വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകനെ കാമുകിയും സംഘവും കല്യാണമണ്ഡപത്തില്‍ നിന്നും തോക്ക് ചൂണ്ടി തട്ടിക്കൊണ്ടു പോയി

പ്രതീകാത്മക ചിത്രം

ബന്ധ: ത്രീ ഇഡിയറ്റ്‌സ് എന്ന ആമീര്‍ ഖാന്‍ ചിത്രത്തില്‍ നായികയായ കരീന കപൂറിനെ കല്യാണമണ്ഡപത്തില്‍ നിന്നും സുഹൃത്തുക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോകുന്ന രംഗം പ്രേക്ഷകരെ ഏറെ രസിപ്പിച്ച ഒന്നായിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരം ഒരു രംഗത്തിന് സാക്ഷിയായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബന്ധ നിവാസികള്‍. പക്ഷേ ഇക്കുറി കല്യാണമണ്ഡപത്തില്‍ നിന്നും തട്ടിക്കൊണ്ടു പോയത് കല്യാണ പെണ്ണിനയല്ല മറിച്ച് കല്യാണ ചെക്കനെയാണ്. അതും ചെറുക്കന്റെ മുന്‍ കാമുകിയും സുഹൃത്തുക്കളും ചേര്‍ന്ന്.

ബന്ധയിലെ ഒരു സ്വകാര്യ ആശുപത്രി ജീവനക്കാരനായിരുന്ന അശോക് യാദവിനെയാണ് മുന്‍ കാമുകി മണ്ഡപത്തില്‍ നിന്നും തോക്കിന്‍ മുനയില്‍ നിര്‍ത്തി തട്ടികൊണ്ടു പോയത്. യാദവ് ജോലി ചെയ്തിരുന്ന അതേ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്ന പെണ്‍കുട്ടിയുമായി ഇയാള്‍ പ്രണയത്തിലാവുകയും വിവാഹവാഗ്ദാനം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം വീട്ടുക്കാര്‍ നിശ്ചയിച്ചുറപ്പിച്ച കല്യാണത്തിന് അശോക് സമ്മതം മൂളുകയും പ്രണയബന്ധത്തില്‍ നിന്നും ഒഴിഞ്ഞു മാറുകയും ചെയ്തു.

പെണ്‍കുട്ടി പലകുറി അശോകിനെ ബന്ധപെടാന്‍ ശ്രമിച്ചെങ്കിലും ഒരോ കാരണങ്ങള്‍ നിരത്തി ഇയാള്‍ ഒഴിഞ്ഞ് മാറുകയായിരുന്നു. പിന്നീട് യാദവിന്റെ വിവാഹം മറ്റൊരു പെണ്‍കുട്ടിയുമായി നടത്തുകയാണെന്ന് അറിഞ്ഞതോടെയാണ് തട്ടികൊണ്ടുപോകാന്‍ തീരുമാനിച്ചത്. മെയ് 15നാണ് അശോക് യാദവിന്റെ കല്യാണ ചടങ്ങില്‍ ആയുധധാരിയായ മൂന്ന് സുഹൃത്തുക്കളുമായി എസ്‌യുവി കാറില്‍ എത്തിയ പെണ്‍കുട്ടി തന്നെ വഞ്ചിച്ച കാമുകനെ തട്ടിക്കൊണ്ടുപോകുന്നത്. തന്നെ തടയുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുമെന്ന് ഭീഷണി ഉയര്‍ത്തിയാണ് പെണ്‍കുട്ടി കല്യാണം കൂടാന്‍ എത്തിയവരില്‍ നിന്നും യാദവിനെ റാഞ്ചിയത്.

സംഭവത്തില്‍ ഹമീര്‍പൂര്‍ എഎസ്പി ബ്രജേഷ് കുമാര്‍ മിശ്രയുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നുണ്ടെങ്കിലും ഇതു വരെ അശോക് യാദവിനെപ്പറ്റിയോ, പെണ്‍കുട്ടിയെപ്പറ്റിയോ ഒരു തുമ്പും ലഭിച്ചിട്ടില്ല.

DONT MISS
Top