സ്പാനിഷ് ലാലിഗയിലെ കിരീടാവകാശികളെ ഇന്നറിയാം; സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡിനും ബാഴ്സലോണയ്ക്കും ഇന്ന് നിര്‍ണായകം

ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

മാഡ്രിഡ് : സ്പാനിഷ് ലാലിഗയിലെ കിരീടാവകാശികള്‍ ആരെന്ന് ഇന്നറിയാം. നിര്‍ണായക മല്‍സരങ്ങള്‍ക്കായി സ്പാനിഷ് വമ്പന്മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും ഇന്നിറങ്ങും. ലീഗിലെ അവസാന മല്‍സരത്തില്‍ റയല്‍, മലാഗയെ നേരിടുമ്പോള്‍, നിലവിലെ ചാമ്പ്യന്മാരായ ബാഴ്സയ്ക്ക് ഐബറാണ് എതിരാളികള്‍.

37 മല്‍സരങ്ങളില്‍ നിന്ന് 90 പോയിന്റുമായി റയല്‍ ഒന്നാം സ്ഥാനത്താണ്. ഇന്ന് മലാഗയ്ക്കെതിരെ സമനില നേടിയാല്‍പ്പോലും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കും സംഘത്തിനും കിരീടം സ്വന്തമാക്കാം. അഞ്ചു വര്‍ഷത്തിന് ശേഷം കിരീടം റയലിന്റെ ഷോകേസിലെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് കോച്ച് സിനദിന്‍ സിദാനും സംഘവും.

അതേസമയം 37 മല്‍സരങ്ങളില്‍ നിന്ന് 87 പോയിന്റുള്ള ബാഴ്സലോണയ്ക്ക് ഐബറിനെതിരെ വിജയം മാത്രം മതിയാകില്ല കിരീടം നിലനിര്‍ത്താന്‍. മലാഗയ്ക്കെതിരെ റയല്‍ പരാജയപ്പെടുക കൂടി വേണം. ഹോം ഗ്രൌണ്ടില്‍ നടക്കുന്ന അവസാന മല്‍സരത്തില്‍ ലയണല്‍ മെസ്സി, നെയ്മര്‍, സുവാരസ് എന്നിവരുടെ ബൂട്ടുകളിലാണ് ബാഴ്സ പ്രതീക്ഷ അര്‍പ്പിക്കുന്നത്.

പതിനൊന്നാം സ്ഥാനക്കാരായ മലാഗയോട് സമനിലയെങ്കിലും പിടിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് റയല്‍ ടീം. ലീഗിന്റെ ആദ്യഘട്ടത്തില്‍ പതറിയ റയല്‍ അവസാനഘട്ടത്തില്‍ മിന്നുന്ന കളിയാണ് പുറത്തെടുത്തത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ഫോമാണ് റയലിന്റെ പ്രതീക്ഷകളെ വാനോളമുയര്‍ത്തുന്നത്.

കഴിഞ്ഞ മല്‍സരത്തില്‍ സെല്‍റ്റ വിഗോയെ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടഗോൾ മികവില്‍ഒന്നിന് എതിരെ നാലു ഗോളുകൾക്കാണ് റയല്‍ തോൽപ്പിച്ചത്. 368 ഗോളുകളുമായി യൂറോപ്യലെ അഞ്ച് പ്രമുഖ ടൂര്‍ണമെന്‍റുകളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരമെന്ന റെക്കോര്‍ഡും സ്വന്തമാക്കി റോണോള്‍ഡോ കുതിക്കുകയാണ്.  ഇംഗ്ലീഷ് ഫൂട്ബോളര്‍ ജിമ്മി ഗ്രീവ്സിന്‍റെ 50 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡാണ് റൊണോള്‍ഡോ പഴങ്കഥയാക്കിയത്. റയല്‍കുപ്പായത്തില്‍ 403 ഗോള്‍ പൂര്‍ത്തിയാക്കിയ റൊണാള്‍ഡോ, ലീഗില്‍ ഗോള്‍ നേട്ടം 24 ആക്കി ഉയര്‍ത്തി.

എന്നാല്‍ സ്വന്തം തട്ടകത്തില്‍ ലീഗിലെ അവസാനമല്‍സരത്തിന് ബൂട്ടുകെട്ടുന്ന മലാഗ ടീമിനെ നിസ്സാരരായി എഴുതിത്തള്ളാനാവില്ല. അവസാന ആറു കളിയില്‍ ടീം  തോല്‍വി അറിഞ്ഞിട്ടില്ല. ബാഴ്സലോണയെയും സെവിയ്യയെയും കീഴടക്കിയ മലാഗ,  റയല്‍ സോസിഡാഡിനെ സമനിലയില്‍ തളയ്ക്കുകയും ചെയ്തിരുന്നു.

1992-93 സീസണിലെ ചരിത്രം ആവര്‍ത്തിക്കുമെന്ന വിശ്വാസത്തിലാണ് ബാഴ്സ ആരാധകര്‍. അന്ന് അവസാന കളിക്കിറങ്ങുമ്പോള്‍, റയലിന് 57 പോയിന്റും , ബാഴ്സയ്ക്ക് 55 പോയിന്റുമായിരുന്നു. എന്നാല്‍ അവസാന മല്‍സരം കഴിഞ്ഞപ്പോള്‍ കഥ മാറി. അന്തിമ ഫലം വന്നപ്പോള്‍ ബാഴ്സയ്ക്ക് 58 പോയിന്റും, റയലിന് 57 പോയിന്റും.  അവസാന മല്‍സരത്തില്‍ ടെനെറിഫെ ക്ളബ് റയലിനെ അട്ടിമറിച്ചു. റയല്‍ സോസിഡാഡിനെ ഒരു ഗോളിന് തോല്‍പ്പിച്ച് ബാഴ്സലോണ, ഒരു പോയിന്റിന്റെ പിന്‍ബലത്തില്‍ ലാലിഗ ചാമ്പ്യന്‍മാരായി.

കഴിഞ്ഞ സീസണിലും അവസാന റൌണ്ട് മല്‍സരങ്ങള്‍ ആവേശകരമായിരുന്നു. അവസാന കളിക്കുമുമ്പ് ബാഴ്സയ്ക്ക് 88ഉം റയലിന് 87ഉം പോയിന്റുമായിരുന്നു . അവസാന കളിയില്‍ ഡിപൊര്‍ട്ടീവോ ലാ കൊരൂണയ്ക്കെതിരായ ജയം  മാത്രം മതിയാകുമായിരുന്നില്ല റയലിന് കിടീം നേടാന്‍. ബാഴ്സ തോല്‍ക്കുയും വേണം. എന്നാല്‍  ഗ്രനഡയെ 3-0ന് തോല്‍പ്പിച്ച് കിരീടം ബാഴ്സ  ഉറപ്പാക്കുകയായിരുന്നു.

DONT MISS
Top