‘ഡാവിഞ്ചികോഡിന് എന്തേ ബൈബിളെന്ന് പേര് നല്‍കാഞ്ഞത്? തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹം’, മഹാഭാരതം സിനിമയ്‌ക്കെതിരെ കെപി ശശികല

ശശികല പ്രസംഗത്തിനിടെ

കുന്നംകുളം: വത്തിക്കാനിലെ രഹസ്യങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ് ഡാന്‍ബ്രൗണിന്റെ ഡാവിഞ്ചികോഡെന്ന പുസ്തകം, ലോകത്തെ ബെസ്റ്റ്‌സെല്ലറുകളിലൊന്നായ ആ ചിത്രത്തിന്റെ ചലച്ചിത്രരൂപവും ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ബൈബിളിലെ ചില പരാമര്‍ശങ്ങളുണ്ടെന്നത് ശരി തന്നെ, ബൈബിളിന്റെ മറ്റൊരു വായന മാത്രമല്ല ഡാവിഞ്ചികോഡെന്ന പുസ്തകം. ആ ഡാവിഞ്ചി കോഡെന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് സിനിമയൊരുക്കിയതും. എന്നാല്‍ ആ സിനിമയൊരുക്കിയത് ബൈബിളിനെ അടിസ്ഥാനമാക്കിയാണെന്നാണ് കെപി ശശികല അവകാശപ്പെടുന്നത്.

മോഹന്‍ലാലിന്റെ രണ്ടാമൂഴത്തെക്കുറിച്ച് വിശദീകരിക്കവെയാണ് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപി ശശികല ഡാവിഞ്ചി കോഡിലേക്ക് എത്തിയത്. കുന്നംകുളത്ത് ഹിന്ദുഅവകാശസംരക്ഷണ ജാഥയ്ക്ക് നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. നോവലെഴുതാം രണ്ടാമൂഴമോ മൂന്നാമൂഴമോ ആയിക്കോട്ടെ, പക്ഷെ ആ പേരില്‍ സിനിമയെടുക്കണം. ചെമ്മീനും ഓടയില്‍ നിന്നും സിനിമയായപ്പോള്‍ അങ്ങനെ തന്നെയല്ലേ പേരിട്ടതെന്നും അവര്‍ ചോദിച്ചു. ബൈബിളിന്റെ മറ്റൊരു വായനയല്ലേ ഡാവിഞ്ചികോഡ്. ബൈബിളില്‍ പറയുന്ന സത്യങ്ങളുടെ മറ്റൊരു അന്വേഷണമാണ് ഡാവിഞ്ചികോഡ്. അത് സിനിമയായില്ലേ, അതിനെന്താ ബൈബിളെന്ന് പേര് കൊടുക്കാത്തത്. ബൈബിളിന്റെ മറ്റൊരു രൂപമാണ് ഡാവിഞ്ചി കോഡ്. ബൈബിളില്‍ പറയുന്ന കാര്യങ്ങളാണ് അവിടെയും പറയുന്നത്. അതിന് പേര് ഇട്ടപ്പോള്‍ ബൈബിളെന്നല്ലല്ലോ ഡാവിഞ്ചി കോഡെന്നല്ലേ പേരിട്ടതെന്നും ശശികല ചോദിച്ചു. എന്നാല്‍ ഡാവിഞ്ചി കോഡെന്നൊരു വിശ്വപ്രസിദ്ധ നോവലുണ്ടെന്ന കാര്യം ശശികല മിണ്ടിയേയില്ല.

ബാഹുബലിയെ നാല് കൈയും കൂട്ടിയടിച്ച് സ്വീകരിക്കണമെന്നുണ്ടായിരുന്നു നമുക്കെല്ലാം എന്ന് പറഞ്ഞുകൊണ്ടാണ് ശശികല പ്രസംഗം ആരംഭിച്ചത് തന്നെ. നാല് കയ്യടിക്കാന്‍ മഹാവിഷ്ണുവായാല്‍ മതിയായിരുന്നുവെന്ന് കരുതി. അതുപോലൊരു ബ്രഹ്മാണ്ഡചിത്രം കൂടി വരുന്നുണ്ട,് കേരളത്തില്‍ നിന്നാണ് അത് വരുന്നത്. മഹാഭാരതം എന്നാണ് പേര്. എത്രയോ കോടിയിറക്കുന്നുണ്ട്, സന്തോഷം. ചിത്രം വന്നോട്ടെ, പക്ഷെ ചെറിയൊരു കാര്യം ഹൈന്ദവസമൂഹത്തിന് പറയാനുണ്ട്. മഹാഭാരതം എന്ന പേരിട്ട് ഒരു സിനിമയിറങ്ങണമെങ്കില്‍, മഹാഭാരതം എന്ന പേരുള്ള ഒരു ഗ്രന്ഥമുണ്ട്. അതെഴുതിയത് ലോകഗുരുവായ വ്യാസനാണ്. ആ മഹാഭാരതത്തോട് ചേര്‍ന്ന് നില്‍ക്കാത്ത ഒന്നിനും മഹാഭാരതമെന്ന് പേരിടാന്‍ പറ്റില്ലെന്നും ശശികല വ്യക്തമാക്കി.

രണ്ടാമൂഴം എന്ന പുസ്തകത്തെ അധികരിച്ചാണ് സിനിമയെങ്കില്‍, സിനിമയ്ക്ക് രണ്ടാമൂഴം എന്ന് പേരിടാം. എത്ര ഊഴം വേണമെങ്കിലും തങ്ങള്‍ വന്ന് സിനിമ കാണാമെന്നും ശശികല പറഞ്ഞു. ആ കട്ടില് കണ്ട് പനിക്കണ്ട, ആ പരിപ്പീ മണ്ണില്‍ വേവില്ല എന്നും ശശികല പറഞ്ഞുവെക്കുന്നു. വേദവ്യാസനെന്ന എഴുത്തുകാരനും തന്റേതായ അവകാശമുണ്ട്. എംടിക്കുള്ള അവകാശവും ആവിഷ്‌കാരസ്വാതന്ത്ര്യവും വ്യാസനുമുണ്ട്. സ്വന്തം കഥയെയും കഥാപാത്രങ്ങളെയും അതുപോലെ നിലനിര്‍ത്താന്‍ വ്യാസനും അവകാശമുണ്ട്. മഹര്‍ഷിയായിപ്പോയിയെന്നതുകൊണ്ട് അസഹിഷ്മുതയ്ക്ക് പാത്രമാകേണ്ടയാളല്ല വ്യാസനെന്നും ശശികല പറയുന്നു. അതുകൊണ്ട് ഹിന്ദുത്വത്തെ ഇനിയും അപമാനിക്കേണ്ടെന്ന് കരുതേണ്ടെന്നും ശശികല മുന്നറിയിപ്പ് നല്‍കി. രാഷ്ട്രീയക്കാര്‍ക്കും എഴുത്തുകാര്‍ക്കും വിസര്‍ജിക്കാനുള്ള സ്ഥലമല്ല ഹിന്ദുവന്റെ മുഖമെന്നും ശശികല പറഞ്ഞു. നിങ്ങളുടെ തുപ്പക്കോളാമ്പികളോ ക്ലോസറ്റുകളോ അല്ല ഹിന്ദുസമൂഹം. സിനിമയിറക്കി മോഹന്‍ലാല്‍ അഭിനയിക്കട്ടെ, ആയിരമിക്കിയാല്‍ ഒരു ലക്ഷം തിരിച്ചുകൊടുക്കാം. അല്ലാതെ എന്ത് ചവറും തങ്ങള്‍ സ്വീകരിക്കില്ലെന്നും ശശികല പറഞ്ഞു. ഇനിയും താന്‍ പ്രസംഗം നിര്‍ത്തിയില്ലെങ്കില്‍ യുദ്ധകാണ്ഠത്തിലേക്ക് പോകുമെന്നതിനാലാണ് പ്രസംഗം നിര്‍ത്തുന്നതെന്ന് പറഞ്ഞുകൊണ്ടാണ് അവര്‍ പ്രസംഗം അവസാനിപ്പിക്കുന്നത്. കുരുക്ഷേത്രയുദ്ധം നയിക്കുകയാണ് ഹിന്ദു സമൂഹമെന്നും, വിജയം കാണും വരെ പോരാടാമെന്നും ശശികല ആഹ്വാനം ചെയ്യുന്നു.

കെപി ശശികലയെ അനുകൂലിക്കുന്നവരുടെ ഫെയ്‌സ്ബുക്ക് പേജുള്‍പ്പെടെ സിനിമയ്ക്കെതിരെ പ്രചരണവുമായി മുന്‍പ് രംഗത്തെത്തിയിരുന്നു.  ആയിരമല്ല, പതിനായിരം കോടി മുടക്കിയാലും രണ്ടാമൂഴം ‘മഹാഭാരത’മാകില്ലെന്നും, വ്യാസമഹാഋഷിയുടെ മഹാഭാരതം ഒരിക്കലും രണ്ടാമൂഴവുമല്ലെന്നും അവര്‍ ആരോപിട്ടിരുന്നു. എംടിയുടെ മാനസികവൈകല്യ കൃതിയാണ് രണ്ടാമൂഴമെന്ന് അവര്‍ ആരോപിക്കുന്നു. ആ കൃതിയെ ആസ്പദമാക്കി ഇറങ്ങുവാന്‍ പോകുന്ന സിനിമയ്ക്ക് മഹാഭാരതം എന്ന പേര് നല്‍കുകയാണെങ്കില്‍ അതിനെതിരെ കോടതിയില്‍ പോകുവാന്‍ തയാറാകണമെന്നും ശശികലയുടെ അണികള്‍ ആഹ്വാനം ചെയ്തിരുന്നു. കാരണം മഹാഭാരതത്തിന്റെ ജാരസന്തതിയെന്ന് പോലും വിളിക്കപ്പെടാന്‍ യോഗ്യതയില്ല രണ്ടാമൂഴത്തിനെന്നും അവര്‍ പറയുന്നു. ആ കൃതി മഹാഭാരതമാക്കിയാല്‍ അത് കാണുന്ന ലോകജനതയും വരും തലമുറയും ഇതിനെ യഥാര്‍ത്ഥ മഹാഭാരത കഥയായി തെറ്റിദ്ധരിക്കുവാന്‍ ഇടയുണ്ട്. അത് അനുവദിക്കരുതെന്നും വി ലവ് ശശികല പേജ് ആവശ്യപ്പെടുന്നു. അങ്ങനെ കേസ് കൊടുത്താല്‍ കുറഞ്ഞ പക്ഷം ‘ഇത് ഞങ്ങടെ സ്വതന്ത്ര വ്യാഖ്യാനം, യഥാര്‍ത്ഥ മഹാഭാരതവുമായി ഇതിന് യാതൊരു ബന്ധവുമില്ല എന്ന മുന്നറിയിപ്പെങ്കിലും നല്‍കുവാന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരാകുമെന്നും ശശികല ഫോളോവേഴ്സ് പേജ് പറഞ്ഞുവെക്കുന്നു. ഹൈന്ദവരോട് അഭ്യര്‍ത്ഥന എന്ന പേരിലാണ് പോസ്റ്റ് തയ്യാറാക്കിയിരുന്നത്.  ഇതിന് പിന്നാലെയാണ് ശശികല തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

ഇന്ത്യന്‍ സിനിമാലോകം കാത്തിരിക്കുന്ന സ്വപ്‌ന തുല്യ പ്രൊജക്ടായ രണ്ടാമൂഴം മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാല്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപിച്ചത്. യുഎഇ എക്‌സ്‌ചേഞ്ച്, എന്‍എംസി ഹെല്‍ത്ത് കെയര്‍ എന്നിവയുടെ സ്ഥാപക ചെയര്‍മാനായ ബിആര്‍ ഷെട്ടിയാണ് നിര്‍മ്മാതാവെന്നും ലാല്‍ പരിചയപ്പെടുത്തി. ഏറ്റവും മുതല്‍മുടക്കില്‍ ചിത്രീകരിച്ച ഇന്ത്യന്‍ ചിത്രമായി രണ്ടാമൂഴം മാറുമെന്നും ആയിരം കോടിയാണ് ചിലവെന്നും അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തിയത്.

പ്രശസ്ത പരസ്യ സംവിധായകന്‍ വിഎ ശ്രീകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിനുപുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, ഇംഗ്ലീഷ് എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുക. രണ്ട് ഭാഗമായാണ് സിനിമ പുറത്തിറങ്ങുക. ലോകത്തെ മിക്ക പ്രധാന ഭാഷകളിലേക്കും, ചുരുങ്ങിയത് 100 ഭാഷകളിലേക്കെങ്കിലും ചിത്രം മൊഴിമാറ്റുമെന്നാണ് നിലവിലെ പ്രഖ്യാപനം. ഓസ്‌കാര്‍ ജേതാക്കളുള്‍പ്പെടെയുള്ള പ്രശസ്ത സാങ്കേതിക വിഗദ്ധരുടെ ഒരു നിരതന്നെ സിനിമയ്ക്കായി ഒരുമിക്കും. സംഗീത വിഭാഗം എആര്‍ റഹ്മാനാവും കൈകാര്യം ചെയ്യുക എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. വിഎഫ്എക്‌സ് ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തുന്ന ഇന്ത്യന്‍ ചിത്രവും രണ്ടാമൂഴമായി മാറും. അന്താരാഷ്ട്ര കാസ്റ്റിംഗ് കമ്പനിയാണ് അഭിനേതാക്കളെ തിരഞ്ഞെടുക്കുക. അണിയറ നീക്കങ്ങള്‍ വളരെ വേഗത്തില്‍ നടത്തി അടുത്ത വര്‍ഷം അവസാനത്തോടെ ചിത്രീകരണമാരംഭിക്കും. 2020ലാണ് സിനിമ തീയറ്ററുകളിലെത്തുക.

DONT MISS
Top