യുപിയിലെ കൂട്ടബലാത്സംഗ വാര്‍ത്ത തള്ളി പൊലീസ്; സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പ്രാഥമിക റിപ്പോര്‍ട്ട്

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ വാഹനം തടഞ്ഞുനിര്‍ത്തി ഒരു കുടുംബത്തിലെ നാല് സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്‌തെന്ന വാര്‍ത്ത തെറ്റെന്ന് പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. സ്ത്രീകള്‍  ലൈംഗിക പീഡനത്തിന് ഇരയായിട്ടില്ലെന്ന് പൊലീസും ആശുപത്രി അധികൃതരും വ്യക്തമാക്കി.

വൈദ്യപരിശോധനയില്‍ ലൈംഗിക പീഡനം നടന്നതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ പൊലീസ് മേധാവി ലവ് കുമാര്‍ പറഞ്ഞു. നാല് ഇരകളേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെന്നും എന്നാല്‍ പ്രാഥമിക പരിശോധനയില്‍ ഇവരുടെ സ്വകാര്യഭാഗങ്ങളില്‍ മുറിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനുരാഗ് ഭാര്‍ഗവ് വ്യക്തമാക്കി. സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇരുവരും ലൈംഗിക പീഡന സാധ്യത തള്ളിക്കളഞ്ഞത്.

“ബീജ സാന്നിധ്യമുണ്ടോ എന്ന പരിശോധനയില്‍ ഫലം നെഗറ്റീവായിരുന്നു. ബീജങ്ങള്‍ക്ക് 72 മണിക്കൂര്‍ വരെ അതിജീവിക്കാന്‍ കഴിയും. അതിനാല്‍ത്തന്നെ തുടക്കത്തില്‍ നടത്തുന്ന സ്ലൈഡ് ടെസ്റ്റില്‍ കണ്ടെത്താനും കഴിയും. ഇവിടെ സംഭവം നടന്ന് ആറ് മണിക്കൂറിന് ശേഷമാണ് ടെസ്റ്റ് നടത്തിയത്. ലൈംഗിക പീഡനം നടന്നിട്ടുണ്ടായിരുന്നെങ്കില്‍ ടെസ്റ്റിന്റെ ഫലം പോസിറ്റീവ് ആകുമായിരുന്നു”. അനുരാഗ് ഭാര്‍ഗവ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് കൂട്ടബലാത്സംഗ വാര്‍ത്ത പുറത്തുവന്നത്. ഒരു കുടംബത്തിലെ എട്ട് പേര്‍ സഞ്ചരിക്കുകയായിരുന്ന വാഹനം മോഷ്ടാക്കള്‍ തടഞ്ഞുനിര്‍ത്തി നാല് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നായിരുന്നു വാര്‍ത്ത. ബലാത്സംഗം തടയാന്‍ ശ്രമിച്ച യുവാവിനെ അക്രമികള്‍ വെടിവെച്ച് കൊല്ലുകയും ചെയ്തിരുന്നു. അക്രമികള്‍ ഇവരുടെ പണവും സ്വര്‍ണവും കവര്‍ച്ച ചെയ്യുകയും ചെയ്തു.

അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. കേസ് അന്വേഷിക്കാന്‍ ആറ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.

DONT MISS
Top