സിറിയ തടവിലാക്കിയ രാഷ്ട്രീയ എതിരാളികളെ കൊന്ന് കത്തിക്കുന്നുവെന്ന് ആരോപണവുമായി അമേരിക്ക

യുഎസ് പുറത്തുവിട്ട സാറ്റലൈറ്റ് ചിത്രം

വാഷിങ്ടണ്‍: സിറിയന്‍ ജയിലുകളിലെ രാഷ്ട്രീയ എതിരാളികളെ കൊന്ന ശേഷം തെളിവു നശിപ്പിക്കാന്‍ ശരീരങ്ങള്‍ കത്തിച്ചുകളയുന്നുവെന്ന് സിറിയക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ്. ആഗോള ഉടമ്പടി ലംഘിച്ച് ബഷര്‍ അസദ് ഗവണ്മെന്റ് രാസായുധാക്രമണം നടത്താറുണ്ടെന്ന ട്രംപ് ഭരണകൂടത്തിന്റെ ആരോപണത്തിന് പുറമേയാണ് തടവുകാരെ കൊന്ന് തെളിവുനശിപ്പിക്കാന്‍ മൃതദേഹങ്ങള്‍ കത്തിച്ചുകളയുന്നു എന്ന ആരോപണം.സിറിയയില്‍ കഴിഞ്ഞ മാസം ബഷര്‍ ഭരണകൂടം നടത്തിയ രാസായുധാക്രമണത്തെത്തുടര്‍ന്ന് യുഎസ് ഒരു ഗവണ്മെന്റ് എയര്‍ ബേസില്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തിനു പിന്നാലെയാണ് സിറിയ തടവുകാരെ കൂട്ടക്കൊല ചെയ്യുന്നു എന്ന ആരോപണമുന്നയിക്കുന്നത്.

“ഏകദേശം 50തടവുകാരെയെങ്കിലും ഒരു ദിവസം സിറിയ കൊലപ്പെടുത്തുന്നുണ്ട്. സെയ്ദ്‌നയ മിലിട്ടറി പ്രിസണിലാണ് കൊലപാതകങ്ങള്‍ നടക്കുന്നത്. തെളിവ് നശിപ്പിക്കാനായി ഈ ശരീരങ്ങളെല്ലാം ശ്മശാനത്തില്‍ ദഹിപ്പിക്കുകയാണ് ചെയ്യുന്നത്.” അനീതിയുടെ ക്രൂരമുഖമായി ബഷര്‍ അസദിനെ ചൂണ്ടിക്കാട്ടിക്കൊണ്ട് മിഡില്‍ ഈസ്റ്റിന്റെ യുഎസ് നയനതന്ത്രജ്ഞന്‍ സ്റ്റുവര്‍ട്ട് ജോണ്‍സ് പറഞ്ഞു. മധ്യേഷ്യന്‍ രാജ്യങ്ങളുടെ ഭരണാധികാരികളുമായി ട്രംപ് കൂടിക്കാഴ്ചകള്‍ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യുഎസ് സിറിയക്കെതിരെ കടുത്ത ആരോപണമുന്നയിച്ചിരിക്കുന്നത്.

എല്ലാ ഗവണ്മെന്റുകളും ആറുവര്‍ഷത്തിലേറെയായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അതിവേഗ നടപടിയുണ്ടാക്കാന്‍ യുഎസ് ശക്തമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, സിറിയയില്‍ ഭരണമാറ്റം വേണമെന്ന മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമയുടെ നിര്‍ദേശത്തെ ട്രംപ് പിന്തുണയ്ക്കുന്നില്ല എന്നാണ് ട്രംപിന്റെ വക്താക്കള്‍ പറയുന്നത്. നേതൃത്വത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ സിറിയന്‍ ജനങ്ങള്‍ തന്നെ തീരുമാനിക്കട്ടെ എന്ന നിലപാടായിരുന്നു കഴിഞ്ഞ മാസം വരെ ട്രംപ് ഭരണകൂടത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. അസദിന് സിറിയയില്‍ ദീര്‍ഘകാല സമാധാനം സ്ഥാപിക്കാന്‍ കഴിയില്ലെന്നാണ് രാസായുധാക്രമണത്തിനുശേഷം ട്രംപ് ഭരണകൂടം നിരീക്ഷിക്കുന്നത്.

പ്രിസണിനോട് ചേര്‍ന്ന് നിര്‍മിച്ച ക്രമെറ്റോറിയത്തിന്റെ സാറ്റലൈറ്റ് ചിത്രങ്ങള്‍ യുഎസ് പുറത്തുവിട്ടിട്ടുണ്ട്. 2013 മുതല്‍ എടുത്തുതുടങ്ങിയ ഇത്തരം ചിത്രങ്ങളില്‍ കാണുന്ന കെട്ടിടം ശവശരീരങ്ങള്‍ കത്തിക്കാനുള്ളതാണ് എന്നാണ് യുഎസിന്റെ വാദം.

DONT MISS
Top