മഹാരാഷ്ട്രയിലെ ഗ്രാമങ്ങളില്‍ കരടിയുടെ ആക്രമണത്തെ ഭയന്ന് ജനങ്ങള്‍; പരാതിപെട്ടിട്ടും നടപടിയില്ല

മുംബൈ: മഹാരാഷ്ട്രയിലെ ഉള്‍ഗ്രാമങ്ങളില്‍ കരടിയുടെ ആക്രമണത്തെ ഭയന്ന് ജനങ്ങള്‍. പ്രധാനമായും ബുല്‍ധാന ജില്ലയിലാണ് കരടിയുടെ ആക്രമണം ശക്തമായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ നാലോളം പേരെ കരടി ആക്രമിച്ചു കൊന്നു. പതിനേവ് പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരുക്കേറ്റിട്ടുണ്ട്.

ധ്യാന്‍ഗംഗ വൈല്‍ഡ് ലൈഫ് സാന്‍ച്വറി ബുല്‍ധാനയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നുമാണ് കരടി ഗ്രാമത്തിലിറങ്ങുന്നത്. വന്യജീവി സംരക്ഷണ കേന്ദ്രത്തേയും ഗ്രാമത്തേയും വേര്‍തിരിക്കുന്നത് പ്രത്യേക സുരക്ഷാ മാര്‍ഗങ്ങളൊന്നും അവലംബിച്ചിട്ടില്ല. ഇവിടുത്തെ കമ്പി വേലി മറികടന്നാണ് കരടിക്കൂട്ടങ്ങള്‍ ഗ്രാമവാസികളെ ആക്രമിക്കാനെത്തുന്നത്.

വരള്‍ച്ച രൂക്ഷമായതോടെ വെള്ളം തേടിയാണ് കരടികള്‍ നാട്ടിലെത്തുന്നത്. രാത്രി കാലങ്ങളില്‍ പ്രാഥമിക കൃത്യങ്ങള്‍ക്കും മറ്റും പുറത്തിറങ്ങുന്നവര്‍ ഇവയുടെ ആക്രമണത്തിനിരയാകുന്നു. കരടിയുടെ ആക്രമണം സംബന്ധിച്ച് ജനങ്ങള്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെങ്കിലും വേണ്ട നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല. കരടിയുടെ ആക്രമണത്തില്‍ പ്രാണഭയവുമായി ജീവിതം തള്ളിനീക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍, ബന്ധപ്പെട്ടവര്‍ കണ്ണുതുറക്കുമെന്ന പ്രതീക്ഷയോടെ.

DONT MISS
Top