പോര്‍ച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ദില്ലി:  അണ്ടര്‍ 17 ലോകകപ്പിന്റെ ഭാഗമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ജൂലൈയില്‍ മുംബൈയില്‍ വെച്ചാണ് അണ്ടര്‍ 17 ലോകകപ്പ്. മത്സരക്രമങ്ങളുടെ നറുക്കെടുപ്പിന്റെ ഭാഗമായാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇന്ത്യ സന്ദര്‍ശിക്കുക.

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രസിഡന്റ് പ്രഫുല്‍ പട്ടേല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണം നടത്തിയിട്ടുണ്ട്. എന്നാല്‍ പോര്‍ച്ചുഗീസ് താരമായ റൊണാള്‍ഡോയുടെ സൗകര്യം കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനം കൈകൊള്ളുകയെന്ന് ഫെഡറേഷന്‍ അറിയിച്ചു. ഇത് സംബന്ധിച്ച് പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഫെഡറേഷനുമായും റൊണാള്‍ഡോയുടെ ഏജന്റുമായും ഫെഡറേഷന്‍ ചര്‍ച്ച നടത്തിയതായും അധികൃതര്‍ അറിയിച്ചു.

അതേസമയം തനിക്ക് സഞ്ചരിക്കാന്‍ ആഗ്രഹമുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറയുന്ന വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായികഴിഞ്ഞു. ഇന്ത്യന്‍ ഫാന്‍സിന്റെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് താരം   പറയുന്നത്. ഇന്ത്യയിലേക്ക് ഉടനെതന്നെ പോകുമെന്നും റൊണാള്‍ഡോ വീഡിയോയില്‍ പറയുന്നുണ്ട്.

കൊച്ചിയടക്കം ഇന്ത്യയിലെ ആറ് വേദികളിലായാണ് ഫിഫ അണ്ടര്‍ 17 ലോകകപ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ഒക്ടോബര്‍ ആറ് മുതല്‍ നടക്കുന്ന മത്സരത്തിന്റെ ഫൈനല്‍ കൊല്‍ക്കത്തയിലാണ്. 24 ടീമുകളാണ് മത്സരത്തിനായി ഒരുങ്ങുന്നത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പങ്കുവെച്ച വീഡിയോ

DONT MISS
Top