അര്‍ണബ് ഗോസ്വാമിക്കെതിരെ ശശി തരൂര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു

ദില്ലി: മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിക്കെതിരെ കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ ദില്ലി ഹൈക്കോടതിയല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. ശശി തരൂര്‍ തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി വാര്‍ത്ത പുറത്ത് വിട്ടത്.

ഈ വാര്‍ത്ത അറിയിക്കുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, ദില്ലി ഹൈക്കോടതിയില്‍ അപവാദം പ്രചരിപ്പിക്കുന്നതിനെതിരെ പരാതി നല്‍കിയെന്നും തരൂര്‍ ട്വീറ്റ് ചെയ്തു. സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് നേതൃത്വം നല്‍കുന്ന റിപബ്ലിക്ക് ചാനല്‍ പുറത്ത് വിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ തന്നെ രംഗത്ത് വന്നിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം ദില്ലി പൊലീസ് പൂര്‍ത്തിയാക്കും വരെ ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങെളെ വിലക്കണമെന്നും തരൂര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ലാലു പ്രസാദ് യാദവുമായി ബന്ധപ്പെട്ട് റിപബ്ലിക്ക് ടിവി പുറത്ത് വിട്ട വാര്‍ത്തകള്‍ മോഷ്ടിച്ചതാണെന്ന് പരാതിയുമായി ടൈംസ് നൗ ചാനലും രംഗത്ത് വന്നിരുന്നു.

സുനന്ദ പുഷ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് മെയ് എട്ട് മുതല്‍ ചാനലില്‍ സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളാണ് കേസിനാധാരം. രാജ്യവിരുദ്ധ ചാനലിനോട് താന്‍ പ്രതികരിക്കില്ലെന്ന് കോണ്‍ഗ്ര് നേതാവ് മണിശങ്കര്‍ അയ്യര്‍ റിപബ്ലിക്കിന്റെ റിപ്പോര്‍ട്ടറോട് രൂക്ഷമായി പ്രതികരിച്ചത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.

DONT MISS
Top