ചൈനീസ് അതിര്‍ത്തിക്കടുത്ത് ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സുഖോയ്-30 ജെറ്റ് വിമാനം കാണാതായി

പ്രതീകാത്മക ചിത്രം

ഗുവഹത്തി: ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ സുഖോയ്-30 ജെറ്റ് വിമാനം കാണാതായി. രണ്ട് പൈലറ്റുകളാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. അസമിലെ തേസ്പൂരിനടുത്ത് ചൈനീസ് അതിര്‍ത്തിക്കടുത്തായാണ് വിമാനം കാണാതായത് എന്ന് എയര്‍ഫോഴ്‌സ് വക്താക്കള്‍ അറിയിച്ചു.
ഇന്ന് രാവിലെ 9.30നായിരുന്നു വിമാനം തേസ്പൂരില്‍ നിന്നും ടേക്ക് ഓഫ് ചെയ്തത്. ചൈനയോട് ചേര്‍ന്ന അരുണാചല്‍പ്രദേശിന്റെ ദോലസാങ് പ്രദേശത്തുവെച്ച് കാണാതാകുകയായിരുന്നു.

തേസ്പൂരില്‍ നിന്നും 60 കിലോമീറ്റര്‍ അകലെയായിരിക്കുമ്പോള്‍, എകദേശം 11.30ഓടെയാണ് വിമാനവുമായി അവസാനം ആശയവിനിമയം നടത്തിയത് എന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 172 കിലോമീറ്റര്‍ ദൂരത്തിലാണ് തേസ്പൂര്‍ എയര്‍ഫോഴ്‌സ് സ്‌റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.

ഈ വര്‍ഷം മാര്‍ച്ചില്‍ രാജസ്ഥാനിലെ ബാര്‍മറില്‍ ഒരു സുഖോയ് 30 വിമാനം തകര്‍ന്നുവീണിരുന്നു. പൈലറ്റുമാര്‍ രക്ഷപ്പെട്ടിരുന്നു. ഇതുവരെയും ഇന്ത്യന്‍ എയര്‍ഫോഴ്‌സിനു നഷ്ടപ്പെട്ടത് 7 സുഖോയ്-30 വിമാനങ്ങളാണ്. റഷ്യന്‍ നിര്‍മിത വിമാനങ്ങളാണ് ഇവ.

DONT MISS
Top