കശ്മീരിന് മാത്രമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചെടുത്ത് പതിനാറുകാരന്‍; തരംഗമായി ‘കാഷ്ബുക്ക്’; ഇതുവരെ അക്കൗണ്ട് തുടങ്ങിയത് ആയിരത്തിലേറെ പേര്‍

ശ്രീനഗര്‍: കശ്മീരിന് മാത്രമായി ഫെയ്‌സ്ബുക്ക് വികസിപ്പിച്ചെടുത്ത് സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തിയിരിക്കുകയാണ് പതിനാറുകാരനായ സെയാന്‍ ഷഫീഖ്. കാഷ്ബുക്ക് എന്ന പേരിലാണ് കശ്മീരികള്‍ക്ക് മാത്രമായി സെയാന്‍ ആപ്ലിക്കേഷന്‍ വികസിപ്പിച്ചെടുത്തത്. കശ്മീരില്‍ ഇരുപത്തിരണ്ടോളം സോഷ്യല്‍ മീഡിയ സെര്‍വീസുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തി സെയാന്റെ നടപടി.

പത്തൊമ്പതുകാരനായ സുഹൃത്ത് ഉസൈര്‍ ജാനുമായി ചേര്‍ന്നാണ് പത്താംക്ലാസ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സെയാന്‍ കാഷ്ബുക്ക് വികസിപ്പിച്ചെടുത്തത്. ആന്‍ഡ്രോയിഡ് ഫോണിലാണ് ഈ ആപ്പ് ലഭ്യമാകുക. ആദ്യഘട്ടത്തില്‍ തന്നെ ആയിരത്തോളം പേര്‍ കാഷ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി.

കാശ്മീരിനോട് ഏറെ അടുത്തു നില്‍ക്കുന്നതാണ് കാഷ്ബുക്ക് എന്ന ആപ്പ്. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയ സംവിധാനങ്ങള്‍ പോലെ തന്നെ, ചാറ്റ് ചെയ്യാനും പോസ്റ്റു ചെയ്യാനുമുള്ള സൗകര്യങ്ങള്‍ കാഷ്ബുക്കിനുണ്ട്. കൂടാതെ സാധനങ്ങള്‍ വാങ്ങാനും വില്‍ക്കാനുമുള്ള ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കാഷ്ബുക്ക് ആപ്പ് ഉപയോഗിച്ച് കശ്മീരി ഭാഷയിലും ആശയവിനിമയം നടത്താം എന്നതും പ്രത്യേകതയാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും കാഷ്ബുക്ക് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. 2013 ല്‍ ആപ്പ് ലോഞ്ച് ചെയ്യാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും പിന്നീട് അത് മാറ്റുകയായിരുന്നു. സെയാനും സുഹൃത്തും ചേര്‍ന്ന് മൊബൈല്‍ ഒപ്റ്റിമൈസ്ഡ് വെബാസൈറ്റിനും ആന്‍ഡ്രോയിഡ് ആപ്പിനും രൂപം നല്‍കിയിട്ടുണ്ട്.

പതിനൊന്നം വയസില്‍ എച്ച്ടിഎംഎല്ലും പിന്നീട് സിപ്ലസ് പ്ലസ്, ജാവയും സെയാന്‍ പഠിച്ചു. കമ്പ്യൂട്ടര്‍ എഞ്ചിനീയറാകണമെന്നാണ് സെയാന്‍രെ ആഗ്രഹം. ബിസിനസുകാരനായ പിതാവിന്റേയും ഗവണ്‍മെന്റ് ജീവനക്കാരിയായ അമ്മയുടേയും പൂര്‍ണ്ണപിന്തുണ സെയാനുണ്ട്.

ഇക്കഴിഞ്ഞ ഏപ്രില്‍ പതിനേഴിനാണ് കശ്മീരില്‍ ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ്, ട്വിറ്റര്‍ ഉള്‍പ്പെട്ട 22 ഓളം നവമാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത്. കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ സംബന്ധിച്ച് തെറ്റായ വാര്‍ത്തകര്‍ പ്രചരിക്കുന്നത് തടാന്‍ വേണ്ടിയായിരുന്നു സോഷ്യല്‍ മീഡിയയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ  കശ്മീരില്‍ നിയമാനുസൃതമല്ലാതെ പ്രവര്‍ത്തിക്കുന്ന 34 ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണവും നിര്‍ത്തിവെച്ചിരുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഇത്.  പാകിസ്താന്‍, സൗദി അറേബ്യ, ഇറാഖ് ഉള്‍പടെയുള്ള രാജ്യങ്ങളില്‍ നിന്ന് കേബിള്‍ ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന ചാനലുകള്‍ക്കായിരുന്നു വിലക്ക്.

DONT MISS
Top