‘അന്ന് ഞങ്ങള്‍ ശക്തരല്ലാത്തതിനാലാണ് എതിര്‍ക്കാതിരുന്നത്’; നിര്‍മ്മാല്യം ഇറങ്ങി 44 വര്‍ഷത്തിന് ശേഷം വിമര്‍ശനവുമായി കെപി ശശികല

ശശികല, പിജെ ആന്റണി, എംടി

മലയാളത്തിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നാണ് എംടിയുടെ നിര്‍മ്മാല്യം. പള്ളിവാളും കാല്‍ച്ചിലമ്പുമെന്ന തന്റെ ചെറുകഥയെ അടിസ്ഥാനമാക്കി 1973ലാണ് എംടി നിര്‍മാല്യം എന്ന സിനിമയൊരുക്കിയത്. ദേശീയ പുരസ്‌കാരം നേടിയ ചിത്രത്തിലെ നായകന്‍ പിജെ ആന്റണിയായിരുന്നു. സിനിമയിലെ നാടക കഥാപാത്രമായ വെളിച്ചപ്പാടിനെ അനശ്വരമാക്കിയ ആന്റണിക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്‌സാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. ഉറഞ്ഞുതുള്ളി തലവെട്ടിപ്പൊളിച്ച് വെളിച്ചപ്പാട് ഭഗവതിയുടെ നേര്‍ക്ക് ആഞ്ഞുതുപ്പുന്നതാണ് ഈ ക്ലൈമാക്‌സ്. ആ ക്ലൈമാക്‌സിനെതിരെയിതാ സിനിമയിറങ്ങി 44 വര്‍ഷത്തിന് ശേഷം, കെപി ശശികല വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ്.

മാവേലിക്കരയില്‍ നടന്ന ഹിന്ദു അവകാശസംരക്ഷണ യാത്രാ സ്വീകരണത്തിലായിരുന്നു ശശികലയുടെ പ്രതികരണം. നിര്‍മ്മാല്യമിറങ്ങിയ സമയത്ത് ഹിന്ദുസംഘടനകള്‍ ശക്തമായിരുന്നില്ല. അതിനാലാണ് വെളിച്ചപ്പാട് വിഗ്രഹത്തില്‍ തുപ്പുന്നത് എതിര്‍ക്കപ്പെടാതെ പോയതെന്നും അവര്‍ പറയുന്നു. മറ്റാരെയും പോലെ വ്യാസനും ഹിന്ദുഐക്യവേദിക്കും ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ട്. വ്യാസന്റെ രചനയ്ക്ക് അതിന്റേതായ പവിത്രതയുണ്ട്. എംടിയുടെ രണ്ടാമൂഴത്തിന്റെ ചലച്ചിത്രരൂപത്തിന് മഹാഭാരതം എന്ന് പേരിടാന്‍ അനുവദിക്കില്ലെന്നും ശശികല വ്യക്തമാക്കി. നിര്‍മ്മാല്യം സിനിമ ഇപ്പോളാണ് എടുക്കുന്നതെങ്കില്‍, തന്റെ തലപോകുമെന്ന് എംടി മാതൃഭൂമി ഓണപ്പതിപ്പില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് ചേര്‍ന്നുപോകുന്ന നിലപാടാണ് ശശികല പ്രഖ്യാപിച്ചിരിക്കുന്നത്.

ഡാവിഞ്ചികോഡിന് എന്തുകൊണ്ട് ബൈബിളെന്ന് പേരിട്ടില്ലെന്ന് കുന്നംകുളത്ത് ഇതേ ജാഥാവേദിയില്‍ ശശികല ചോദിച്ചിരുന്നു. മഹാഭാരതം എന്ന പേരിട്ട് ഒരു സിനിമയിറങ്ങണമെങ്കില്‍, മഹാഭാരതം എന്ന പേരുള്ള ഒരു ഗ്രന്ഥമുണ്ട്. അതെഴുതിയത് ലോകഗുരുവായ വ്യാസനാണ്. ആ മഹാഭാരതത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ഒന്നിനും മഹാഭാരതമെന്ന് പേരിടാന്‍ പറ്റില്ലെന്നും ശശികല വ്യക്തമാക്കിയിരുന്നു. രണ്ടാമൂഴം എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയെങ്കില്‍, സിനിമയ്ക്ക് രണ്ടാമൂഴം എന്ന് പേരിടാം. എത്ര ഊഴം വേണമെങ്കിലും തങ്ങള്‍ വന്ന് സിനിമ കാണാമെന്നും ശശികല പറഞ്ഞിരുന്നു. വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ട്. മഹര്‍ഷിയായിപ്പോയിയെന്നതുകൊണ്ട് അസഹിഷ്ണുതയ്ക്ക് പാത്രമാകേണ്ടയാളല്ല വ്യാസനെന്നും ശശികല പറഞ്ഞിരുന്നു. അതുകൊണ്ട് ഹിന്ദുത്വത്തെ ഇനിയും അപമാനിക്കേണ്ടെന്ന് കരുതേണ്ടെന്നും ശശികല മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിസര്‍ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവന്റെ മുഖമെന്നും ശശികല പറഞ്ഞു. നിങ്ങളുടെ തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹമെന്നും അവര്‍ മുന്‍പ് പറഞ്ഞിരുന്നു.

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്. യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനായ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മാതാവെന്നും ലാല്‍ പരിചയപ്പെടുത്തി. ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രമായി രണ്ടാമൂഴം മാറുമെന്നും ആയിരം കോടിയാണ് ചിലവെന്നും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക. രണ്ട് ഭാഗമായാണ് സിനിമ പുറത്തിറങ്ങുക. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും, ചുരുങ്ങിയത് 100 ഭാഷകളിലേക്കെങ്കിലും ചിത്രം മൊഴിമാറ്റുമെന്നാണ് നിലവിലെ പ്രഖ്യാപനം. ഓസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും. സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും. 2020ലാണ് സിനിമ തീയറ്ററുകളിലെത്തുക.

DONT MISS
Top