രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം

ചെന്നൈ: രാഷ്ട്രീയ പ്രവേശം സംബന്ധിച്ച് അഭൂഹങ്ങള്‍ നിലനില്‍ക്കെ നടന്‍ രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം. തമിഴര്‍ മുന്നേട്ര പടൈ എന്ന സംഘടനയാണ് രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധവുമായെത്തിയത്. കര്‍ണ്ണാടകക്കാരനായ ഒരാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന മുദ്രാവാക്യം വിളികളുമായാണ് പ്രതിഷേധക്കാരെത്തിയത്. വീടിന് മുന്നില്‍ രജനീകാന്തിന്റെ കോലം പ്രതിഷേധക്കാര്‍ കത്തിച്ചു.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശം സംബന്ധിച്ച വാര്‍ത്തകളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. രജനീകാന്ത് ബിജെപിയുമായി കൈകോര്‍ക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തുമെന്നും സൂചനകളുണ്ടായിരുന്നു. ഡിഎംകെ നേതാവ് സ്റ്റാലിനും രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചു. എന്നാല്‍ ഉടന്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന സൂചനയാണ് രജനീകാന്ത് നല്‍കിയത്.

രജനീകാന്തിന്റെ വീടിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന പൊലീസുകാര്‍

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം ആരാധകരുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ ‘യുദ്ധത്തിന് സമയമാകുമ്പോള്‍ നിങ്ങള്‍ കൂടെയുണ്ടായിരിക്കണ’മെന്ന് രജനീകാന്ത് പറഞ്ഞിരുന്നു. ഇത് അദ്ദേഹത്തിന്റെ രാഷ്ട്രീയ പ്രവേശന സൂചനയായാണ് വിലയിരുത്തപ്പെട്ടത്. ആരാധകര്‍ക്ക് മുന്നില്‍ താന്‍ ഒരു കര്‍ണ്ണാടകക്കാരനെന്ന് പറഞ്ഞ രജനീകാന്ത്, തമിഴര്‍ തന്നെ തമിഴനായിത്തന്നെ സ്വീകരിച്ചു കഴിഞ്ഞുവെന്നും പറഞ്ഞു. താനിപ്പോള്‍ ഒരു ശുദ്ധ തമിഴനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതാണ് തമിഴര്‍ മുന്നേട്ര പടൈയെ ചൊടിപ്പിച്ചത്.

DONT MISS
Top