ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തരകൊറിയ? സാധ്യതകള്‍ പുറത്തുവിട്ട് സൈബര്‍ സുരക്ഷാ വിദഗ്ധര്‍

ആഗോള ഡിജിറ്റല്‍ ശൃംഖലയെ വിറപ്പിച്ച റാന്‍സംവെയര്‍ സൈബര്‍ ആക്രമണത്തിനു പിന്നില്‍ ഉത്തര കൊറിയ ആണെന്ന സംശയങ്ങള്‍ പുറത്തുവിട്ട് ആഗോള മാധ്യമങ്ങള്‍. ആഗോള തലത്തിലുള്ള സൈബര്‍ സുരക്ഷാ വിദഗ്ദരാണ് ഇത്തരത്തിലൊരു സംശയവും അതിനുള്ള സാധ്യതകളും പങ്കുവയ്ക്കുന്നത്.

വാനാക്രൈ വേര്‍ഷന്‍ ഒന്നിനെ കണ്ടെത്തി വിശകലനം ചെയ്യാന്‍ ലോകത്തെ സൈബര്‍ സെക്യൂരിറ്റി വിദഗ്ധര്‍ക്ക് സാധിച്ചിട്ടുണ്ട്. വൈറസിനെ വിശകലനം ചെയ്തതില്‍ നിന്നും നോര്‍ത്ത് കൊറിയന്‍ ഹാക്കേഴ്‌സ് മുന്‍പ് ഉപയോഗിച്ചിരുന്ന വൈറസുമായി വാനാക്രൈക്ക് സാമ്യമുണ്ടെന്ന് ദക്ഷിണ കൊറിയയില്‍ നിന്നുള്ള സൈബര്‍ ലാബായ ഹൗറി ലാബില്‍ നിന്നുള്ള വിദഗ്ധര്‍ പറയുന്നു. സമാനമായ പരിശോധനഫലമാണ് സിമാന്റെക് ലാബില്‍ നിന്നും കാസ്‌പേര്‍സ്‌കി ലാബില്‍ നിന്നും ലഭിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. രണ്ടിലും ഉപയോഗിച്ചിരിക്കുന്നത് സമാനമായ കോഡ് ആണെന്നും ഉത്തരകൊറിയയില്‍ നിന്നുള്ള പല ഹാക്കര്‍മാരും നേരത്തെ ഈ കോഡ് ഉപയോഗിച്ചിരുന്നതായും ഇവര്‍ കണ്ടെത്തിയിട്ടുണ്ട്.

ലോകത്തെ പ്രമുഖ ആന്റി വൈറസ് കമ്പനികളെല്ലാം സമാനമായ കണ്ടെത്തലുകളാണ് പങ്കുവയ്ക്കുന്നത്. വാനാക്രൈ വൈറസിന് ഉത്തരകൊറിയയുമായി ബന്ധമുണ്ടെന്ന സംശയത്തെ സാധൂകരിക്കുന്നതാണ് ഈ സൈബര്‍ വിശകലനങ്ങള്‍. പല രാജ്യങ്ങളില്‍ നിന്നുമുള്ള പരിശോധനകള്‍ പുരോഗമിക്കുകയാണ്. അതേസമയം ഇപ്പോള്‍ പുറത്തുവരുന്ന ഈ റിപ്പോര്‍ട്ടുകള്‍ക്ക് വളരെ മുന്‍പ് തന്നെ തങ്ങള്‍ ഈ ഉത്തരകൊറിയന്‍ സൈബര്‍ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നതായി കാസ്‌പേര്‍സ്‌കി വൃത്തങ്ങള്‍ പറഞ്ഞു.

150 രാജ്യങ്ങളിലായി മൂന്ന് ലക്ഷത്തോളം കമ്പ്യൂട്ടറുകളെയാണ് വാനൈക്രൈ ബാധിച്ചിരിക്കുന്നത്. ലോകത്ത് എക്കാലവും നടന്നതില്‍ ഏറ്റവും വലിയ സൈബര്‍ ആക്രമണമെന്നാണ് റാന്‍സംവെയര്‍ ആക്രമണത്തെ കണക്കുകൂട്ടുന്നത്. കമ്പ്യൂട്ടറുകളെ ലോക്ക് ചെയ്ത് ഫയലുകളെ ഓപ്പണ്‍ ചെയ്യാന്‍ സാധിക്കാത്ത തരത്തില്‍ രഹസ്യകോഡാക്കി മാറ്റുകയാണ് ഈ ആക്രമണത്തിലൂടെ നടക്കുന്നത്. ഫയലുകള്‍ തിരികെ ലഭിക്കാനായി 300 ഡോളര്‍ ബിറ്റ് കോയിന്‍ ബിഡ് ചെയ്തുകൊണ്ടാണ് ലോകത്താകമാനം ഈ ആക്രമണം വ്യാപിക്കുന്നത്.

ഇന്ത്യന്‍ ബാങ്കിംഗ് മേഖലയേയും റാന്‍സംവെയര്‍ ആക്രമണം സാരമായി ബാധിച്ചേക്കാമെന്നും സൈബര്‍ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കനത്ത സൈബര്‍ സുരക്ഷയാണ് ഇന്ത്യന്‍ ഐടി വിദഗ്ധര്‍ സജ്ജീകരിച്ചിരിക്കുന്നത്. കമ്പനികള്‍ സ്വീകരിക്കേണ്ടതിനെ സംബന്ധിച്ച് വലിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിദഗ്ധര്‍ പുറപ്പെടുവിപ്പിച്ചിട്ടുണ്ട്.

DONT MISS
Top