ഹിസ്ബുള്ള നേതാവ് ഹാഷിം സാഫിയെ സൗദി ഭീകരവാദ പട്ടികയില്‍പ്പെടുത്തി

ഹാഷിം സാഫി അല്‍ ദിനെ

ജിദ്ദ: പ്രമുഖ ഹിസ്ബുള്ള നേതാവിനെ സൗദി ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി. ലബനീസ് പൗരനും ഹിസ്ബുള്ളയുടെ എക്‌സികൃൂട്ടീവ് കൗണ്‍സില്‍ മേധാവിയും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഹാഷിം സാഫി അല്‍ ദിനെയാണ് തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

ഹിസ്ബുള്ളയുടെ പരമോന്നത നേതാവ് നസ്‌റുല്ലയുടെ അടുത്ത കുടുംബാംഗവും ഹിസ്ബുള്ള സെക്രട്ടറി ജനറല്‍ സയ്യിദ് ഹസന്റെ അടുത്ത ബന്ധുവുമാണ് സൗദി ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിയ ഹാഷിം സാഫി. ഹിസ്ബുള്ള നേതൃനിരയില്‍ രണ്ടാംസ്ഥാനം വഹിക്കുന്ന ഹാഷിം സാഫിയാണ് സംഘടനയുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നത്. 1964 ല്‍ തെക്കന്‍ ലെബനാനിലെ തൈര്‍ നഗരത്തിലെ ദെയ്ര് ഖാനൂനില്‍ ജനിച്ച ഇയാള്‍ ശൂറ കൗണ്‍സില്‍ എക്‌സികൃൂട്ടീവ് ചെയര്‍മാനും ഹിസ്ബുള്ള സായുധസേനയുടെ നേതാവുമാണ്.

ഹിസ്ബുള്ളയുടെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ ചെറുക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തമായി തുടരുമെന്ന് ഹാഷിം സാഫിയെ ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച പ്രസ്താവനയില്‍ സൗദി വ്യക്തമാക്കി. നിയമപരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് ഭീകരവാദപ്രവര്‍ത്തനത്തെ തുരത്തുമെന്നും സൗദി ആവര്‍ത്തിച്ചു. അക്രമവും തീവ്രവാദ പ്രവര്‍ത്തനങ്ങളും നടത്തി ഹിസ്ബുള്ള ലോകമാകെ അസ്ഥിരതയും പ്രശ്‌നങ്ങളും സൃഷ്ടിക്കുകയാണ്. ഹിസ്ബുള്ള പ്രവര്‍ത്തകരെയും നേതാക്കളെയും ഹിസ്ബുള്ളയുമായി ബന്ധപ്പെട്ട വിഭാഗങ്ങളെയും ഭീകരവാദ പട്ടികയില്‍ ഉള്‍പ്പെടുത്തി ഉപരോധം ഏര്‍പ്പെടുത്തുന്നത് തുടരുമെന്നും സൗദി വ്യക്തമാക്കിയതായി സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

DONT MISS
Top