ചിക്കന്‍ കബ്‌സ ഉണ്ടാക്കുന്ന വിധം

ചിക്കന്‍ കബ്സ

ആവശ്യമുള്ള സാധനങ്ങള്‍ (എട്ട് പേര്‍ക്ക്)

ബസ്മതി റൈസ്- ഒന്നര കിലോ
ചിക്കന്‍ രണ്ടെണ്ണം തൊലിയോട് കൂടി (ഒന്ന് നാല് കഷ്ണങ്ങളാക്കിയത്)
സവാള മീഡിയം മൂന്നെണ്ണം (ചെറുതായി കൊത്തിയരിഞ്ഞത്)
തക്കാളി നാലെണ്ണം (കൊത്തിയരിഞ്ഞത്)
ക്യാരറ്റ് വലുത് മൂന്നെണ്ണം (വളരേ ചെറുതായി കൊത്തിയരിഞ്ഞത്)
വെളുത്തുള്ളി പേസ്റ്റ് (രണ്ട് ടീസ്പൂണ്‍)
പച്ച മുളക് നാലെണ്ണം (നെടുകെ പിളര്‍ന്നത്)
തക്കാളി പേസ്റ്റ് 50 ഗ്രാം
കബ്‌സ മസാല (മൂന്ന് വലിയ സ്പൂണ്‍)
ഏലക്ക അഞ്ച് എണ്ണം
പട്ട ഒരു കഷ്ണം
ഗ്രാമ്പൂ അഞ്ചാറെണ്ണം
കുരുമുളക് പത്തെണ്ണം
ഉണക്ക നാരങ്ങ രണ്ടെണ്ണം,
ഇഞ്ചി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഓറഞ്ചിന്റെ തൊലി ചിരവിയെടുത്തത് ഒരു ടീസ്പൂണ്‍
ഓയില്‍ നാല് ടീസ്പൂണ്‍ (ഒലീവ് ഓയിലാണ് നല്ലത്)

ഉണ്ടാക്കുന്ന വിധം

അരി കഴുകി വൃത്തിയാക്കി അര മണിക്കൂര്‍ മുമ്പ് തന്നെ വെള്ളത്തില്‍ കുതിര്‍ത്ത് വെക്കുക. ചോറ് വേവാന്‍ ആവശ്യമായ ഒരു പാത്രം അടുപ്പില്‍ വെച്ച് അതിലേക്ക് എണ്ണയൊഴിക്കുക. എണ്ണയിലേക്ക് പട്ട, ഗ്രാമ്പൂ, ഏലക്ക, കുരുമുളക്, ഉണക്ക നാരങ്ങ പൊളിച്ചതും ഇടുക. ഉടനേ സവാള അതിലേക്ക് ഇട്ട് കൊടുത്ത് വഴറ്റുക. സവാള ബ്രൗണ്‍ കളര്‍ ആയാല്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളി പേസ്റ്റും ഇട്ട് ഇളക്കി കൊടുക്കുക. പച്ച മണം മാറിക്കഴിഞ്ഞാല്‍ ടൊമാറ്റോ പേസ്റ്റിട്ട് ഇളക്കുക. പിന്നീട് തക്കാളിയും ഇട്ട് കൊടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പ് ഇടുക. അടുത്തതായി കബ്‌സ മസാലയും ഇട്ട് ഇളക്കുക. ശേഷം ക്യാരറ്റും, ഓറഞ്ച് തൊലിയും ഇട്ട് നന്നായി ഇളക്കുക. അതിലേക്ക് കോഴി ഇട്ട് ചെറിയ തീയില്‍ വെച്ച് കോഴിയുടെ എല്ലാ ഭാഗത്തേക്കും മസാല പിടിക്കും വിധം ഇളക്കി യോജിപ്പിക്കുക. ചെറിയ തീയില്‍ അഞ്ച് മിനിറ്റ് വെച്ച് കോഴി ഒന്ന് മറിച്ചിട്ട് വീണ്ടും ഒരു അഞ്ച് മിനിറ്റ് നേരം ചെറിയ തീയില്‍ തന്നെ മൂടി വെക്കുക.

അരി കഴുകുന്നതിന് മുമ്പ് ഒരു പാത്രത്തില്‍ അളന്നു നോക്കി വേണം കഴുകി വെക്കാന്‍. ആ അളന്ന പാത്രത്തില്‍ ഒരു പാത്രം അരിയുണ്ടെങ്കില്‍ ഒന്നര പാത്രം വെള്ളം എടുത്ത് ആ ചട്ടിയിലേക്ക് ഒഴിച്ച് തീ കൂട്ടി പത്ത് മിനിറ്റ് നേരം തിളപ്പിക്കുക. ചൂടു വെള്ളം ഒഴിക്കുന്നതായിരിക്കും നല്ലത്.

എന്നിട്ട് കോഴി അതില്‍ നിന്നെടുത്ത് ഒരു പരന്ന ട്രേയില്‍ വെച്ച് ഓവണ്‍ മുകള്‍ ഭാഗം മാത്രം കത്തിച്ച് കോഴിയെ ഒന്ന് ചുവപ്പിക്കുക. ഒരു ഭാഗം ചുവന്ന് കഴിഞ്ഞാല്‍ കോഴി മറിച്ചിട്ട് മറു ഭാഗവും ചുവപ്പിക്കുക. ഓവണ്‍ ഇല്ലാത്തവര്‍ നോണ്‍സ്റ്റിക്ക് െ്രെഫപാനില്‍ കുറച്ച് ഒലീവ് ഓയില്‍ തടവി അതില്‍ കോഴി നിരത്തി വെച്ച് ചെറുതീയില്‍ ഇങ്ങിനെ ചെയ്യാവുന്നതാണ്. കോഴി എടുത്തതിന് ശേഷം അരി വെള്ളം ഊറ്റിക്കളഞ്ഞ് ആ പാത്രത്തിലേക്കിട്ട് വെള്ളം വറ്റുന്നത് വരെ വേവിച്ച് ചെറിയ തീയില്‍ പതിനഞ്ച് മിനിറ്റോളം ദമ്മില്‍ വെക്കേണ്ടതാണ്. എന്നിട്ട് ചോറെല്ലാം ദമ്മായി കഴിഞ്ഞാല്‍ ചോറ് വിളമ്പി അതിന് മേലെ കോഴി വെച്ച് കഴിച്ചു തുടങ്ങാവുന്നതാണ്. ചോറിന്റെ മുകളില്‍ ആവശ്യമെങ്കില്‍ ബദാമും അണ്ടിപ്പരിപ്പും ഉണക്ക മുന്തിരിയും െ്രെഫ ചെയ്ത് ചോറിനെ അലങ്കരിക്കാവുന്നതാണ്. പോഷക ഫലവും കൂടും.

(ഹമീദ് മസ്താന്‍ വടക്കേക്കാട്- ഫുഡ് ഓണ്‍ സ്ട്രീറ്റ് ഗ്രൂപ്പ്)

DONT MISS
Top