“മോദി നമ്മുടെ രാജാവ്, മറ്റ് രാജാക്കന്മാരെപോലെ ബീഫ് നിരോധിക്കൂ, കടുവയെ മാറ്റി പശുവിനെ ദേശീയ മൃഗമാക്കൂ” പെഹ്‌ലു ഖാനെ അടിച്ചുകൊന്നവരെ പ്രകീര്‍ത്തിച്ച് രാഷ്ട്രീയ മഹിളാ ഗോക്ഷക് ദള്‍ ദേശീയ പ്രസിഡന്റ്

സാധ്വി കമല്‍

ജയ്പൂര്‍: മോദി ഇന്ത്യയുടെ രാജാവാണെന്ന് രാഷ്ട്രീയ മഹിളാ ഗോക്ഷക് ദള്‍ ദേശീയ പ്രസിഡന്റ് സാധ്വി കമല്‍. ഇന്ത്യയില്‍ ഉണ്ടായിരുന്ന മറ്റ് രാജാക്കന്മാരെപോലെ മോദിയും മാടിനെ അറുക്കുന്നത് നിരോധിക്കണം. മാത്രമല്ല, പശുവിനെ ദേശീയ മൃഗമാക്കുകയും വേണം. ഏപ്രില്‍ ഒന്നിന് കര്‍ഷകനായ പെഹ്‌ലു ഖാനെ അടിച്ചുകൊന്നവര്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിക്കുന്നവരുടെ മുന്‍നിരയില്‍ത്തന്നെ സാധ്വി കമലുമുണ്ട്.

പെഹ്‌ലു ഖാനെ ചെയ്തതിനോട് സ്വാധിക്ക് യാതൊരു പരിഭവവും ഇല്ല. കാലികളെ കടത്തുന്നു എന്ന പരാതിയില്‍ പൊലീസ് നടപടി എടുക്കാത്തതാണ് അങ്ങനെയൊക്കെ സംഭവിക്കാന്‍ കാരണമായി അവര്‍ പറയുന്നത്. പൊലീസ് തന്റെ കുട്ടികളെയാണ് പിടികൂടിയതെന്നാണ് സ്വാധിയുടെ പക്ഷം. പെഹ്‌ലു ഖാന്‍ മരണമൊഴിയില്‍ കുറ്റവാളികളുടെ പേര് പരാമര്‍ശിച്ചത് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ പെഹ്‌ലു ഖാന് എങ്ങനെയാണ് തന്നെ അടിച്ചവരുടെ പേര് പിടികിട്ടിയതെന്ന മറുചോദ്യവും അവര്‍ ഉന്നയിച്ചു.

പെഹ്‌ലു ഖാനെ ആക്രമിച്ചവര്‍ സ്വര്‍ഗത്തില്‍ പോകും എന്നും സാധ്വി പറഞ്ഞു. “ഖാന് വേണ്ടത് കൊടുത്തതോടെ പശുവിനെ തൊട്ടുകളിക്കുന്നവരില്‍ ഒരു ഭയമുണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്” പറയുമ്പോള്‍ അവര്‍ അഭിമാനം കൊണ്ടു. നേരത്ത ജയ്പൂരിലെ ഹയാത് റബാനി ഹോട്ടലിലെ മാസം ബീഫാണെന്നുപറഞ്ഞ് ഇവര്‍ പ്രക്ഷോഭമുണ്ടാക്കുകയും ഹോട്ടല്‍ പൂട്ടുകയും ചെയ്തിരുന്നു. എന്നാല്‍ പിടിച്ചെടുത്ത മാംസത്തിന്റെ പരിശോധനാ ഫലം കഴിഞ്ഞയാഴ്ച്ച പുറത്തുവന്നിരുന്നു. കോഴിയിറച്ചിയാണിതെന്നാണ് ഫലം. ഫോറന്‍സിക് ലാബിലാണ് പരിശോധന നടന്നത്.

മാര്‍ച്ച് 19നാണ് ആയിരത്തോളം ഗോ സംരക്ഷണ പ്രവര്‍ത്തകര്‍ ചുറ്റും വളഞ്ഞ് ഹോട്ടല്‍ അടപ്പിച്ചത്. രാത്രി തടിച്ചുകൂടിയ ഗോ സംരക്ഷണസേന ആറ് മണിക്കൂറോളം ഹോട്ടലിന്റെ സമീപത്ത് നിലയുറപ്പിച്ചു. ബീഫ് വിളമ്പി എന്നായിരുന്നു ആരോപണം. ഭാരത് മാതാ കീ ജയ് എന്നും നരേന്ദ്ര മോദി കീ ജയ് എന്നുമായിരുന്നു മുദ്രാവാക്യങ്ങള്‍. എന്നാല്‍ ബീഫ് വിളമ്പിയെന്ന് അറിഞ്ഞതെങ്ങനെ എന്ന് ഗോ സംരക്ഷണ സേനയ്ക്ക് വിശദീകരിക്കാനായില്ല.

എന്നാല്‍ ആദ്യം മുതലേ അത് കോഴിയിറച്ചിയാണെന്ന് താന്‍ കേണുപറഞ്ഞിരുന്നുവെന്ന് ഹയാത് റബാനി ഹോട്ടലിന്റെ ഉടമസ്ഥനായ നയീം റബാനി പറഞ്ഞു. പക്ഷേ ആരും താന്‍ പറഞ്ഞത് ചെവിക്കൊണ്ടില്ല. എന്നാല്‍ ഇപ്പോള്‍ പുറത്തുവന്ന പരിശോധനാഫലം തെളിയിക്കുന്നത് ഞങ്ങള്‍ക്കെതിരെ ഉയര്‍ന്ന ആരോപണമെല്ലാം തെറ്റായിരുന്നുവെന്നാണ്. റബാനി പറഞ്ഞു.

ഹോട്ടലില്‍നിന്ന് അയച്ച സാമ്പിളുകള്‍ ഫോറന്‍സിക് ലാബിലേക്കാണ് അയച്ചതെന്ന് ഡിസിപി അശോക് ഗുപ്ത ഒരു ദേശീയ മാധ്യമത്തോട് സ്ഥിരീകരിച്ചു. ഇറച്ചി ബീഫായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷവും ഗോസംരക്ഷണ സേനയെ പൊലീസ് ആവശ്യമില്ലാതെ പിടികൂടിയെന്നാരോപിച്ച് സാധ്വി പ്രക്ഷോഭം നടത്തിയിരുന്നു. ഇനിയും ഇത്തരം കാര്യങ്ങളില്‍ താന്‍ ക്രിയാത്മകമായി ഇടപെടും എന്ന് പറയുന്ന ഈ ഗോസംരക്ഷക താനൊരു സാമൂഹിക പ്രവര്‍ത്തകയാണെന്നും പറയുന്നു. മദര്‍ തെരേസയാണ് തന്റെ ആരാധ്യയെന്നും എല്ലാ മൃഗങ്ങളേയും താന്‍ സ്‌നേഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഗോസംരക്ഷകരെ ഭഗത് സിംഗിനോട് ഉപമിച്ചും ഇവര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ഇന്ത്യ മുഴുവന്‍ നിങ്ങളോടൊപ്പം ഉണ്ട്, നമ്മളല്ലാതെ മറ്റാരും രാജ്യത്തിന് വേണ്ടി ഇത് ചെയ്യാന്‍ മുതിരില്ല, നിങ്ങള്‍ ഒന്നും ആലോചിച്ച് ഭയപ്പെടേണ്ടെന്നും നിങ്ങള്‍ ചെയ്തത് തെറ്റല്ലെന്നും ഭഗത് സിംഗ്, ചന്ദ്രശേഖര്‍ ആസാദ്, സുഖ്‌ദേവ് എന്നീ വീരപുരുഷന്മാര്‍ക്ക് തുല്യമാണ് നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എന്നും സാധ്വി ഗോരക്ഷകരോട് പറഞ്ഞു.

പിടിയിലായ ഗോസംരക്ഷകരുടെ ക്ഷേമം അനേഷിക്കാനെത്തിയ ദീദി ജയിലില്‍ വെറുതെ സമയം പാഴാക്കാതെ ഗാസംരക്ഷണത്തിനായുള്ള സന്ദേശം പടര്‍ത്തണമെന്നും, ജയിലിലുള്ള അന്തേവാസികളെ ‘ജയ് ഗോമാതാ’ എന്ന് പറയാന്‍ പ്രാപ്തമാക്കണമെന്നും ഉപദേശിച്ചതും ദേശീയ മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ വാര്‍ത്തയാക്കിയിരുന്നു.

DONT MISS
Top