ട്രംപിന് വീണ്ടും തിരിച്ചടി; വിവാദ യാത്രാ വിലക്ക് ഉത്തരവിനുള്ള സ്റ്റേ യുഎസ് അപ്പീല്‍ കോടതി ശരിവെച്ചു, ഉത്തരവ് വിദ്വേഷകരവും വിവേചനപരവുമെന്ന് കോടതി

യാത്രാ വിലക്കിനെതിരെ നടന്ന പ്രതിഷേധം ( ഫയല്‍ ചിത്രം)

വാഷിംഗ്ടണ്‍ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന് വീണ്ടും തിരിച്ചടി. ആറു മുസ്ലീം രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ ട്രംപിന്റെ ഉത്തരവ് നടപ്പാക്കുന്നത്  യുഎസ് അപ്പീല്‍ കോടതി തടഞ്ഞു. ട്രംപിന്റെ യാത്രാവിലക്ക് ഉത്തരവ് സ്റ്റേ ചെയ്ത കീഴ്‌കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു.

രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രസിഡന്റിന്റെ ഉത്തരവ്, മതപരമായ അസഹിഷ്ണുതയും വിദ്വേഷജനകവും വിവേചനപരവുമാണെന്ന് ഫോര്‍ത്ത് സര്‍ക്യൂട്ട് അപ്പീല്‍ കോടതി മുഖ്യജഡ്ജി റോജര്‍ ഗ്രിഗറി അഭിപ്രായപ്പെട്ടു. യാത്രാവിലക്ക് സ്റ്റേ ചെയ്യാനുള്ള തീരുമാനത്തെ 10 ജഡ്ജിമാര്‍ അനുകൂലിച്ചപ്പോള്‍ മൂന്നു പേര്‍ മാത്രമാണ് എതിര്‍ത്തത്.

ഭരണഘടനാ തത്വങ്ങള്‍ ലംഘിക്കുന്നതാണ് ഉത്തരവെന്ന് കോടതി വിലയിരുത്തി. മതാടിസ്ഥാനത്തില്‍ വേര്‍തിരിവ് സൃഷ്ടിക്കുന്നത് യാത്രാ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനമെന്നും കോടതി പറഞ്ഞു.

കോടതി ഉത്തരവ് നിരാശാജനകമെന്ന് വൈറ്റ് ഹൌസ് പ്രതികരിച്ചു. ഈ രാജ്യങ്ങള്‍ മുസ്ലിം ഭൂരിപക്ഷമാണോ എന്ന് നോക്കിയല്ല, പകരം ഭീകരവാദ അപകടം മുന്‍നിര്‍ത്തിയാണ് ട്രംപ് ഭരണകൂടം ഉത്തരവ് ഇറക്കിയതെന്ന് വൈറ്റ് ഹൌസ് വ്യക്തമാക്കി.

അപ്പീല്‍ കോടതി ഉത്തരവിനെതിരെ യു എസ് സുപ്രിംകോടതിയെ സമീപിക്കാനാണ് ട്രംപ് ഭരണകൂടത്തിന്റെ തീരുമാനം. രാജ്യത്തെ ജനങ്ങളെ ഭീകരാക്രമണ ഭീഷണിയില്‍ നിന്നും തടയുക എന്ന ഉത്തരവാദിത്തത്തിന്റെ ഭാഗമായാണ് യാത്രിവിലക്ക് ഏര്‍പ്പെടുത്തിതെന്ന് അറ്റോര്‍ണി ജനറല്‍ ജെഫ് സെഷന്‍സ് അഭിപ്രായപ്പെട്ടു.

ഇറാന്‍, ലിബിയ, സുഡാന്‍, സിറിയ, യെമന്‍, സൊമാലിയ എന്നീ ആറു രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മാര്‍ച്ച് 15 അര്‍ധരാത്രി മുതല്‍ 90 ദിവസം യാത്രാവിലക്ക് ഏര്‍പ്പെടുത്താനായിരുന്നു ട്രംപ് ഉത്തരവിട്ടത്.

DONT MISS
Top