ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ അടുത്തയാഴ്ച വിപണിയിലെത്തും: വിലയില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷ

ബാംഗ്ലൂര്‍: ആദ്യമായി ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന ആപ്പിളിന്റെ ഐഫോണ്‍ അടുത്ത ആഴ്ചയോടെ വിപണിയിലെത്തും. ഏതാനും ഫോണുകള്‍ ഉപയോഗിച്ച് നടത്തിയ പരീക്ഷണ പരിശോധനയില്‍ ഫോണിന്റെ പ്രവര്‍ത്തനം ഉറപ്പ് വരുത്തിയ ശേഷമാണ് ആദ്യ ഇന്ത്യന്‍ നിര്‍മ്മിത ഐഫോണുകള്‍ വിപണിയിലെത്തുക. ദക്ഷിണ ഏഷ്യയില്‍ ആപ്പിളിന്റെ വിപണി വ്യാപിപ്പിക്കാന്‍ ഏറ്റവും നല്ല അവസരമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

കര്‍ണാടകയില്‍ പ്രവര്‍ത്തിക്കുന്ന തായ്‌വാന്‍ കമ്പനിയായ വിസ്റ്റോണ്‍ കോര്‍പ്പാണ് ഇന്ത്യയില്‍ ഐഫോണ്‍ നിര്‍മ്മിക്കാനുള്ള കരാറുകള്‍ ഏറ്റെടുത്തിരിക്കുന്നത്. ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനാല്‍ തന്നെ ഇറക്കുമതി നികുതി ഒഴിവാവുകയും ഫോണിന്റെ വിലയില്‍ കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ഇന്ത്യയില്‍ ലഭിക്കുന്ന ഐഫോണുകളില്‍ നിന്നും നൂറ് ഡോളറിനടുത്ത് വിലകുറവുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ പോലുള്ള രാജ്യന്തര മാധ്യമങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.

ആപ്പിള്‍ ഇന്ത്യയില്‍ ഫോണ്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു എന്ന് കര്‍ണാടക സര്‍ക്കാര്‍ ഫെബ്രുവരിയില്‍ പത്ര സമ്മേളനം നടത്തി അറിയിച്ചിരുന്നു. ഐഫോണിന്റെ ഏറ്റവും പുതിയ മോഡലായ ഐഫോണ്‍ എസ്ഇയുടെ 32ജിബി ഫോണിന് 27,200 രൂപയും 128ജിബിക്ക് 37,000 രൂപയുമാണ് ഇന്ത്യയില്‍ നിലവിലെ വില.

കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിനായി വിസ്റ്റോണ്‍ മേധാവി സൈമണ്‍ ലിന്‍ കര്‍ണാടകയിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുമായി ചര്‍ച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട് . ആപ്പിള്‍ കമ്പനി ഇന്ത്യയിലേക്ക് വന്നത് തങ്ങള്‍ക്ക് അഭിമാനിക്കാവുന്ന കാര്യമാണെന്നും കമ്പനിക്ക് പ്രവര്‍ത്തിക്കാനുള്ള എല്ലാ സാഹചര്യവും സര്‍ക്കാര്‍ ഒരുക്കി നല്‍കാന്‍ തയ്യാറാണെന്നും കര്‍ണാടക വ്യവസായ മന്ത്രി ആര്‍ വി ദേശ്പാണ്ഡെ പറഞ്ഞു.

DONT MISS
Top