ക്രിക്കറ്റ് ദൈവത്തിന്റെ ജീവിതകഥയ്ക്ക് പ്രധാനമന്ത്രിയുടെ ആശംസയും ആശിര്‍വാദവും: സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസിന് ഭാവുകങ്ങളേകി നരേന്ദ്ര മോദി

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന സച്ചിന്‍

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തന്റെ ജീവിതകഥയെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന “സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ്” എന്ന സിനിമയെപ്പറ്റി വിവരിക്കാനും, അനുഗ്രഹം സ്വീകരിക്കാനും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ദില്ലിയിലെ പ്രധാനമന്ത്രിയുടെ ഓഫീസ് സന്ദര്‍ശിച്ചു. തന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് സച്ചിന്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ച പങ്കുവച്ചത്.

‘അഭ്യസിക്കുന്നവര്‍ മാത്രമാണ് ജീവിതത്തില്‍ തിളങ്ങുന്നത്’ എന്ന മോദിയുടെ സന്ദേശത്തെ പ്രകീര്‍ത്തിച്ച് കൊണ്ടാണ് സച്ചിന്‍ മോദിയുമായി കൂടിക്കാഴ്ച്ച നടത്തുന്ന ചിത്രം ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. സച്ചിനുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു. രാജ്യത്തെ 1.25 ദശലക്ഷം ആളുകള്‍ക്ക് പ്രചോദനമാവുകയും, ഇന്ത്യയ്ക്ക് അഭിമാനിക്കാനുള്ള ഒട്ടേറെ അവസരം നല്‍കിയതുമാണ് സച്ചിന്റെ ജീവിതമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ജയിംസ് എര്‍സ്‌കിന്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ എ ബില്ല്യണ്‍ ഡ്രീംസ് എന്ന സിനിമ ശ്രീകാന്ത് ഭാസി, രവി ബാഗ്ചന്ദ്കയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. മാസ്റ്റര്‍ ബ്ലാസ്റ്ററുടെ ജീവിതത്തെപ്പറ്റി ആരാധകര്‍ക്ക് അറിയാത്ത പല സംഭവങ്ങളിലേക്കും ചിത്രം ക്യാമറ ചലിപ്പിച്ചിട്ടുണ്ടെന്നാണ് അണിയറ പ്രവര്‍ത്തകരുടെ വാദം. ചിത്രത്തിന്റെ ട്രെയ്‌ലറും, പാട്ടുകളും ഇരുകൈയും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിലെ “ഹിന്ദ് മേരി ജിന്ദ്” എന്ന ഗാനം ലക്ഷകണക്കിനാളുകളാണ് യൂട്യൂബില്‍ കണ്ട് കഴിഞ്ഞിരിക്കുന്നത്. മെയ് 26ന് ചിത്രം തിയേറ്ററുകളിലെത്തും.

DONT MISS
Top