്കണമെന്നാണ് ഉത്തരവിന്റെ സാരാംശം. കന്നുകാലി ചന്തകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ ഉദ്ദേശിച്ച് പുറത്തിറക്കിയ വിജ്ഞാപനം വിവാദമാക്കുന്നത് ഗൂഢലക്ഷ്യത്തോടെയാണെന്നും കുമ്മനം പറഞ്ഞിരുന്നു.

DONT MISS
Top