റാന്‍സംവെയര്‍ ആക്രമണം തടയാന്‍ സംസ്ഥാനത്ത് കനത്ത സൈബര്‍ ജാഗ്രതാ നിര്‍ദ്ദേശം

പ്രതീകാത്മക ചിത്രം

ദില്ലി: വാനാക്രൈ റാന്‍സംവെയര്‍ ആക്രമണത്തിന്റെ തീവ്രതയും വ്യാപനവും കുറഞ്ഞതായി സൂചനകള്‍. സൈബര്‍ ജാഗ്രത ശക്തമായതോടെ വിദഗ്ധര്‍ വാനാക്രൈ തടയാനുള്ള മുന്‍കരുതലുകള്‍ ഉപയോഗിച്ചു തുടങ്ങിയതാണ് ആക്രമണത്തിന്റെ തീവ്രത കുറച്ചത്.

അതേസമയം, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെ ആശങ്കയിലാക്കി ഇന്നലെയും സൈബര്‍ ആക്രമണം തുടര്‍ന്നു. ചൈനയിലെ 29,000 സ്ഥാപനങ്ങളെയാണ് ബാധിച്ചത്. സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പിറസ്‌കിയുടെ കണക്കനുസരിച്ച് ഏറ്റവുമധികം നാശം വിതച്ചത് റഷ്യയിലാണ്. നാശനഷ്ടമുണ്ടെങ്കിലും പ്രോഗ്രാം പടരുന്നതിന്റെ വേഗം കുറഞ്ഞെന്ന് ചൈനീസ് അധികൃതര്‍ വ്യക്തമാക്കി.

അതേസമയം റാന്‍സംവെയര്‍ സൈബര്‍ ആക്രമണം ഇന്ത്യയെ കാര്യമായി ബാധിച്ചില്ലെന്ന് കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ബാങ്കുകള്‍ക്കും മറ്റു സ്ഥാപനങ്ങള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററുമായി (എന്‍ഐസി) ബന്ധപ്പെട്ട സംവിധാനങ്ങള്‍ സുരക്ഷിതമാണ്. കേരളം, ആന്ധ്രപ്രദേശ് സംസ്ഥാനങ്ങളില്‍നിന്നാണ് ചില സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാവിലെതന്നെ കംപ്യൂട്ടറുകളും ആന്റിവൈറസ് പ്രോഗ്രാമുകളും അപ്‌ഡേറ്റ് ചെയ്തശേഷം മാത്രം പ്രവര്‍ത്തനം ആരംഭിച്ചാല്‍ മതിയെന്നാണ് ബാങ്ക് ശാഖകള്‍ക്ക് ലഭിച്ച നിര്‍ദേശം. പുറത്തുനിന്നു വരുന്ന മെയ്‌ലുകളിലെ അറ്റാച്ച്‌മെന്റ് തടയുന്ന സംവിധാനവും ഒരുക്കി. സുരക്ഷ ഉറപ്പാക്കിയശേഷമാണ് എടിഎമ്മുകള്‍ പ്രവര്‍ത്തിപ്പിച്ചത്. ഇതു കാരണം പലയിടത്തും രാവിലെ ഏറെനേരം എടിഎം ഇടപാടുകള്‍ മുടങ്ങി.

അതേ സമയം വയനാട് പത്തനംതിട്ട ജില്ലകള്‍ക്ക് പുറമെ തിരുവനന്തപുരം, കൊല്ലം, തൃശൂര്‍ ജില്ലകളിലെ പഞ്ചായത്തുകളിലും സൈബര്‍ ആക്രമണം റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച രാവിലെയാണ് കംപ്യൂട്ടറുകള്‍ തകരാറിലായിത്തുടങ്ങിയത് ശ്രദ്ധയില്‍പെട്ടത്. എന്നാല്‍ വെള്ളിയാഴ്ച്ച തന്നെ വൈറസ് പ്രവര്‍ത്തിച്ചു തുടങ്ങിയെന്നാണ് കരുതുന്നത്. വാനാക്രൈ സൈബര്‍ ആക്രമണം വ്യാപിക്കാതിരിക്കാന്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍. സ്വീകരിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.

മാസങ്ങള്‍ക്കു മുമ്പുതന്നെ സൈബര്‍ കുറ്റവാളികള്‍ റാന്‍സംവേര്‍ ആക്രമണം തുടങ്ങിയിരുന്നതായി കേരള സൈബര്‍ഡോം നോഡല്‍ ഓഫീസര്‍ ഐ.ജി. മനോജ് എബ്രഹാം പറഞ്ഞു. സൈബര്‍ ആക്രമണങ്ങള്‍ നിരീക്ഷിച്ച് പ്രതിരോധ നടപടികള്‍ സജ്ജമാക്കുന്ന സുരക്ഷാസെന്റര്‍ സ്ഥാപിക്കുന്നതിനുള്ള നടപടികളെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. റാന്‍സംവേര്‍ പടരുന്നത് തടയാനായി സ്റ്റേറ്റ് ഡാറ്റ സെന്ററില്‍ ഇതുമായി ബന്ധപ്പെട്ട പോര്‍ട്ട് ശനിയാഴ്ചതന്നെ ബന്ധം വിച്ഛേദിച്ചിട്ടുണ്ട്.

DONT MISS
Top