ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ ഇന്ന് പ്രകാശനം ചെയ്യും

തിരുവനന്തപുരം :ഡിജിപി ജേക്കബ് തോമസിന്റെ ആത്മകഥ ‘സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ’ ഇന്ന് പ്രകാശനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയനാണ് പുസ്തകപ്രകാശനം നടത്തുന്നത്. പുറത്തിറങ്ങും മുമ്പേ വിവാദമായ പുസ്തകം കറന്റ് ബുക്സാണ് പുറത്തിറക്കുന്നത്.

തിരുവനന്തപുരം പ്രസ് ക്ലബില്‍ വൈകീട്ട് അഞ്ചിനാണ് പുസ്തക പ്രകാശന ചടങ്ങ്. കേരളത്തിലെ ഏക ആദിവാസി ഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയുടെ പ്രസിഡന്റ് വി ഗോവിന്ദരാജ് മുഖ്യമന്ത്രിയില്‍ നിന്നും പുസ്തകം ഏറ്റുവാങ്ങും.

30 വര്‍ഷം നീണ്ട സര്‍വീസ് കാലഘട്ടത്തെക്കുറിച്ച് പ്രതിപാദിക്കുന്ന പുസ്തകം ഏറെ ചര്‍ച്ചയായിരുന്നു. ബാർ കോഴ കേസിന്റെ അന്വേഷണത്തിന്റെ ദിശ മാറ്റാൻ  കെ. ബാബുവിനെ സംരക്ഷിക്കുന്നവർ ശ്രമിച്ചുവെന്ന് ഉമ്മൻ ചാണ്ടിക്കെതിരെ പരോക്ഷ പരാമർശം ആത്മകഥയിൽ ഉണ്ട്. ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല അന്വേഷണത്തിൽ ഇടപെട്ടിട്ടില്ലെന്നും ജേക്കബ് തോമസ് ആത്മകഥയില്‍ പറയുന്നു.

തന്നേക്കാള്‍ ജൂനിയറായ ശങ്കര്‍ റെഡ്ഡിയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ട വിരുദ്ധമായാണ്. സത്യസന്ധമായി പ്രവര്‍ത്തിച്ചതിനാല്‍ മനസ്സിന് സുഖമില്ലാത്തവന്‍ എന്നതടക്കം നിരവധി ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്നു.

 പിണറായി വിജയന്‍  മുഖ്യമന്ത്രി ആയി കാണാൻ ആഗ്രഹിച്ചിരുന്നു. നല്ലതും ഉറച്ചതുമായ തീരുമാനങ്ങളെടുക്കാനും എന്തു വില കൊടുത്തും അവ നടപ്പാക്കാന്‍ ശ്രമിക്കാനുമുള്ള താല്‍പ്പര്യം പിണരായി വിജയനെ ഭൂരിപക്ഷം രാഷ്ട്രീയക്കാരില്‍ നിന്നും വേറിട്ടു നിര്‍ത്തുന്നുവെന്ന് ആത്മകഥയിൽ ജേക്കബ് തോമസ് പറയുന്നു.

കേരള രാഷ്ട്രീയത്തിലെ പല അഴിമതിക്കേസുകളുമടക്കം, വിവാദമായേക്കാവുന്ന പല വെളിപ്പെടുത്തലുകളും പുസ്തകത്തിലുള്ളതായാണ് സൂചന.

DONT MISS
Top