ഭാരത് മാതാ വിളിക്കാത്തവരുടെ തലവെട്ടണമെന്ന പ്രസ്താവന നടത്തിയ ബാബാ രാംദേവിനെതിരെ ഹരിയാന ഹൈക്കോടതിയുടെ വാറണ്ട്

ബാബാ രാംദേവ്

ഹരിയാന: ഭാരത് മാതാ വിളിക്കാത്തവരുടെ തലവെട്ടണമെന്ന് പ്രസ്താവന നടത്തിയ യോഗഗുരു ബാബാ രാംദേവിനെതിരെ ഹരിയാന ഹൈക്കോടതി വാറണ്ട് അയച്ചു. അഡീഷ്ണല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഹരീഷ് ഗോയല്‍ ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് രാംദേവിനെതിരെ വാറണ്ട് അയച്ചത്. ഇദ്ദേഹത്തിനെതിരെ നേരത്തെ കേസെടുക്കുകയും, സമന്‍സ് അയച്ചിരുന്നെങ്കിലും രാംദേവ് കോടതിയില്‍ ഹാജരായിരുന്നില്ല.

രാജ്യത്തെ സമാധാനത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രസ്താവനകള്‍ പറഞ്ഞതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 506, 504 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സംഘടിപ്പിച്ച റാലിയില്‍ വെച്ചാണ് രാംദേവ് വിവാദ പ്രസ്താവന നടത്തുന്നത്.

ഭാരത് മാതാ കി ജയ് വിളിക്കാത്ത നൂറുകണക്കിന് പേരുടെ തല കൊയ്യണമെന്നായിരുന്നു രാംദേവിന്റെ പ്രസ്താവന. പ്രസ്താവനയെ തുടര്‍ന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സുഭാഷ് ബത്ര രാംദേവിനെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. രാംദേവിനെതിരെ എഫ് ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.  എന്നാല്‍ പൊലീസ് രാംദേവിനെതിരെ കേസെടുക്കാന്‍ തയ്യാറാകാതിരുന്നതോടെയാണ് കോടതിയെ സമീപിച്ചതെന്ന് സുഭാഷ് ബത്ര പറഞ്ഞു.

DONT MISS
Top