രാഷ്ട്രീയ പ്രവേശന സൂചന സജീവമാക്കി രജനീകാന്ത്; ആരാധകരോട് കാത്തിരിക്കണമെന്ന് താരം

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനുള്ള വ്യക്തമായ സൂചന നല്‍കി തമിഴ് സൂപ്പര്‍ താരം രജനീകാന്ത്. നിലവിലുള്ള രാഷ്ട്രീയ സംവിധാനങ്ങള്‍ മാറേണ്ടതുണ്ടെന്ന് രജനീകാന്ത് പറഞ്ഞു.കഴിഞ്ഞ അഞ്ച് ദിവസമായി കോടമ്പാക്കം രാഘവേന്ദ്ര കല്യാണമണ്ഡപത്തില്‍ നടക്കുന്ന ആരാധകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

ജനങ്ങളെ കുറിച്ച് ചിന്തിക്കാത്ത രാഷ്ട്രീയ സമ്പ്രദായമാണ് നിലവിലുള്ളത്. ഈ രീതി മാറണം, രാഷ്ട്രീയത്തിൽ മുതിർന്ന നേതാക്കളും ദേശീയ പാർട്ടികളുണ്ട്. പക്ഷേ നിലവിലുള്ള രീതി മോശമായാൽ ജനങ്ങൾ എന്ത് ചെയ്യും. ജനാധിപത്യം ദുഷിച്ചിരിക്കുന്നുവെന്നും രജനി കൂട്ടിച്ചേർത്തു.

രജനീകാന്ത് തമിഴനല്ലെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനത്തിനും രജനീകാന്ത് മറുപടി പറഞ്ഞു. ഒരു തമിഴന്‍ എന്നറിയപ്പെടുന്നതില്‍ എക്കാലവും തനിക്ക് അഭിമാനമേ ഉള്ളൂ, എന്റെ ആരാധകരാണ് തന്നെ തമിഴനാക്കിയത്. എന്റെ ജീവിതത്തിന്റെ 23 വര്‍ഷക്കാലം താന്‍ ഒരു കന്നഡക്കാരനായിരുന്നു. എന്നാല്‍ കഴിഞ്ഞ 44 വര്‍ഷമായി താന്‍ തമിഴനാണ്, നിങ്ങളാണ് എന്നെ തമിഴനാക്കി മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു.

രജനീകാന്ത് രാഷ്ട്രീയത്തിലെത്തിയാല്‍ അത് ഒരു വലിയ ദുരന്തമായിരിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി പ്രതികരിച്ചിരുന്നു. കര്‍ണാടകയില്‍ നിന്നുള്ള രജനീകാന്ത് തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ഒരു ഔട്ട്‌സൈഡര്‍ ആണെന്നുമായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ വിമര്‍ശനം.

കഴിഞ്ഞ ദിവസം തന്‍റെ രാഷ്ട്രീയ പ്രവേശനം ദൈവഹിതം പോലെ നടക്കുമെന്ന് രജനി പ്രഖ്യാപിച്ചിരുന്നു. ആരാധകരെ നേരില്‍ കണ്ട് പുതിയ രാഷ്ട്രീയ പാര്‍ട്ടിക്ക് രൂപം നല്‍കുകയാണ് രജനീകാന്തിന്‍റെ ലക്ഷ്യമെന്നാണ് സൂചനകള്‍.  എന്നാല്‍ താരം ഈ വാര്‍ത്ത നിഷേധിക്കുകയായിരുന്നു ബിജെപി, ഡിഎംകെ തുടങ്ങിയ കക്ഷികള്‍ രജനീകാന്തിനെ രാഷ്ട്രീയത്തിലേക്ക് സ്വാഗതം ചെയ്തിരുന്നു.

അതിനിടെ രജനീകാന്ത് ബിജെപിയില്‍ ചേരുന്നു എന്നു തരത്തിലുള്ള അഭ്യൂഹങ്ങളും ഉയര്‍ന്നു. രജനീകാന്ത് ജനകീയ വ്യക്തിത്വമാണെന്ന് പ്രതികരിച്ച ബിജെപി ദേശീയ സെക്രട്ടറി എച്ച രാജ താരത്തെ ബിജെപിയിലേക്ക് ക്ഷണിക്കുന്നുവെന്നും  അറിയിച്ചു.

DONT MISS
Top