“രജനി മികച്ച നടന്‍, മോദി മികച്ച നേതാവ്”; ഇരുവരുടേയും കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു

വെങ്കയ്യ നായിഡു

ബംഗളുരു: തമിഴ് സൂപ്പര്‍ താരം രജനീകാന്തും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് അറിയില്ലെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. രജനീകാന്ത് മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് വെങ്കയ്യയുടെ പ്രതികരണം.

“രജനീകാന്ത് മികച്ച നടനാണ്. മോദി മികച്ച നേതാവും, രജനിക്ക് പ്രധാനമന്ത്രിയെ കാണാന്‍ താത്പര്യമുണ്ടെങ്കില്‍ അതിന് യാതൊരു പ്രശ്‌നവുമില്ല”. വെങ്കയ്യ ബംഗളുരുവില്‍ പറഞ്ഞു. രജനീകാന്തിന്റെ രാഷ്ടീയ പ്രവേശനം ഇപ്പോള്‍ സജീവ ചര്‍ച്ചാ വിഷയമാണ്. അനുയോജ്യമായ സമയത്ത് താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന് അടുത്തിടെ താരം വ്യക്തമാക്കിയിരുന്നു. പിന്നാലെ രജനിയെ തമിഴ് രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്ത് ബിജെപി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് മോദിയുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്തകള്‍ വന്നത്.

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയിലെ ഭിന്നതയെ വെങ്കയ്യ വിമര്‍ശിച്ചു. അന്തരിച്ച മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ആഗ്രങ്ങള്‍ സാക്ഷാത്കരിക്കാന്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ നീക്കി സര്‍ക്കാരിനെ ശക്തിപ്പെടുത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടു. തമിഴ്‌നാട്ടിലെ ജനതയ്ക്ക് ജയലളിത നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാന്‍ പാര്‍ട്ടിയിലെ ഭിന്നതകള്‍ പരിഹരിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“എഐഎഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ കേന്ദ്രം ആഗ്രഹിക്കുന്നില്ല. എന്നാല്‍ തമിഴ്‌നാട്ടില്‍ സുസ്ഥിരമായ സര്‍ക്കാര്‍ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബിജെപി ഒ പനീര്‍സെല്‍വത്തിനെയോ കെ പളനിസാമിയേയോ നിര്‍ദ്ദേശിച്ചിട്ടില്ല. ബിജെപിക്ക് അക്കാര്യത്തില്‍ തീരുമാനങ്ങളുമില്ല”. വെങ്കയ്യ പറഞ്ഞു.

DONT MISS
Top