കാത്തിരിപ്പിന് വിരാമം, താരനിരയോടെ സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിന്റെ പ്രീമിയര്‍ഷോ

പ്രീമിയര്‍ ഷോയില്‍നിന്നും

മുംബൈ : ഒടുവില്‍ കാത്തിരിപ്പിന് വിരാമമിട്ട് സച്ചിന്റെ ജീവിതകഥ പറയുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിന്റെ പ്രീമിയര്‍ ഷോ മുംബൈയില്‍ നടന്നു. ക്രിക്കറ്റടക്കം വിവിധ മേഖലകളില്‍നിന്നും പ്രമുഖര്‍ ചിത്രത്തിന് പ്രശംസയുമായി എത്തി. ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ വിരാട്‌കോലി, കാമുകിയും ബോളിവുഡ് താരവുമായ അനുഷ്‌ക ശര്‍മ്മ, ഇന്ത്യയുടെ മുന്‍നായകന്‍ എംഎസ് ധോണി, യുവതാരം യുവരാജ് സിംഗ് അടക്കമുളളവര്‍ ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതകഥ പറയുന്ന ചിത്രത്തിന് ആശംസയുമായി ചടങ്ങിലെത്തി.

സിനിമ മേഖലയില്‍ നിന്നും അമിതാഭ് ബച്ചന്‍, ഷാറൂഖ് ഖാന്‍, ആമീര്‍ഖാന്‍ അടക്കമുള്ളവരും ചടങ്ങില്‍ പങ്കെടുത്തു. സച്ചിന്‍ ഭാര്യ അഞ്ജലി, മക്കളായ സാറ, അര്‍ജുന്‍ എന്നിവര്‍ക്കൊപ്പമാണ് ചടങ്ങിനെത്തിയത്.

ജയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ ശ്രീകാന്ത് ഭാസി, രവി ബാഗ്ചന്ദ്കയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതത്തെപ്പറ്റി ആരാധകര്‍ക്ക് അറിയാത്ത പല സംഭവങ്ങളിലേക്കും ചിത്രം ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ചിത്രത്തിന്റെ ട്രെയ്‌ലറും, പാട്ടുകളും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ “ഹിന്ദ് മേരി ജിന്ദ്” എന്ന ഗാനം ലക്ഷകണക്കിനാളുകളാണ് യൂട്യൂബില്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. നാളെ ചിത്രം തിയേറ്ററുകളിലെത്തും.

സച്ചിന്‍ കുടുംബത്തോടൊപ്പം

തന്റെ ജീവിതത്തിലൂടെ ക്രിക്കറ്റിനും ഒരു തലമുറയ്ക്ക് തന്നെയും മാര്‍ഗം കാട്ടിയ വ്യക്തിയാണ് സച്ചിന്‍. ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ജീവിതം സിനിമയായ പശ്ചാത്തലത്തില്‍ കായിക പ്രേമികളെല്ലാം വളരെയധികം ആകാംഷയോടെയാണ് സച്ചിന്റെ സിനിമയെ കാത്തിരിക്കുന്നത്.

സച്ചിന്റെ ജീവിതകഥക്ക് എല്ലവിധ ആശംസയും ആശിര്‍വാദവുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയും രംഗത്തെത്തിയിരുന്നു. രാജ്യത്തെ 1.25 ദശലക്ഷം ആളുകള്‍ക്ക് പ്രചോദനമാവുകയും, ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള ഒട്ടേറെ അവസരം നല്‍കിയതുമാണ് സച്ചിന്റെ ജീവിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം സച്ചിന്‍ ട്വിറ്ററില്‍ പങ്കുവച്ചിരിന്നു.

DONT MISS
Top