തെരുവുനായ ആക്രമണത്തില്‍ മരിച്ച ജോസ് ക്ലിന്റെ മൃതദേഹം സംസ്കരിച്ചു

തിരുവനന്തപുരം : പുല്ലുവിളയിൽ തെരുവുനായ്ക്കളുടെ ആക്രമണത്തിൽ മരിച്ച ജോസ്ക്ലിന്റെ മൃതദേഹം സംസ്കരിച്ചു. സെന്റ് ജേക്കബ് പള്ളിയിലായിരുന്നു സംസ്കാരം.

ജോസ് ക്ലിന്റെിന്റെ മൃതദേഹവുമായി  നാട്ടുകാര്‍ അർദ്ധരാത്രിവരെ  നടത്തി വന്ന റോഡ് ഉപരോധം ജില്ലാ കളക്ടറെത്തി തെരുവുനായ പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പു നൽകിയതിനെ തുടർന്നാണ് അവസാനിപ്പിച്ചത്.  എങ്കിലും മൃതദേഹം പുല്ലുവിള ജംഗ്ഷനില്‍ സൂക്ഷിക്കുകയായിരുന്നു.

രാവിലെ ഏഴുമണിയോടെ പള്ളി വികാരി പുല്ലുവിള ജംഗ്ഷനിലെത്തി അന്തിയകര്‍മ്മങ്ങള്‍ നടത്തി. തുടര്‍ന്നാണ് സെന്ര് ജേക്കബ് പള്ളിയില്‍ സംസ്കരിക്കുകയായിരുന്നു.

പ്രദേശത്തെ മാലിന്യനിര്‍മാര്‍ജനം ഇന്നു മുതല്‍ ആരംഭിക്കുമെന്നും, തെരുവ് നായ്ക്കളെ പ്രദേശത്ത് നിന്ന് നീക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും ജില്ല കളക്ടര്‍ സമരക്കാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.  24 ന് യോഗം ചേര്‍ന്ന് സമഗ്ര ദുരിതാശ്വാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുമെന്നും കളക്ടര്‍ പറഞ്ഞു.

അതേ സമയം നായ്ക്കളെ വന്ധ്യകരിച്ചത് കൊണ്ടു മാത്രം പ്രശ്‌നം അവസാനിക്കുന്നില്ലെന്നും നായ്ക്കളെ നിര്‍മാര്‍ജനം ചെയ്യണമെന്നാണ് തങ്ങളുടെ ആവശ്യമെന്നുമാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്.

മത്സ്യ തൊഴിലാളിയായ ക്ലിന്റ് ജോലി കഴിഞ്ഞെത്തി ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ, തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും  ഇന്നലെ   പുലർച്ചെ മരിക്കുകയായിരുന്നു.

കഴിഞ്ഞവർഷം പുല്ലുവിളയിൽ നായയുടെ കടിയേറ്റ്​ ഒരു സ്​ത്രീ മരിച്ചിരുന്നു. പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങവെയാണ് അവര്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായത്. ആ സ്ത്രീയുടെ അയൽവാസിയാണ്​ ഇപ്പോൾ മരിച്ച ജോസ്​ക്ലിൻ.

DONT MISS
Top