ഇതെന്ത് ആചാരം..! ബിരുദ ദാന ചടങ്ങിനിടെ അധ്യാപകന്റെ കാല്‍ തൊട്ട് വണങ്ങി ഇന്ത്യന്‍ വിദ്യാര്‍ത്ഥി, കാര്യമറിയാതെ അമ്പരന്ന് അധ്യാപകനും

ചിക്കാഗോ: ഭാരതത്തിന്റെ സംസ്‌കാരവും മര്യാദയും ലോകത്തിന്റെ ചര്‍ച്ചയില്‍ പലപ്പോഴും വിഷയമായിട്ടുണ്ട്. അതിഥി സല്‍കാരത്തിലായാലും മാതാ പിതാ ഗുരു ബഹുമാനത്തിലായാലും ഈ സംസ്‌കാരം ഭാരതത്തിന്റെ മുഖമുദ്ര കൂടിയാണ്. ഇപ്പോഴിതാ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയിലൂടെ രാജ്യത്തിന്റെ ഗുരുഭക്തി വീണ്ടും അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയാണ്. ബിരുദദാന ചടങ്ങിനിടെ അധ്യാപകന്റെ കാല് തൊട്ടു വണങ്ങുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വാര്‍ത്തയാണ് മാധ്യമങ്ങളില്‍ ഇടം നേടിയിരിക്കുന്നത്.

ചിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ബിരുദദാന ചടങ്ങിനിടെയാണ് സംഭവം നടന്നത്. ഔദ്യോഗിക ബിരുദം സ്വീകരിച്ചതിനു ശേഷം ബിരുദം സമ്മാനിച്ച അധ്യാപകന്റെ കാല്‍ തൊട്ട് വണങ്ങുകയാണ് ഗൗരവ് ജാവേരി എന്ന വിദ്യാര്‍ത്ഥി ചെയ്തത്. അപ്രതീക്ഷിതമായി വിദ്യാര്‍ത്ഥിവി തന്റെ കാല് തൊട്ടത് എന്തിനെന്നറിയാതെ അധ്യാപകന്‍ അമ്പരന്നു പോവുകും ചെയ്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ഇന്ത്യക്കാര്‍ എപ്പോഴും എവിടെയെത്തിയാലും ഇന്ത്യക്കാര്‍ തന്നെയായിരിക്കുമെന്ന അടിക്കുറിപ്പോടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിട്ടുണ്ട്.

ഡീനിന്റെ കാല്‍ തൊട്ട് വണങ്ങി ഇത് എന്ത് അടയാളമാണെന്ന വിശദീകരിക്കുക കൂടി ചെയ്യാതെ നടന്നു പോകുന്ന ഗൗരവിനെ നോക്കി അമ്പരന്നു നില്‍ക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഡീനിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ ഹിറ്റായിക്കൊണ്ടിരിക്കുകയാണ്. ട്വിറ്റര്‍ ട്രോളന്മാരും വീഡിയോയെ വെറുതെ വിട്ടിട്ടില്ല. ഇനിയിപ്പോ എന്റെ കാലില്‍ എന്തെങ്കിലും പറ്റിയതാണോ എന്ന മുഖഭാവത്തോടെ കാലിലേക്കും പിന്നീട് ഗൗരവിനെയും മാറി മാറി നോക്കുന്ന ഡീനിന് വലിയ ട്രോളുകളാണ് ട്വിറ്ററില്‍ ഇതിനോടകം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അതേസമയം അമേരിക്കയിലെത്തിയാലും ഇന്ത്യന്‍ മൂല്യങ്ങളും സംസ്‌കാരവും കാത്തുസൂക്ഷിക്കുന്ന ഗൗരവിന് വലിയ അഭിനന്ദനങ്ങളും ട്വിറ്ററില്‍ ഉയരുന്നുണ്ട്.

DONT MISS
Top