സികെ വിനീതിന്റെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ്‌സിയ്ക്ക് ഫെഡറേഷന്‍ കപ്പ് കിരീടം

സി കെ വിനീതിന്റെ ആഹ്ലാദപ്രകടനം

കട്ടക്ക് : ജോലിയുമായി ബന്ധപ്പെട്ട വിവാദങ്ങളൊന്നും തന്റെ കേളീമികവിനെ ബാധിച്ചിട്ടില്ലെന്ന് തെളിയിച്ച് ഫുട്‌ബോള്‍ താരം സി കെ വിനീത്. വിനീതിന്റെ ഇരട്ടഗോള്‍ മികവില്‍ ബംഗളൂരു എഫ് സി ഫെഡറേഷന്‍ കപ്പ് കിരീടം നേടി.

നിലവിലെ ചാമ്പ്യന്മാരായിരുന്ന മോഹന്‍ ബഗാനെയാണ് വിനീതും സംഘവും പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടുഗോളിനായിരുന്നു ബംഗളൂരുവിന്റെ വിജയം. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തിനൊടുവിലായിരുന്നു ബംഗളൂരുവിന്റെ വിജയം.


60 ആം മിനുട്ടില്‍ ഉദാന്തയ്ക്ക് പകരക്കാരനായാണ് വിനീത് കളത്തിലിറങ്ങുന്നത്. എന്നാല്‍ നിശ്ചിത സമയത്ത് ഇരുകൂട്ടര്‍ക്കും ഗോള്‍ വല ചലിപ്പിക്കാനായില്ല.

അധികസമയത്തിന്റെ 107, 119 മിനുട്ടുകളിലായിരുന്നു ബംഗളൂരുവിന്റെ കിരീടം ഉറപ്പിച്ച വിനീതിന്റെ ഗോളുകള്‍ പിറന്നത്. മോഹന്‍ ബഗാന്‍ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്തായിരുന്നു വിനീതിന്റെ ആദ്യഗോള്‍.

മോഹന്‍ ബഗാന്റെ സോണി നോര്‍ദെ, കറ്റ്‌സുമി യൂസ കൂട്ടികെട്ടിനെ സമര്‍ത്ഥമായി പിടിച്ചുകെട്ടാനായതും ബംഗളൂരുവിന് തുണയായി. നായകന്‍ സുനില്‍ ചേത്രിയും മധ്യനിര താരം കാമെറണ്‍ വാറ്റ്‌സണും ഇല്ലാതെയാണ് ബംഗളൂരു ഫൈനല്‍ കളിക്കാനിറങ്ങിയത്.

വിജയത്തോടെ അടുത്തവര്‍ഷം നടക്കുന്ന എഎഫ്‌സി കപ്പില്‍ ബംഗളൂരു എഫ് സി സ്ഥാനമുറപ്പിച്ചു.

DONT MISS
Top