എഫ്എ കപ്പ് കിരീടം ആഴ്‌സണലിന്; സ്പാനിഷ് കിങ്‌സ് കപ്പില്‍ മുത്തമിട്ട് ബാഴ്‌സ

എഫ്എ കപ്പുമായി ആഴ്സണല്‍

ലണ്ടന്‍/മാഡ്രിഡ്: എഫ്എ കപ്പില്‍ ആഴ്‌സണലും സ്പാനിഷ് കിങ്‌സ് കപ്പില്‍ ബാഴ്‌സലോണയും മുത്തമിട്ടു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്‍മാരായ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് അഴ്‌സണല്‍ എഫ്എ കപ്പ് സ്വന്തമാക്കിയത്. ഡിപ്പോര്‍ട്ടീവോ അലാവസിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് ബാഴ്‌സ സീസണിലെ ആദ്യ കിരീടം സ്വന്തമാക്കിയത്.

അലക്‌സി സാഞ്ചസ്, റാംസി എന്നിവരുടെ ഗോളുകളിലായിരുന്നു ആഴ്‌സണല്‍ ചെല്‍സിയുടെ കിരീട മോഹങ്ങള്‍ തകര്‍ത്തത്. ഡീഗോ കോസ്റ്റയുടെ വകയായിരുന്നു ചെല്‍സിയുടെ ആശ്വാസ ഗോള്‍. കൡതുടങ്ങി നാലാം മിനിട്ടില്‍ സാഞ്ചെസ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു. ലൈന്‍ റഫറി ഓഫ് സൈഡ് വിളിച്ചെങ്കിലും റഫറി ആന്റണി ടെയ്‌ലര്‍ ഗോള്‍ അനുവദിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ ഉണര്‍ന്ന് കളിച്ച ചെല്‍സി 76 ആം മിനിട്ടില്‍ കോസ്റ്റയുടെ ഗോളോടെ സമനില നേടിയെങ്കിലും സന്തോഷത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. 79 ആം മിനിട്ടില്‍ റാസി ചെല്‍സി വല ചലിപ്പിച്ച് ആഴ്‌സണലിനെ കിരീട വിജയത്തിലേക്ക് നയിച്ചു.

സ്പാനിഷ് കപ്പുമായി മെസിയും ഇനിയേസ്റ്റയും

സ്‌പെയിനില്‍ നടന്ന കിങ്‌സ് കപ്പില്‍ ബാഴ്‌സയുടെ പടയോട്ടമായിരുന്നു കണ്ടത്. ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ കടക്കാനാകാത്തതിന്റെയും ലാലിഗ കിരീടം കൈവിട്ടതിന്റെയും ക്ഷീണം തീര്‍ക്കാന്‍ കിരീട വിജയത്തോടെ ബാഴ്‌സയ്ക്ക് കഴിഞ്ഞു. സൂപ്പര്‍ താരം ലയണല്‍ മെസി, നെയ്മര്‍, അല്‍കെയ്‌സര്‍ എന്നിവരുടെ വകയായിരുന്നു ബാഴ്‌സയുടെ ഗോളുകള്‍. അലാവസിന്റെ ആശ്വാസ ഗോള്‍ ഹെമാന്‍ഡസിന്റെ വകയും.

ജര്‍മന്‍ കപ്പുമായി ബെറൂസിയ ഡോര്‍ട്ട്മുണ്ട്

ജര്‍മനിയില്‍ ബറൂസിയ ഡോര്‍ട്ട്മുണ്ട് കിരീടമുയര്‍ത്തി. ജര്‍മന്‍ കപ്പ് ഫൈനലില്‍ ഫ്രാങ്ക്ഫര്‍ട്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് ഡോര്‍ട്ട്മുണ്ട് ആദ്യമായി കിരീടത്തില്‍ മുത്തമിട്ടു. നേരത്തെ മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കൈവിട്ട കിരീടമാണ് ഡോര്‍ട്ട്മുണ്ട് ഇത്തവണ സ്വന്തമാക്കിയത്. ഒസ്മാന്‍ ഡെംബലെ, ഓബ്മയാങ് എന്നിവരുടെ ഗോളുകളുടെ മികവിലായിരുന്നു ഡോര്‍ട്ട്മുണ്ടിന്റെ വിജയം. ഫ്രാങ്ക്ഫര്‍ട്ടിന്റെ ഏകഗോള്‍ ആന്റെ റെബിക് നേടി.

DONT MISS
Top