മരണത്തിലും മഹത്വം കാട്ടി മനു മോഹന്‍; അവയവദാനത്തിലൂടെ പുതുജീവന്‍ നല്‍കിയത് മൂന്ന് പേര്‍ക്ക്

തിരുവനന്തപുരം: മെഡിക്കല്‍ കോളെജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം നെല്ലിമൂട് കൈവന്‍വിള വേങ്ങനിന്ന പുത്തന്‍ വീട്ടില്‍ മോഹനന്റെ മകന്‍ മനുമോഹന്‍ (22) വിടപറഞ്ഞത് മൂന്നുപേര്‍ക്ക് പുതുജീവന്‍ നല്‍കി. അവയവ ദാനത്തിലൂടെ മനു മോഹന്റെ കരള്‍, രണ്ട് വൃക്കകള്‍ എന്നിവയാണ് മറ്റുള്ളവരിലൂടെ ഇനി ജീവിക്കുന്നത്.

ആശങ്കകള്‍ക്കും സംശയങ്ങള്‍ക്കും ഇടനല്‍കാതെ മസ്തിഷ്‌ക മരണം സ്ഥിരീകരിക്കണമെന്ന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ചുള്ള സര്‍ക്കാര്‍ മേഖലയിലെ ആദ്യ മസ്തിഷ്‌ക മരണ സ്ഥിരീകരണമായിരുന്നു ഇത്. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്ന ഡോക്ടര്‍മാരിലൊരാള്‍ ആ ആശുപത്രിക്ക് പുറത്ത് നിന്നുള്ള സര്‍ക്കാര്‍ ഡോക്ടറായിരിക്കണമെന്നുള്ള നിര്‍ദേശമുണ്ടായിരുന്നു. മസ്തിഷ്‌ക മരണം സ്ഥിരീകരിക്കാനായി ഡിഎച്ച്എസിന്റെ കീഴില്‍ ജില്ലകള്‍ തോറും ഡെപ്യൂട്ടി ഡിഎംഒ മാരെ നിയമച്ചിരുന്നു. ഇതിനായി അവര്‍ക്ക് പ്രത്യേക പരിശീലനവും നല്‍കിയിരുന്നു. ആ ഡെപ്യൂട്ടി ഡിഎംഒ ഉള്‍പ്പെടെ നാല് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യം ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തു. സര്‍ക്കാര്‍ മെഡിക്കല്‍ കോളെജ് ആയിരുന്നിട്ടു കൂടി പൂറത്തുനിന്നുള്ള സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തിലായിരുന്നു മസ്തിഷ്‌ക മരണ സ്ഥിരീകരണം.

എയര്‍പോര്‍ട്ടില്‍ കരാറടിസ്ഥാനത്തില്‍ ഹൗസ് കീപ്പറായി ജോലി നോക്കുകയായിരുന്നു മനു മോഹന്‍. നെല്ലിമൂട് ദിവ്യകാരുണ്യ ദേവാലയത്തിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. ഇക്കഴിഞ്ഞ ഞായറാഴ്ച ദേവാലയത്തിലെ ദിവ്യബലി ഉത്സവ സമാപന ദിവസം രാത്രി കൈവന്‍വിള പെട്രോള്‍ പമ്പില്‍ പെട്രോളടിക്കാന്‍ പോകുകയായിരുന്നു മനുമോഹന്‍. ചാറ്റല്‍ മഴയില്‍ പെട്രോള്‍ പമ്പിന്റെ സമീപം വച്ച് സഞ്ചരിച്ച ബൈക്ക് തെന്നി തലയിടിച്ച് വീണ് ഗുരുതരമായി പരുക്കേറ്റു.

അപകടം ഉണ്ടായ ഉടന്‍ തന്നെ മനു മോഹനെ പിആര്‍എസ് ആശുപത്രിയില്‍ എത്തിച്ചു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന മനുമോഹനെ വെന്റലേറ്റര്‍ സൗകര്യമുള്ള ആമ്പുലന്‍സില്‍ അവിടെ നിന്നും മെഡിക്കല്‍ കോളെജിലെത്തിച്ചെങ്കിലും വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനാല്‍ കിംസ് ആശുപത്രിയില്‍ കൊണ്ടു പോയി. അവിടത്തെ പരിശോധനയില്‍ 99 ശതമാനവും മസ്തിഷ്‌ക മരണത്തിനുള്ള സാധ്യതയുള്ളതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. മെഡിക്കല്‍ കോളെജില്‍ വെന്റിലേറ്ററില്‍ സൗകര്യം ലഭ്യമായതിനെ തുടര്‍ന്ന് ബുധനാഴ്ച എസ്എസ്ബി മെഡിക്കല്‍ ഐസിയുവില്‍ മനു മോഹനെ പ്രവേശിപ്പിച്ചു. ജീവന്‍ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്‌തെങ്കിലും ശനിയാഴ്ച വൈകുന്നേരത്തോടെ മനു മോഹന് മസ്തിഷ്‌ക മരണം സംഭവിച്ചു. തുടര്‍ന്ന് സര്‍ക്കാരിന്റെ കര്‍ശന നിര്‍ദേശങ്ങളനുസരിച്ച് നാല് ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍ ആറ് മണിക്കൂര്‍ ഇടവിട്ട് രണ്ട് പ്രാവശ്യം മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു.

തങ്ങളുടെ പ്രിയപ്പെട്ട മകന്‍ അകാലത്തില്‍ പൊലിഞ്ഞെന്നുള്ള സത്യം മനസിലാക്കിയ ബന്ധുക്കള്‍ അവയവദാനത്തിന് സ്വയമേധയാ തയ്യാറാകുകയായിരുന്നു. യുവജന ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിരുന്ന മനു മോഹനന്റെ ആഗ്രഹമായിരുന്നു മരണാനന്തര അവയവദാനം. ദിവ്യ കാരുണ്യ ഇടവകയിലെ വികാരി ഫാദര്‍ ബിനുവും അവയവദാനത്തിന്റെ മാഹാത്മ്യം ബന്ധുക്കളെ ഓര്‍മ്മിപ്പിച്ചു. തീവ്രദു:ഖത്തിലും തന്റെ മകന്റെ അവയവങ്ങള്‍ മറ്റുള്ളവരിലൂടെ ജീവിക്കട്ടെ എന്ന് പറഞ്ഞ് മനുമോഹന്റെ അച്ഛന്‍ അവയവ ദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. ഒപ്പം ഉറച്ച പിന്തുണയോട മനു മോഹന്റെ സഹോദരന്‍ ജിനു മോഹനുമുണ്ടായിരുന്നു. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസജ്ജീവനിയാണ് അവയവദാന പ്രക്രിയയ്ക്ക് നേതൃത്വം നല്‍കിയത്.

പൂജപ്പുര ആയുര്‍വേദ ആശുപത്രിയിലെ ജീവനക്കാരിയായ ബീനയാണ് മനു മോഹന്റെ അമ്മ. അവയവദാന ശസ്ത്രക്രിയയ്ക്ക് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം കഴിഞ്ഞ് പൂര്‍ണ ബഹുമതിയോടെ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംസ്‌കാരം സ്വവസതിയില്‍ നടക്കും.

DONT MISS
Top