‘ഗാനം സ്വീകരിച്ചതിന് നന്ദി’: കടവത്തൊരു തോണിയിരിപ്പൂ ഗാനവിശേഷങ്ങള്‍ പങ്കുവെച്ച് അജീഷ് ദാസനും, ലീല എല്‍ ഗിരികുട്ടനും

ഫയല്‍ചിത്രം

കടവത്തൊരു തോണിപ്പാട്ടും പാടി എബ്രിഡ് ഷൈനിന്റെ കാമ്പസ് ചിത്രമായ ‘പൂമരം’ത്തിലെ രണ്ടാമത്തെ ഗാനവും യൂട്യൂബില്‍ ട്രെന്‍ഡിംഗില്‍ ഒന്നാമത്. കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ‘കടവത്തൊരു തോണി’ എന്ന് തുടങ്ങുന്ന ഗാനം ഇതിനോടകം തന്നെ കേരളം ഏറ്റുപാടി തുടങ്ങി. കാളിദാസ് ജയറാം അഭിനയിച്ച ഈ ഗാനത്തിന് വെറും മൂന്നു ദിവസത്തിനുള്ളില്‍ ആറ് ലക്ഷത്തിലധികം വ്യൂസ് ആണ് ലഭിച്ചത്.

കാര്‍ത്തിക് ആലപിച്ചിരിക്കുന്ന ഗാനം അജീഷ് ദാസനാണ് രചിച്ചത്. ലീല എല്‍ ഗിരിക്കുട്ടന്റേതാണ് സംഗീതം. വലിയ പ്രേക്ഷകാഭിപ്രായവുമായി യൂട്യൂബില്‍ ട്രെന്‍ഡിംഗ് ആയ ഗാനം സോഷ്യല്‍മീഡിയയിലും ഇതിനോടകം വൈറലായി കഴിഞ്ഞു.പൂമരത്തിലെ ആദ്യ പാട്ടിന് പ്രേക്ഷകര്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിച്ചിരുന്നു.

ആ പാട്ടിറങ്ങി ആറ് മാസത്തിനിപ്പുറമാണ് രണ്ടാം ഗാനം പുറത്തിറങ്ങുന്നത്. എബ്രിഡ് ഷൈന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂമര’ത്തിലൂടെ കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുകയാണ്. മീര ജാസ്മിനും കുഞ്ചാക്കോ ബോബനും ചിത്രത്തില്‍പ്രധാന വേഷങ്ങളില്‍എത്തുന്നുണ്ട്.

ഗാനത്തില്‍നിന്ന്‌

കടവത്തൊരു തോണി എന്ന ഗാനത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ഗാനത്തിന്റെ രചന നിര്‍വഹിച്ച അജീഷും, സംഗീതം നല്‍കിയ ലീല എല്‍ ഗിരിക്കുട്ടനും റിപ്പോര്‍ട്ടര്‍ ലൈവിനോട് സംസാരിക്കുന്നു.

ഗാനത്തെപറ്റി
പുഴ നഷ്ടപ്പെട്ടുപോകുന്ന വിഷയമാണ് ഗാനം കൈകാര്യം ചെയ്യുന്നത്. ഇവിടെ ഒരു പുഴയായിരുന്നു എന്ന വിഷയത്തില്‍ കാളിദാസന്‍ കവിത രചിക്കുന്നതായാണ് ഗാനം. പുഴ നശിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ത്ഥ കാലഘട്ടത്തെ തന്നെയാണ് എബ്രിഡ് ഷൈന്‍ എന്ന സംവിധായകന്‍ ഗാനത്തിലൂടെ അവതരിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്. അതില്‍ മറ്റ് ദുരൂഹതകളൊന്നുമില്ല. ലളിതമായ വരികള്‍കൊണ്ട് ഗാനം അവതരിപ്പിച്ചു. ആ വരികളിലെ ലാളിത്യം കൊണ്ട് ഗാനത്തിന്  സ്വീകാര്യത ലഭിച്ചു.

കവിതയിലെ ഇന്റര്‍നാഷ്ണലിസം
ഈ കവിതയിലൊരു ഇന്റര്‍നാഷ്ണലിസമുണ്ട്. കവിതയില്‍ പ്രതിപാദിക്കുന്ന പുഴ ലോകത്തിലെ ഏത് പുഴയുമാകാം. ഒരു നീര്‍കുമിളകളോളം ആയുസ്സേ ഇന്നത്തെ പുഴകള്‍ക്കുള്ളൂ. അതുകൊണ്ടുതന്നെ ആ കവിതയുടെ ഭാവം കളയാതെ അവതരിപ്പിക്കാനാണ് ശ്രമിച്ചത്. മൈക്കിള്‍ ജാക്‌സണ്‍, ബോബ് മാര്‍ലി തുടങ്ങിയവര്‍ പാട്ടിനെ വേറൊരു തരത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൂടി അവര്‍ ഗാനങ്ങളിലൂടെ ജനങ്ങളിലേക്കെത്തിച്ചിരുന്നു. അതും കൂടി പരിഗണിച്ചായിരിക്കണം കവിത കമ്പോസ് ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നു.

കലകള്‍ക്കും, കവിതകള്‍ക്കും സമൂഹത്തില്‍ ചിലത് ചൂണ്ടിക്കാണിക്കാനുള്ള ധര്‍മം കൂടിയുണ്ട്. ആ ആശയം വ്യക്തമായി കൈമാറുന്ന ഒരു ഈണം കവിതക്കു നല്‍കാനാണ് ശ്രമിച്ചത്. അത് തന്നെയാണ് സംവിധായകനും ആഗ്രഹിച്ചത്. തങ്ങള്‍ ഏകദേശം 20 മിനിറ്റുകള്‍ കൊണ്ടാണ് ഈ കവിതക്ക് ഈണം കണ്ടെത്തിയത്. അത് എബ്രിഡ് ഷൈന് ഇഷ്ടപ്പെടുകയായിരുന്നു.

ഏകദേശം 21 വര്‍ഷമായി കവിതയെഴുതുന്ന വ്യക്തിയാണ് താന്‍ [അജീഷ് ദാസന്‍] അത്രയും കവിതകളെഴുതി ലഭിക്കാത്ത ആശംസകളാണ് കഴിഞ്ഞ ദിവസങ്ങളിലായി ലഭിക്കുന്നത്. കാലം ആഗ്രഹിക്കുന്ന വിഷയം തെരഞ്ഞെടുത്തതിനാലാവാം ഈ സ്വീകാര്യത. പിന്നെ ഇവിടെ കവിതക്ക് സ്വീകാര്യത ലഭിച്ചത് അത് ഗാനമായതിന് ശേഷമാണ്. എല്ലാ കവിതകളും മനോഹരമാണ്. അവ ആളുകള്‍ ഏറ്റുപാടുമ്പോഴാണ്  ഉയരങ്ങളിലെത്തുക എന്ന് മാത്രം. എല്ലാ കവികളുടെയും ഗാനങ്ങള്‍ സ്വീകരിക്കട്ടെ ആളുകള്‍ ഏറ്റുപാടട്ടെ എന്നാണ് ആഗ്രഹം.

സിനിമയുടെ ഭാഗമാകുന്നത്
സിനിമ സ്വപ്‌നംകണ്ടുതന്നെയാണ് കൊച്ചിയിലേക്ക് എത്തുന്നത്. ലൈഫ് ഓഫ് ജോസൂട്ടിയുടെ തിരക്കഥകൃത്തായ രാജേഷ് വര്‍മയെ പരിചയപ്പെട്ടു. അദ്ദേഹമാണ് എബ്രിഡ് ഷൈനെ പരിചയപ്പെടുത്തി തരുന്നത്.

സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ താന്‍  അത് രാജിവെച്ചാണ് സിനിമ സംഗീത സംവിധാന മേഖലയിലേക്കെത്തുന്നതെന്ന് ഗിരിക്കുട്ടന്‍ പറഞ്ഞു. ജന്റില്‍മാന്‍ സിനിമയിലൂടെയാണ് സംഗീത സംവിധാനത്തോട് താല്‍പര്യം തോന്നുന്നതും, എ ആര്‍ റഹ്മാനോട് കടുത്ത ആരാധന തോന്നുന്നതും. പിന്നെയാണ് റഹ്മാന് ശേഷവും അതിന് മുന്‍പുമുള്ള സംഗീത സംവിധായകരെ പറ്റി പഠിക്കുകയും അവരെ പറ്റി അറിയാന്‍ ശ്രമിക്കുന്നതും.

വരും കാല പ്രൊജക്ടുകള്‍
നിലവില്‍ പൂമരം മാത്രം. മറ്റൊന്നും മനസ്സിലില്ല. ഗാനം സ്വീകരിച്ചതിന് വളരെ നന്ദി. പ്രശംസയിലൂടെ വളരെ വലിയ പ്രോത്സാഹനമാണ് തങ്ങള്‍ക്ക് ലഭിക്കുന്നത്. സിനിമയിലേക്ക് വിളിച്ച എബ്രിഡ് ഷൈന് നന്ദി. ഇരുവരും റിപ്പോര്‍ട്ടറോട് മനസ്സുതുറന്നു.

DONT MISS
Top