തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് മല്‍സ്യതൊഴിലാളി മരിച്ചു

ഫയല്‍ ചിത്രം

തിരുവനന്തപുരം: തിരുവനന്തപുരത്ത് തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ മരിച്ചു.   പുല്ലുവിള സ്വദേശി ജോസ് ക്ലിന്‍ ആണ് മരിച്ചത്. മല്‍സ്യതൊഴിലാളിയായ ജോസ്ക്ലിന് ഇന്നലെ രാത്രിയാണ് നായയുടെ ആക്രമണത്തിനിരയായത്.

ജോലി കഴിഞ്ഞെത്തിയ ജോസ് ക്ലിന്‍ ആഹാരം കഴിച്ചശേഷം, തോണിയുടെ അടുത്തേയ്ക്ക് പോകവെയാണ്  ഒരു കൂട്ടം നായ്ക്കളുടെ ആക്രമണത്തിനിരയായത്.

കൈക്കും താടിക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ, കടപ്പുറത്തെത്തിയ മറ്റ്​ മത്​സ്യത്തൊഴിലാളികൾ തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആ​ശുപത്രിയിൽ എത്തിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ഇന്ന്​ പുലർച്ചെ മരിക്കുകയായിരുന്നു.  മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ്​ ആശുപ​ത്രിയിലാണ്​.

കഴിഞ്ഞവർഷം പുല്ലുവിളയിൽ നായയുടെ കടിയേറ്റ്​ ഒരു സ്​ത്രീ മരിച്ചിരുന്നു. പ്രാഥമിക കൃത്യത്തിനായി പുറത്തിറങ്ങവെയാണ് അവര്‍ തെരുവ് നായയുടെ ആക്രമണത്തിനിരയായത്. ആ സ്ത്രീയുടെ അയൽവാസിയാണ്​ ഇപ്പോൾ തെരുവുനായ ആക്രമണത്തിനിരയായി  മരിച്ച ജോസ്​ക്ലിൻ.

DONT MISS
Top