വരും തലമുറ ഓര്‍മിക്കും വിധത്തില്‍ ശത്രുക്കള്‍ക്ക് മറുപടി നല്‍കും: ഇന്ത്യക്ക് മുന്നറിയിപ്പുമായി പാകിസ്താന്‍

പാക് വ്യോമസേന മേധാവി സൊഹൈല്‍ അമന്‍

ഇസ്ലാമാബാദ്: അതിര്‍ത്തിയില്‍ തുടര്‍ച്ചയായുണ്ടാകുന്ന പ്രകോപനങ്ങള്‍ക്ക് തക്കതായ മറുപടി നല്‍കുമെന്ന പരോക്ഷ മുന്നറിയിപ്പ് നല്‍കി പാകിസ്താന്‍. ശത്രുക്കളെ നേരിടാന്‍ തങ്ങള്‍ ഏത് നിമിഷവും സജ്ജരാണെന്നും, ഓരോ ആക്രമണങ്ങളും വരും തലമുറ പോലും ഓര്‍മിക്കും വിധത്തിലായിരിക്കും തങ്ങള്‍  മറുപടി നല്‍കുകയെന്നും പാക് വ്യോമസേന മേധാവി സൊഹൈല്‍ അമന്‍ പറഞ്ഞു. ഇന്ത്യയുടെ പേരെടുത്ത് പറയാതെയായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

പാകിസ്താന്റെ മിറാഷ് യുദ്ധവിമാനങ്ങള്‍ സിയാച്ചിന്‍ മേഖലയില്‍ പറത്തിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. പാകിസ്താന്‍ വ്യോമസേനയുടെ പരിശീലനവും അദ്ദേഹം പരിശോധിച്ചു.

കഴിഞ്ഞ ദിവസം അതിര്‍ത്തിയിലുണ്ടായ പാക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടി നല്‍കിയിരുന്നു.  നൗഷേരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തിലായിരുന്നു ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലെ നൗഷേര സെക്ടറിലെ പാക് സൈനിക പോസ്റ്റുകള്‍ ഇന്ത്യ തകര്‍ക്കുകയും, ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കരസേന പുറത്തുവിടുകയും ചെയ്തിരുന്നു.

നൗഷേരയില്‍ നടന്ന ഭീകരാക്രണത്തില്‍ മൂന്ന് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. നാല് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തു. മറ്റ് ഭീകരര്‍ കാടുകളില്‍ ഒളിച്ചിരിക്കുകയാണെന്നാണ് സൈന്യത്തിന്റെ വിലയിരുത്തല്‍. പ്രദേശത്ത് തീവ്രവാദി സാന്നിധ്യം ഉണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു സൈന്യം അതിര്‍ത്തിയില്‍ പരിശോധന നടത്തിയത്. തുടര്‍ന്ന് ഭീകരര്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

DONT MISS
Top